താമ്രക്കടൽ

താമ്രക്കടൽ (brazen sea)

ശലോമോൻ ദൈവാലയത്തിന്റെ മുമ്പിൽ താമ്രക്കാളകളുടെ പുറത്തുവച്ചിരുന്ന താമ്രപാത്രം. (1രാജാ, 7:23-44; യിരെ, 52:17). താമ്രം കൊണ്ടുള്ള പണി ചെയ്യുന്നതിന് ശലോമോൻ രാജാവ് സോരിൽ നിന്നു ഹീരാമിനെ വരുത്തി. ഈ താമ്രക്കടൽ നിർമ്മിച്ചത് ഹീരാം ആയിരുന്നു. ദാവീദ് കൊളളയായി പിടിച്ച താമ്രമാണ് താമ്രക്കടൽ നിർമ്മാണത്തിന് ഉപയോഗിച്ചത്. (1ദിന, 18:8). സമാഗമനകൂടാരത്തിൽ താമത്തൊട്ടി വച്ചിരുന്ന സ്ഥാനത്തിനു (പുറ, 30:18) സമാന്തരമായാണ് താമ്രക്കടൽ വച്ചിരുന്നതെങ്കിൽ, അതിന്റെ സ്ഥാനം ദൈവാലയത്തിലേക്കുള്ള പ്രവേശനത്തിൽ യാഗപീഠത്തിനു മുമ്പിലാണ്. താമ്രപാത്രം പ്രന്തണ്ടു കാളപ്പുറത്താണു വച്ചിരുന്നത്. കാളകൾ മൂന്നെണ്ണം വീതം ഓരോ ദിക്കിലേക്കു തിരിഞ്ഞിരുന്നു. വടക്കോട്ടു മൂന്നു, പടിഞ്ഞാറോട്ടു മൂന്നു, തെക്കോട്ടു മൂന്നു, കിഴക്കോട്ടു മൂന്ന്. കാളകളുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു. പാത്രം വൃത്താകാരമായിരുന്നു. അതിന് പത്തു മുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആയിരുന്നു. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. അതിന്റെ വക്ക് പുറത്തോട്ട് മലർന്നിരുന്നു. അതു പാനപാത്രത്തിൻ്റെ വക്കുപോലെ താമരപ്പൂവിൻ്റെ ആകൃതിയിൽ ഉള്ളതായിരുന്നു . താമ്രക്കടൽ ഗോളാകാരമായിരുന്നു എന്നു ജൊസീഫസ് പറയുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ അതിന് സിലിണ്ടറാകൃതിയാണ്. പുരോഹിതന്മാർക്കു കഴുകുന്നതിനു അതിൽ വെളളം നിറച്ചിരുന്നു. ആഹാസ് രാജാവിന്റെ കാലത്തു താമ്രക്കടലിനെ താമ്രക്കാളകളുടെ പുറത്തു നിന്നിറക്കി കല്ത്തളത്തിന്മേൽ വെച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബൂഖദ്നേസർ യെരൂശലേം പിടിച്ചപ്പോൾ കടൽ ഉടച്ച് താമ്രം ബാബേലിലേക്കു കൊണ്ടുപോയി. 

താമ്രക്കടലിന്റെ നിർമ്മാണം സീറോ ഫിനിഷ്യൻ സ്വാധീനവും വിശ്വദേവതാ സൂചനയും വ്യക്തമാക്കുന്നു. പ്രാചീനകാലത്തു കടലിന് ദിവ്യശക്തി ഉളളതായി കരുതപ്പെട്ടിരുന്നു. ജീവൻ്റെയും സന്തത്യുത്പാദനത്തിന്റെയും ഉറവിടമാണ് ഭൂഗർഭ ശുദ്ധജല സമുദം. മെസൊപ്പൊട്ടേമിയയിൽ കടൽ അഥവാ അപ്സു എന്ന പദം ജലത്തിനും ക്ഷേത്രത്തിൽ വച്ചിരുന്ന വിശുദ്ധ ജലപാതത്തിനും പ്രയോഗിച്ചിരുന്നു. താമ്രക്കടലിനു പിന്നിൽ ഈ വ്യംഗ്യസൂചന ഇല്ലായിരുന്നുവെന്നു തീർത്തു പറയുവാൻ നിവൃത്തിയില്ല. ശലോമോൻ നിർമ്മിച്ച തൊട്ടികൾക്കും താമ്രക്കടലിനും പരസ്പര ബന്ധമുണ്ടായിരുന്നു. ബാബിലോന്യ ക്ഷേത്രങ്ങളിൽ തൊട്ടികളും കടലും ഉണ്ടായിരുന്നു എന്നതും സ്മർത്തവ്യമാണ്.

യഹോവയ്ക്ക് സദൃശനും തുല്യനും ആർ?

യഹോവയ്ക്ക് സദൃശനും തുല്യനും ആർ?

”സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6. ഒ.നോ: (പുറ, 15:11; സങ്കീ, 35:10; 71:19; 113:5; യെശ, 40:18, 25; 46:5; മീഖാ, 7:18). നിഷേധാർത്ഥത്തിൽ ഒരു വെല്ലുവിളിയോടെയാണ് പരിശുദ്ധാത്മാവ് ഈ ചോദ്യം ചോദിക്കുന്നത്. കാരണം; യഹോവയ്ക്ക് സദൃശനായും തുല്യനായും സ്വർഗ്ഗത്തിലും ഭൂമിയിലും ആരുമില്ലെന്നും (സങ്കീ, 40:5; 86:8; യിരെ, 10:6, 7); യഹോവയെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും യാതൊരു ദൈവമില്ലെന്നും (1രാജാ, 8:23; ആവ, 3:24: യോശു, 2:11; 2ദിന, 6:14); സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയെപ്പോലെ മറ്റൊരുത്തനുമില്ലെന്നും (ആവ, 4:39); സർവ്വഭൂമിയിലും യഹോവയെപ്പോലെ മറ്റൊരുത്തനുമില്ലെന്നും (പുറ, 9:14); ഞാൻ യഹോവയാകുന്നു ഞാനല്ലാതെ മറ്റൊരുത്തനുമില്ലെന്നും (യെശ, 45:5,6) പരിശുദ്ധാത്മാവിനാൽ ബൈബിൾ എഴുത്തുകാരും യഹോവതന്നെയും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

പരിശുദ്ധാത്മാവ് ഏതോ സമസ്യയ്ക്ക് ഉത്തരം തേടുകയാണെന്ന് കരുതിയിട്ടാണോ എന്തോ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ത്രിത്വം പഠിപ്പിക്കുന്നു; ”യഹോവയ്ക്ക് തുല്യനായി യേശുവും പരിശുദ്ധാത്മാവും ഉണ്ടു.” ത്രിത്വോപദേശപ്രകാരം യഹോവയും പുത്രനും പരിശുദ്ധാത്മാവുമാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ. ഈ ഉപദേശം നിലനില്ക്കണമെങ്കിൽ എല്ലാ ഗുണങ്ങളും തുല്യമായുള്ള മൂന്നു വ്യത്യസ്ത വ്യക്തികൾ വേണം. അതായത്, യഹോവയല്ല യേശുക്രിസ്തു; യേശുവല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല യഹോവ. ‘ദൈവം ഏകൻ’ എന്നു ബൈബിൾ പറയുന്നതിനെ ത്രിത്വം വ്യാഖ്യാനിക്കുന്നത്; “ജാതികളുടെ ദൈവങ്ങളിൽ നിന്നു സത്യദൈവത്തെ വേർതിരിച്ചു കാണിക്കാനാണ് ദൈവം ഏകൻ എന്നു പറഞ്ഞിരിക്കുന്നത്.” ഇതൊരർത്ഥത്തിൽ ശരിയാണ്. കാരണം: ജാതികൾക്ക് അനവധിയായ ദേവീദേവന്മാർ ഉള്ളതുകൊണ്ട് തൻ്റെ ജനം ജാതികളോട് ഇടകലരാതിരിക്കാനും അവരുടെ മിഥ്യാമൂർത്തികളിലേക്ക് തിരിയാതിരിക്കാനും ബൈബിളിലുടനീളം യിസ്രായേലിന് ഭയനിർദ്ദേശം നല്കിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. എന്നുവെച്ചാൽ ത്രിത്വക്കാർ എന്താണ് മനസ്സിലാക്കുന്നത്? മൂന്നു വ്യത്യസ്ത വ്യക്തികളുള്ള അഥവാ, ബഹുത്വമുള്ള നമ്മുടെ ദൈവം സ്വന്തജനത്തോട് താൻ ഏകനാണെന്ന് കള്ളം പറയുകയായിരുന്നെന്നോ??? അതുപോട്ടെ; യഹോവയെപ്പോലെ ആരുമില്ല, ഒരുത്തനുമില്ല, മറ്റൊരുത്തനുമില്ല എന്നുപറഞ്ഞാൽ എന്താണർത്ഥം? യഹോവ ത്രിത്വത്തിലെ മൂന്നു വ്യക്തികളിൽ ഒരുത്തൻ മാത്രമാണെന്നോർക്കണം. ഇതു ജാതികളുടെ ദൈവങ്ങളിൽനിന്നു വേർതിരിച്ചു കാണിക്കാൻ മാത്രമാണോ പറയുന്നത്??? അങ്ങനെയെങ്കിൽ മൂന്നു വ്യക്തികളേയും ചേർത്ത് ഞങ്ങളെപ്പോലെ ആരുമില്ലെന്നല്ലേ യഹോവ പറയേണ്ടത്? അല്ലെങ്കിൽ അവരെപ്പോലെ ആരുമില്ലെന്നല്ലേ പഴയനിയമ എഴുത്തുകാർ പറയേണ്ടത്? അതുംപോട്ടെ; സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയ്ക്ക് സദൃശനും തുല്യനുമില്ലെന്ന് ബൈബിൾ പറയുമ്പോൾ എന്തുചെയ്യും??? ജാതികളുടെ ദേവന്മാർ സ്വർഗ്ഗത്തിലാണോ അട്ടിപ്പേർ കിടക്കുന്നത്? അല്ലല്ലോ; പിന്നെന്തുചെയ്യും? പൗലൊസ് പറയുന്നു; “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും ‘പിതാവായ ഏക ദൈവമേ’ നമുക്കുള്ളു.” (1കൊരി, 8:5,6). ജാതികൾക്ക് ദേവന്മാർ ഉണ്ടെന്നുവന്നാലും ഭൂമിയിലോ ആകശമണ്ഡലത്തിലോ കണ്ടേക്കാം; സ്വർഗ്ഗത്തിൽ അവർക്ക് സ്ഥാനമൊന്നുമില്ല. നിർഭാഗ്യകരം ത്രിത്വക്കാരെ: യഹോവയെന്ന വ്യക്തിയെപ്പോലെ മറ്റൊരു വ്യക്തിയും സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പറയുന്നത്. അപ്പോൾ ത്രിത്വത്തിലെ യഹോവയോടു സമത്വമുള്ളതും വ്യത്യസ്തരുമായ മറ്റുരണ്ടു വ്യക്തികൾ എവിടെയാണുള്ളതെന്ന് ത്രിത്വപണ്ഡിതന്മാർ പറഞ്ഞാട്ടെ???…

‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ (1കൊരി, 8:5,6) എന്നു പൗലൊസ് കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. മുസ്ലിങ്ങൾ പൗലൊസിനെ അംഗീകരിക്കാത്തതുപോലെ, ഇക്കാര്യത്തിൽ ത്രിത്വക്കാരും അംഗീകരിക്കുന്നില്ല. പൗലൊസിനെ തള്ളിയാൽ ക്രിസ്തുവിനെയും നിങ്ങൾക്ക് തള്ളേണ്ടിവരും. ‘പിതാവ് മാത്രമാണ് സത്യദൈവം’ (The only true God: യോഹ, 17:3) എന്നാണ് യേശുവും പറയുന്നത്. ത്രിത്വമഹാന്മാർ ചോദിക്കുന്നത്; ”ദൈവത്തെ അഥവാ, യഹോവയെ ‘ഒറ്റയാൻ’ എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല; ഉണ്ടെങ്കിൽ കാണിക്കാനാണ്.” ബൈബിൾ വായിക്കാത്തതിൻ്റെ കുഴപ്പമാണ്. “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (2രാജാ, 19:15). “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19). “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18). “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20). മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം യഹോവ ഒറ്റയാൻ (alone, only) ആണ്. കെരൂബുകൾക്ക് മീതെ യഹോവയെക്കൂടാതെ മറ്റാരെയെങ്കിലും ത്രിത്വം കണ്ടിട്ടുണ്ടോ??? കെരൂബുകൾക്ക് മീതെ അധിവസിക്കുന്നവനും സർവ്വഭൂമിക്കുംമീതെ അത്യുന്നതനും സർവ്വരാജ്യങ്ങൾക്കും ദൈവമായ ഏകവ്യക്തിയെക്കുറിച്ചാണ് ബൈബിൾ പഠിപ്പിക്കുന്നത്. ത്രിത്വക്കാരെ, യഹോവയിൽനിന്നു വ്യത്യസ്തനാണ് യേശുവും പരിശുദ്ധാത്മാവുമെന്ന് പഠിപ്പിക്കുകവഴി സത്യത്തിൽ നിങ്ങൾ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലന്നോ? അതേ നടക്കൂ; അതാണല്ലോ സാത്താൻ നിങ്ങളിലൂടെ ആഗ്രഹിക്കുന്നതും.

