യേശു, നിത്യപുത്രനോ? നിത്യപിതാവോ?

യേശു, നിത്യപുത്രനോ? നിത്യപിതാവോ?

യേശുവിനെ ‘ദൈവപുത്രൻ’ എന്നു നൂറ്റിയിരുപത്തഞ്ചു പ്രാവശ്യവും, ‘ആദ്യജാതൻ’ എന്നു അഞ്ചുപ്രാവശ്യവും, ‘ഏകജാതൻ’ എന്നു അഞ്ചുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അങ്ങനെ, നൂറ്റിമുപ്പത്തഞ്ച് പ്രാവശ്യം ‘ദൈവപുത്രൻ’ എന്നു പുതിയനിയമത്തിൽ വിളിച്ചിട്ടുണ്ട്. തന്മൂലം, യേശുവിൻ്റെ പുത്രത്വത്തെ നിഷേധിക്കുവാൻ അഖിലാണ്ഡത്തിൽ ആർക്കും കഴിയില്ല. പക്ഷെ, യേശു നിത്യപുത്രനാണോ? അല്ല. ബൈബിളിൽ ഒരിടത്തുപോലും യേശുവിനെ ‘നിത്യപുത്രൻ’ എന്നു വിളിച്ചിട്ടില്ല. പ്രത്യുത, ‘നിത്യപിതാവു’ എന്നു വിളിച്ചിട്ടുമുണ്ട്. യേശു നിത്യപിതാവാണെന്ന വസ്തുത അംഗീകരിക്കാൻ കഴിയാത്തതാണ് മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവരുടെ പ്രശ്നം. നിത്യപിതാവായ ക്രിസ്തുവിനെ നിത്യപുത്രനായി പ്രതിഷ്ഠിക്കുന്നിടത്തു നിന്നാണ് ത്രിത്വദുരുപദേശങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്.

ത്രിത്വദൈവശാസ്ത്രത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും സമനിത്യതയെക്കുറിച്ച് ഒരു ഭാഗമുണ്ട്: “പിതാവ്, പുത്രൻ എന്നിവ സാപേക്ഷപദങ്ങൾ (relative terms) ആണ്. അവ പരസ്പര ബന്ധത്തെ കാണിക്കുന്നു. ഒന്നിന്റെ അഭാവത്തിൽ മറ്റേതില്ല. പിതാവില്ലെങ്കിൽ പുത്രനും, പുത്രനില്ലെങ്കിൽ പിതാവും ഇല്ല. ദൈവം നിത്യപിതാവാണ്: (മത്താ, 5:48; 6:14; 15:13). പിതാവായ ദൈവം നിത്യപിതാവാകണമെങ്കിൽ നിത്യപുത്രൻ വേണം. പുത്രൻ ഉണ്ടാകുന്നതു വരെ ആരും പിതാവല്ല. അതിനാൽ പിതാവും നിത്യനാണ്, പുത്രനും നിത്യനാണ്. പുത്രനെയും നിത്യപിതാവ് എന്നു നാമകരണം ചെയ്തിട്ടുണ്ട്. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നുപേർ വിളിക്കപ്പെടും:” (യെശ, 9;6). 