ത്രിത്വത്തിനു തെളിവായിട്ട് പണ്ഡിതന്മാർ ബൈബിളിലെ ഒരുവാക്യം ചൂണ്ടിക്കാണിക്കാറുണ്ട്; “നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” (യെശ, 48:16). യെശയ്യാവ് 1-മുതൽ 39-വരെ അദ്ധ്യായങ്ങളിൽ: യിസ്രായേലിനെയും യെരൂശലേമിനെയും സംബന്ധിക്കുന്നതും, ജാതിക്കൾക്ക് എതിരെയുള്ളതും, രാജ്യസ്ഥാപനത്തെ സംബന്ധിക്കുന്നതും, യെഹൂദയെയും അശ്ശൂരിനെയും സംബന്ധിച്ചുള്ളതും, ഹിസ്ക്കീയാ രാജാവിൻ്റെ വാഴ്ച സംബന്ധവുമായ പ്രവചനങ്ങളുമാണ്. 40-ാം അദ്ധ്യായം മുതൽ കാണുന്നത്; യിസ്രായേലിൻ്റെ ഭാവിമഹത്വവും ബാബിലോണിൻ്റെ തകർച്ചയും ബാബേൽ പ്രവാസത്തിൽ നിന്നുള്ള വിടുതലും വീണ്ടെടുപ്പുകാരനായ സാക്ഷാൽ മശീഹായെക്കുറിച്ചുള്ള പ്രവചനങ്ങളുമാണ്. 40-ാം അദ്ധ്യായം സാക്ഷാൽ മശീഹയെ കുറിച്ചുള്ളതാണ്. അഥവാ, യഹോവ ‘പുത്രൻ’ എന്ന അഭിധാനത്തിൽ മനുഷ്യനായി വെളിപ്പെടുന്നതും മഹത്വത്തിൽ വരുന്നതിനെക്കുറിച്ചുമുള്ള പ്രവചനമാണ്. 41-ൽ അഭിഷിക്തനായ കോരെശിനെക്കുറിച്ചുള്ള പ്രവചനമാണ്.(41:25). 42-ൽ വീണ്ടും മശീഹയെ കാണാം. 43-മുതൽ 48-വരെ വീണ്ടും കോരെശിനെക്കുറിച്ചുള്ള പ്രവചനമാണ്. (44:28; 45:1-13; 48:14,15). വീണ്ടും 49-മുതൽ സാക്ഷാൽ മശീഹയെ കാണാം. യെശയ്യാവ് 48:16-ൽ ഉള്ളത് യേശുക്രിസ്തുവുമല്ല; അഭിഷിക്തനായ കോരെശുമല്ല; യഹോവയും യെശയ്യാവും യഹോവയുടെ ആത്മാവുമാണ്. മേല്പറഞ്ഞ വാക്യത്തിന് കൃത്യമായി രണ്ടു ഭാഗങ്ങളുണ്ട്. അതിനെ KJV ഒഴികെയുള്ളയുള്ള ബൈബിളുകളെല്ലാം NKJV അടക്കം പൂർണ്ണവിരാമം (full stop) ഇട്ടുകൊണ്ട് രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സത്യവേദപുസ്തകം കെ.ജെ.വി.യെ പിൻതുടർന്ന് അർദ്ധവിരാമമാണ് ഇട്ടിരിക്കുന്നത്. അതിൻ്റെ ഒന്നാമത്തെ ഭാഗത്ത് ”നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു.” ഇവിടെ ‘ഞാൻ’ എന്നു ഉത്തമപുരുഷ സർവ്വനാമത്തിൽ പറയുന്നയാൾ മുളിലത്തെ വാക്യങ്ങളിൽ കാണുന്ന ഉത്തമപുരുഷൻ തന്നെയാണ്. അത് യഹോവയല്ലാതെ മറ്റാരുമല്ല. (3, 5, 9,10,11,12,13, 15). ”ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു” എന്നു യഹോവ പറയുന്ന വേറെയും പരാമർശം മുന്നദ്ധ്യായത്തിൽ ഉണ്ട്. (45:19). ”അതിൻ്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു” എന്നു പറയുന്നത് ബാബേൽ പട്ടണത്തെക്കുറിച്ചാണ്. (ഉല്പ, 10:10). അടുത്തഭാഗം: ”ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്നു പറയുന്നത് യെശയ്യാ പ്രവാചകനാണ്. ബാബേൽ പ്രവാസത്തിൽനിന്നു അഭിഷിക്തനായ കോരെശ് മുഖാന്തരം യിസ്രായേലിനെ വിടുവിക്കുന്നതിനെക്കുറിച്ച് (41:25; 44:28; 45:1-13) അവരോടു പറയാൻ അയച്ചിരിക്കുകയാണ് യെശയ്യാവിനെ. ഇതു കൃത്യമായി മനസ്സിലാക്കാൻ World Bible Translation center (ERV) മലയാളം പരിഭാഷയിൽനിന്നു 15,16 വാക്യങ്ങൾ ചേർക്കുന്നു: യഹോവ പറയുന്നു, “അവനെ ഞാൻ വിളിക്കുമെന്നു ഞാൻ നിങ്ങളോടു പറഞ്ഞതാണ്. അവനെ ഞാൻ കൊണ്ടുവരികയും ചെയ്യും! അവനെ ഞാൻ വിജയിപ്പിക്കും. ഇവിടെ വന്ന് എന്നെ ശ്രവിക്കുക! ബാബിലോൺ ഒരു രാഷ്ട്രമായി ആരംഭിച്ചപ്പോൾ ഞാനവിടെയുണ്ടായിരുന്നു. ഞാൻ പറയുന്നത് ആളുകൾ മനസ്സിലാക്കുന്നതിന് ആരംഭം മുതൽക്കേ ഞാൻ വ്യക്തമായി സംസാരിച്ചിരുന്നു.” അനന്തരം യെശയ്യാവ് പറഞ്ഞു, “ഇപ്പോൾ എൻ്റെ യജമാനനായ യഹോവ എന്നെയും അവൻ്റെ ആത്മാവിനെയും നിങ്ങളോടിതു പറയാനയയ്ക്കുന്നു.” (യെശ, 48:15:16). ഇവിടെ യഹോവയുടെ ഭാഷണവും യെശയ്യാവിൻ്റെ ഭാഷണവും ഉദ്ധരണിചിഹ്നങ്ങളിട്ടു (quotation-marks) പ്രത്യേകം വേർതിരിച്ചിട്ടുണ്ട്. ജനനത്തിനു മുമ്പേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏഴുപേരിൽ ഒരാളാണ് കോരെശ്. അവൻ ജനിക്കുന്നതിനും 170 വർഷങ്ങൾക്ക് മുമ്പാണ് അവനെക്കുറിച്ചുള്ള ഈ പ്രവചനം. യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് 2ദിനവൃത്താന്തത്തിലും (36:22-23) എസ്രായിലുമുള്ളത്. (1:1,2). ബാബേൽ പ്രവാസത്തിൽ നിന്നുള്ള വിടുതലാണ് യെശയ്യാ 48:14-16-ലെ വിഷയം. 20-ാം വാക്യം: ”ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.” 15-ാം വാക്യത്തിൽ യഹോവ പറയുന്നു: “ഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.” സ്വർഗ്ഗത്തിൽ യഹോവയോടു കൂടെയുള്ള നിത്യപുത്രനാണ് യേശുവെന്നാണല്ലോ വെയ്പ്പ്. അങ്ങനെയെങ്കിൽ ‘ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു’ എന്നാണോ; ‘ഞാൻ അവനെ അയച്ചിരിക്കുന്നു’ എന്നല്ലേ പറയേണ്ടത്? 41:25-ൽ ‘ഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു’ എന്നു യഹോവ പറയുന്നതും കോരെശാണ്. ദാനീയേൽ കടലിൽനിന്നു കയറിവരുന്നതായി കണ്ട കരടി സദൃശമായ മൃഗവും (7:5), ആട്ടുകൊറ്റൻ്റെ വലിയ കൊമ്പും (8:1-4) പാർസി രാജാവായ കോരെശാണ്. യിരെമ്യാവാണ് ബാബേൽ പ്രവാസം എഴുപതു സംവത്സരമാണെന്ന് പ്രവചിച്ചത്. എഴുപത് വർഷം തികയുമ്പോൾ യഹോവ ബാബേൽ സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കും എന്നാണ് പ്രവചനം. (25:11,12; 29:10). അതിനു തിരഞ്ഞെടുത്ത അഭിഷിക്തനാണ് കോരെശ്.

ദൈവം നമുക്കു നല്കിയിരിക്കുന്ന ബുദ്ധിയെയും യുക്തിയെയും ആത്മാവിനെയും അതിലംഘിച്ചുകൊണ്ട് യെശയ്യാ 48:16-ലുള്ളത് ദൈവപുത്രനായ യേശുക്രിസ്തുവാണെന്ന് വിശ്വസിക്കാം. പ്രവാസത്തിൽനിന്നു യിസ്രായേലിനെ വിടുവിക്കുവാൻ ദൈവം തൻ്റെ നിത്യപുത്രനായ യേശുവിനെ അയച്ചു. എന്നിട്ടെന്തു സംഭവിച്ചു? അടിമത്വത്തിൽനിന്ന് യിസ്രായേൽ എന്നേക്കും സ്വതന്ത്രരായോ? ഒരിക്കലുമില്ല. അടിമത്വത്തിൽ നിന്നു അടിമത്വങ്ങളിലേക്ക് അവർ മാറിമാറി പോകുകയായിരുന്നു. അതാണോ ദൈവപുത്രനായ ക്രിസ്തു കൊടുത്ത സ്വാതന്ത്ര്യം? യിസ്രായേൽ ജനത്തിൻ്റെ ബാബേൽ പ്രവാസം അവസാനിക്കാൻ ഏകദേശം രണ്ടുവർഷം ബാക്കിയുള്ളപ്പോഴാണ് യിരെമ്യാ പ്രവചനത്തിൽനിന്നു ദാനീയേൽ എഴുപതു സംവത്സരം എന്ന കാലസംഖ്യ ഗ്രഹിച്ചത്. (9:2). തുടർന്ന് ദാനീയേൽ പ്രവചിക്കുന്നത് എഴുപതു ആഴ്ചവട്ടത്തെക്കുറിച്ചാണ്. (9:24). അതായത്, ബാബേൽ പ്രവാസത്തേക്കാൾ ദൈർഘ്യമുള്ള മേദ്യപേർഷ്യ, ഗ്രീസ്, റോമാ തുടങ്ങിയ സാമ്രാജ്യങ്ങളെക്കുറിച്ചാണ് ദാനീയേലിൻ്റെ പ്രവചനം. യെഹൂദയെ അടിമകളാക്കിയവരിൽ ഏറ്റവും കുറച്ചുകാലമാണ് ബാബേലിൻ്റേത്. ബി.സി. 539-ലാണ് കോരെശ് ബാബിലോണിയ പിടിച്ചടക്കിയത്. എ.ഡി. 33-ലാണ് ക്രിസ്തു ക്രൂശിക്കപ്പെടുന്നത്. അതായത്, യെഹൂദനു ദൈവം സാക്ഷാൽ സ്വാതന്ത്ര്യം വരുത്തിയത് പിന്നെയും 570 വർഷങ്ങൾക്ക് ശേഷമാണ്. ബാബേൽ സാമ്രാജ്യത്തെ തകർത്ത് അവരുടെ അടിമത്വത്തിൽ നിന്നു കോരെശ് യിസ്രായേൽ ജനത്തെ മോചിപ്പിച്ച് തൻ്റെ അടിമത്വത്തിൽ ആക്കുകയും ദൈവാലയത്തിൻ്റെ പണിക്ക് അനുമതി കൊടുക്കുകയും ചെയ്തു. ഇതായിരുന്നു തൻ്റെ ഇടയനായും അഭിഷിക്തനായും യഹോവ തിരഞ്ഞെടുത്ത കോരെശിനെക്കുറിച്ചുള്ള ദൈവോദ്ദേശം. അത് കോരെശ് ഭംഗിയായി ചെയ്തു. എന്നാൽ ദൈവജനത്തിനു സാക്ഷാൽ സ്വാതന്ത്ര്യം ലഭിച്ചത്; കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്നു ജനിച്ചവനായി ‘പുത്രൻ’ എന്ന പദവിയിൽ യഹോവ മനുഷ്യനായി വെളിപ്പെട്ടപ്പോഴാണ്. (യോഹ, 8:36). അതാണ് സക്ഷാൽ പൊരുളായ ക്രിസ്തു; കോരെശിനെ മശീഹയുടെ നിഴലായ ക്രിസ്തുവെന്ന് വേണമെങ്കിൽ പറയാം. അല്ലാതെ, ”യേശുക്രിസ്തു അന്ന് യിസ്രായേലിനെ ഒരടിമത്വത്തിൽനിന്നു വിടുവിച്ചു എന്നിട്ടു അതിനേക്കാൾ മഹാദൈർഘ്യമുള്ള മറ്റടിമത്വത്തങ്ങൾക്ക് ഏല്പിച്ചുകൊടുത്തു” എന്നു പറഞ്ഞാൽ ശരിയാകുമോ? ത്രിത്വക്കാരെ നിങ്ങൾ മഹാദൈവത്തിൻ്റെ ശക്തിയെ കുറച്ചുകാണുകയും അവനെ നിന്ദിക്കുകയുമാണ് ചെയ്യുന്നത്. 

ഇനി, അല്പബുദ്ധികൾക്കുപോലും മനസ്സിലാകുന്ന ഒരു കാര്യം പറയാം: ‘എന്നെ’ എന്നു പറഞ്ഞാൽ സർവ്വനാമം (pronoun) ആണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അങ്ങനെയെങ്കിൽ, എഴുത്തുകാരനല്ലാത്ത ആരെക്കുറിച്ചു പറഞ്ഞാലും, സർവ്വനാമം ഉപയോഗിക്കുന്നതിനുമുമ്പ് ആ വ്യക്തിയുടെ നാമം മുകളിൽ പറഞ്ഞിരിക്കണം. ആ അദ്ധ്യായത്തിൽ ഒരിടത്തും ദൈവത്തിൻ്റെ പുത്രനെക്കുറിച്ച് പറഞ്ഞിട്ടില്ല. തന്മൂലം, എഴുത്തുകരനായ യെശയ്യാവാണത് പറയുന്നതെന്ന് അസന്നിഗ്ധമായി തെളിയുന്നു. ഇനിയും മനസ്സിലായില്ലെങ്കിൽ താഴെയുള്ള പരിഭാഷകൾകൂടി നോക്കുക:

Free Bible Version:
“Come close to me, and listen to this. From the very beginning I haven’t spoken in secret; I am always there right when it happens. Now the Lord God and his Spirit has sent me to tell you this:”

New Living Translation:
“Come closer, and listen to this. From the beginning I have told you plainly what would happen.” And now the Sovereign LORD and his Spirit have sent me with this message.”

TLB Living Bible:
“Come closer and listen. I have always told you plainly what would happen, so that you could clearly understand.” And now the Lord God and his Spirit have sent me (with this message):”

Translation for Translators:
“Come close to me and listen to what I say. Long ago [MTY] I told you plainly/clearly [LIT] what would happen, and when those things occurred, I was causing them to happen.” And now Yahweh the Lord and his Spirit have sent me to give you a message.”

പരിശുദ്ധാത്മാവിനു വിരോധമായി യഹോവയോടു സമത്വമുള്ള മറ്റു രണ്ടു വ്യക്തികളെ ഉണ്ടാക്കിയവർ ദൈവത്തിനൊരു ‘നിത്യപുത്രൻ’ ഉണ്ടെന്നു കാണിക്കാൻ മറ്റൊരു വാക്യവും പഴയനിയമത്തിൽ കണ്ടെത്തിയിട്ടുണ്ട്: “സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു? നിനക്കറിയാമോ?” (സദൃ, 30:4). ”അവൻ്റെ മകൻ്റെ പേരെന്ത്?” എന്നു ചോദിച്ചിരിക്കയാൽ ദൈവത്തിനൊരു നിത്യപുത്രനുണ്ടെന്നാണ് ത്രിത്വം വിചാരിക്കുന്നത്. നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന ”യഹോവയ്ക്ക് സദൃശനും തുല്യനും ആർ?” എന്ന ചോദ്യം പോലെതന്ന നിഷേധാർത്ഥത്തിലാണ് ഇവിടെയും ചോദിക്കുന്നത്. അഥവാ, അങ്ങനെയൊരാൾ ഇല്ലാത്തതുകൊണ്ട് നിനക്കതു കാണിക്കാമോ എന്ന വെല്ലുവിളിയാണ് ഇവിടെയും. ഇതുപോലെ നൂറുകണക്കിനു ചോദ്യങ്ങൾ ബൈബിളിലുണ്ട്. ഉദാ: നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?, ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ?, തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു?, നിർദ്ദോഷിയായി നശിച്ചവൻ ആർ?, നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?, ദൈവത്തോടു ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?, ദൈവത്തെ തടുക്കുന്നതു ആർ?, അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ?, ഭൂമിയുടെ അളവു നിയമിച്ചവൻ ആർ? അതിന്നു അളവുനൂൽ പിടിച്ചവനാർ?, ഭൂമിയുടെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?, ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ?, അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ?, മനസ്സിന്നു വിവേകം കൊടുത്തവൻ ആർ?, കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ? ഇതിനൊക്കെ ഉത്തരം പറയാൻ ഭൂമിയിലാരുള്ളു???… 

ബൈബിൾ ചോദിക്കുന്ന ചോദ്യമെല്ലാം മനുഷ്യരോടാണ്. ഇനി നിക്ഷ്പക്ഷ ബുദ്ധിയുള്ളൊരു പണ്ഡിതൻ സദൃശ്യവാക്യം 30:4 വ്യാഖ്യാനിച്ചാൽ കിട്ടുന്ന ഉത്തരമെന്തായിരിക്കുമെന്ന് പാമരനായ ഞാൻ പറയാം. അതായിരിക്കും ബൈബിളിലെ ഏറ്റവും രസകരമായ ഉത്തരം. ആ വാക്യത്തിൽ ഏഴ് ചോദ്യങ്ങളുണ്ട്: ഒന്ന്; സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവൻ ആർ? ജഡത്തിൽ വെളിപ്പെട്ട പൂർണ്ണമനുഷ്യനായ യേശുവിൻ്റെ ഉത്തരം: ”സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). രണ്ട്; കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ? ഉത്തരം: ”യേശു എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി.” (മർക്കൊ, 4:39). മൂന്ന്; വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവൻ ആർ? ഉത്തരം: ”യേശു എഴുന്നേറ്റു വെള്ളത്തിന്റെ കോപത്തെ ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.” (ലൂക്കോ, 8:24). നാല്; ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? ഉത്തരം: ‘‘കർത്താവേ, (യേശു) നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). അഞ്ച്; അവന്റെ പേരെന്തു? ഉത്തരം: യേശുക്രിസ്തു. (മത്താ, 1:21; പ്രവൃ, 10:38). ആറ്; അവന്റെ മകന്റെ പേർ എന്തു? ഉത്തരം: പുത്രനായ ക്രിസ്തു. (മത്താ, 3:17). ഏഴ്; നിനക്കറിയാമോ? എനിക്കറിയാം, റോയി ആൻഡ്രൂസ് എന്ന എൻ്റെ ഉത്തരം: സ്വർഗ്ഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന പിതാവായ യഹോവ തന്നെയാണ് യേശു എന്ന നാമത്തിലും പുത്രൻ എന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ട മനുഷ്യൻ. ആകയാൽ, സകലത്തിൻ്റെയും സൃഷ്ടാവായ ദൈവത്തിൻ്റെ പേരും മനുഷ്യരുടെ വീണ്ടെടുപ്പുകാരനും മദ്ധ്യസ്ഥനുമായ മനുഷ്യൻ്റെ പേരും ഒന്നുതന്നെയാണ്; സ്വർലോകരുടേയും ഭൂലോകരുടേയും അധോലോകരുടേയും മുഴങ്കാൽ മടങ്ങുന്ന ആ നാമമാണ് കർത്താവായ യേശുക്രിസ്തു. 

യഹോവ സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തതായിട്ടോ, കാറ്റിനെയും വെള്ളത്തെയും പിടിച്ചടക്കിയതായിട്ടോ ബൈബിളിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല; യേശുവിനെക്കുറിച്ചത് സ്പഷ്ടമായിട്ട് പുതിയനിയമത്തിൽ എഴുതിയിട്ടുമുണ്ട്. സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങുയും ചെയ്തവനും കാറ്റിനെയും വെള്ളത്തെയും പിടിച്ചടക്കിയവനും ആരാണോ അവൻ്റെ പേരും അവൻ്റെ മകൻ്റെ പേരുമാണ് ആഗൂർ ചോദിച്ചിരിക്കുന്നത്. യഹോവയിൽനിന്നു വ്യതിരിക്തനായ വ്യക്തിയാണ് യേശുവെന്നു പഠിപ്പിക്കുന്ന ത്രിത്വം ഇനി ആഗൂരിൻ്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞാട്ടെ: സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തത് യേശുവാണെന്ന് ബൈബിൾ പറയുന്നു; യേശുവിൻ്റെ മകൻ്റെ പേരെന്താണ്? യഹോവയെന്നോ? അതോ പരിശുദ്ധാത്മാവെന്നോ???… മനുഷ്യരുടെ പാപപരിഹാരാർത്ഥം പുത്രനെന്ന പദവിയിൽ യഹോവ വെളിപ്പെട്ടുവെന്നല്ലാതെ, ദൈവത്തിനൊരു പുത്രൻ ഇല്ലേയില്ല. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് വെല്ലുവിളിച്ചു ചോദിക്കുന്നത്.

ഇതുകൊണ്ടും ത്രിത്വക്കാർക്ക് തൃപ്തി വരുന്നില്ലെങ്കിൽ പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ ചോദിക്കുന്നൊരു ചോദ്യമുണ്ട്; അതിൻ്റെ ഉത്തരം കണ്ടെത്തി ദൈവാത്മാവിനെ സഹായിക്കണം. “കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ??? (റോമ, 11:34,35; യെശ, 40:13). ദൈവത്തിനൊരു നിത്യപുത്രൻ ഉള്ളതുകൊണ്ടാണ് ”അവന്റെ മകന്റെ പേർ എന്തു?” എന്നു ചോദിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ ത്രിത്വക്കാരോട് ചോദിക്കുന്നു: ദൈവത്തിനൊരു മന്ത്രിയില്ലെങ്കിൽ ”അവന്നു മന്ത്രിയായിരുന്നവൻ ആർ?” എന്നു ചോദിക്കുമോ? മകൻ്റെ പേർ കണ്ടെത്തിയവർക്ക് മന്ത്രിയുടെ പേർ അറിയാതിരിക്കുമോ? എങ്കിൽ പറയൂ: ദൈവത്തിന്നു മന്ത്രിയായിരുന്നവൻ ആർ? അവൻ്റെ പേരെന്ത്??? സത്യവേദപുസ്തകത്തിൽ ‘മന്ത്രി’ എന്നു തർജ്ജമ ചെയ്തിരിക്കുന്നത് Counselor എന്ന പദത്തെയാണ്. അതിനു ഉപദേഷ്ടാവ് എന്നാണർത്ഥം. സത്യവേദപുസ്തകം നൂതന പരിഭാഷയിലും, പി.ഒ.സി.യിലും, വിശുദ്ധസത്യവേദപുസ്തകം, മലയാളം ഓശാന തുടങ്ങിയവയിലും, എല്ലാ ഇംഗ്ലീഷ് പരിഭാഷകളിലും ഉപദേഷ്ടാവ് എന്നാണ്. സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്നു റോമർ 11:34 ചേർക്കുന്നു: “കര്‍ത്താവിന്‍റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാന്‍ ആര്‍ക്കു കഴിയും?” യെശയ്യാവിൽ ഈ ചോദ്യത്തിന് ഉത്തരമുണ്ട്: ക്രിസ്തുവാണ് ആ ഉപദേഷ്ടാവ്; അത്ഭുതമന്ത്രി എന്നു നമ്മുടെ ബൈബിളിൽ തർജ്ജമ ചെയ്തിരികുന്നു. വിസ്മയനീയനായ ഉപദേഷ്ടാവ് (Wonderful Counselor – 9:6) എന്നാണ് ശരിയായ പരിഭാഷ. ദൈവത്തിൻ്റെ ഉപദേശകൻ ക്രിസ്തുവാണെന്നു നിങ്ങൾ സമ്മതിക്കുമോ? ഇരിക്കുന്ന കൊമ്പുവെട്ടി അടപടലം താഴെവീഴാൻ ത്രിത്വം എന്തായാലും ശ്രമിക്കില്ല. അപ്പോൾ, ”ദൈവത്തിനു ഉപദേഷ്ടാവായിരുന്നവൻ ആർ?” എന്ന ചോദ്യത്തിനു ഉത്തരമില്ല. പരിശുദ്ധാത്മാവ് ഭാവരൂപത്തിലല്ല; നിഷേധരൂപത്തിലാണ് ചോദ്യം ചോദിച്ചിരിക്കുന്നതെന്ന് അറിയാനുള്ള വിവേകംപോലും നിങ്ങൾക്കില്ലാത്തവണ്ണം സാത്താൻ നിങ്ങളുടെ ഹൃദയത്തെ കുരുടാക്കിക്കളഞ്ഞു. പിതാവ് പുത്രൻ എന്നത് പദവികളാണ്. എന്നാൽ, സൃഷ്ടിതാവും, രക്ഷിതാവും, പരിപാലകനും എന്നയർത്ഥത്തിൽ പിതാവെന്ന സ്ഥാനം മാത്രമാണ് നിത്യമായിരിക്കുന്നത്. ഇതൊന്നും അറിയാതെ ദൈവത്തിനൊരു മകനെയും, ദൈവത്തിനൊരപ്പനെയും ഉണ്ടാക്കുവാൻ നോക്കുന്ന നിങ്ങളോട് ഇനിയെന്തുപറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. എങ്കിലും പറയുകയാണ്: ‘നിത്യപിതാവു’ (Everlasting Father) എന്ന് ബൈബിളിൽ ആകെ ഒരു പ്രയോഗമാണുള്ളത്. (യെശ, 9:6). അതു നിത്യപുത്രനെന്നു നിങ്ങൾ വിചാരിക്കുന്ന ക്രിസ്തുവിനോട് ചേർത്താണ്; അവൻ തന്നെയാണ് സാക്ഷാൽ നിത്യപിതാവായ യഹോവ.

‘പുത്രൻ’ എന്നത് ഏകസത്യദൈവത്തിൻ്റെ പദവിയാണെന്നറിയാതെ 1,700-ല്പരം വർഷങ്ങളായി പുത്രനു അപ്പനെയുണ്ടാക്കുവാനും ദൈവത്തിനൊരു നിത്യപുത്രനെണ്ടാക്കുവാനും നടക്കുകയാണ് ത്രിത്വക്കാർ. ക്രൈസ്തവഗോളത്തിൽ വലിയൊരു വിഭാഗത്തെ അപ്പനെയറിയാത്ത മക്കളാക്കി അന്ധകാരത്തിലേക്ക് തള്ളിവിട്ടത് ഈ ദുഷിച്ച ത്രിത്വോപദേശമാണ്. ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യാതെ ഇനിയെങ്കിലും മാനസാന്തരപ്പെട്ട് ഏകദൈവമായ യേശുവിലേക്കു മടങ്ങിവന്നുകൂടെ???…

യഹോവ: സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22, ഹോശേ, 13: 5) <××> യേശു: മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (പ്രവൃ, 4:12).