എത്ര മനോഹരമായ ത്രിത്വതന്ത്രം. ഒന്നാമത്; പിതാവ് നിത്യപിതാവാണെന്ന് കാണിക്കാൻ എടുത്ത വാക്യങ്ങളിൽ ‘നിത്യപിതാവെന്നല്ല; സ്വർഗ്ഗീയ പിതാവു’ എന്നാണ്. ദൈവം നിത്യനാണെന്നും, യഹോവ നിത്യദൈവമാണെന്നും പഴയനിയമത്തിലുണ്ട്. പക്ഷെ, പിതാവിനെക്കുറിക്കാൻ ‘നിത്യപിതാവു’ എന്നൊരു പ്രയോഗം ബൈബിളിൽ ഒരിടത്തുമില്ല. ദൈവം നിത്യനല്ലെന്നല്ല പറഞ്ഞതിൻ്റെ താല്പര്യം. പിതാവ് നിത്യനാണെന്ന് ഒരിടത്തും രേഖപെടുത്തിയിട്ടില്ല എന്നാണ്. രണ്ടാമത്; “പിതാവില്ലെങ്കിൽ പുത്രനും, പുത്രനില്ലെങ്കിൽ പിതാവും ഇല്ല. പിതാവായ ദൈവം നിത്യപിതാവാകണമെങ്കിൽ നിത്യപുത്രൻ വേണം. പുത്രൻ ഉണ്ടാകുന്നതു വരെ ആരും പിതാവല്ല. അതിനാൽ പിതാവും നിത്യനാണ്, പുത്രനും നിത്യനാണ്.” ഇത് വളരെ രസകരമായി തോന്നുന്നു. യുക്തികൊണ്ടുള്ള ഒരു കളിയാണിത്. ഐ.എ.എസ് ഇന്റർവ്യൂവിൽ ഇതുപോലുള്ള ചില ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതിനെ കുസൃതിച്ചോദ്യം എന്നും പറയാം. ദൈവത്തെക്കുറിച്ച് ഇതു പറയുന്നത് എത്ര ബാലിശമാണെന്ന് ഞാനോർക്കുകയാണ്. നമുക്കൊരു മനുഷ്യവ്യക്തിയെക്കുറിച്ച് ഇത് ചിന്തിക്കാം: ഒരു വ്യക്തി അമ്മയുടെ വയറ്റിൽനിന്നു ജനിച്ചു, വളർന്നു വലുതായി വിവാഹം കഴിച്ചു, ഒരു പുത്രനു ജന്മം നല്കുന്നതുവരെ താൻ പിതാവാകുന്നില്ല. താൻ എപ്പോൾ പുത്രനു ജന്മം നല്കുന്നുവോ അപ്പോഴാണ് പിതാവാകുന്നത്. ഇതിനെ മറ്റു പലയർത്ഥത്തിലും പറയാം: പുത്രൻ ജനിക്കുമ്പോഴാണ് താൻ പിതാവാകുന്നത് എന്നതിനാൽ, പുത്രനും പിതാവും ഒരുമിച്ചാണ് ജനിക്കുന്നതെന്നു പറയാം. മറ്റൊന്ന്; പുത്രനെ കൂടാതെ പിതാവില്ലെന്നും, പിതാവിനെ കൂടാതെ പുത്രനില്ലെന്നും പറയാം. ഇതാണ് മുകളിൽ ദൈവപിതാവിനെയും പുത്രനെയും കുറിച്ച് ഇവർ പറഞ്ഞത്. ഇതിലെ ഭോഷത്വം എന്താണാണെന്നുവെച്ചാൽ; പിതാവെന്ന വ്യക്തിയും പുത്രനെന്ന വ്യക്തിയുമല്ല ഒരുമിച്ചു ജനിക്കുന്നത്; പ്രത്യുത; പിതാവെന്ന സ്ഥാനവും പുത്രനെന്ന സ്ഥാനവും മാത്രമാണ്. പിതാവെന്ന വ്യക്തി പണ്ടേയുള്ളതുകൊണ്ടാണ് പുത്രനെന്ന വ്യക്തിയും സ്ഥാനവും ജനിക്കുന്നത്. തന്മൂലം, പിതാവെന്ന വ്യക്തിയെക്കൂടാതെ പുത്രനെന്ന വ്യക്തിയില്ലെന്ന് പറയാൻ കഴിയുമെന്നല്ലാതെ; പുത്രനെന്ന വ്യക്തിയെക്കൂടാതെ പിതാവെന്ന വ്യക്തിയില്ലന്ന് പറയാൻ ഒരു നിർവ്വാഹമില്ല. മൂന്നാമത്; രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കന്യകയായ മറിയയുടെ ഉദരത്തിലൂടെ ലോകത്തിൽ വെളിപ്പെടുന്നതിനു മുമ്പ് യേശുവെന്ന് പേരുള്ള ഒരു പുത്രനോ, ഒരഭിഷിക്തനായ മനുഷ്യനോ അഥവാ ക്രിസ്തുവോ ദൈവത്തിനില്ലായിരുന്നു; യേശുവെന്ന പേർപോലും ജനനത്തിനു ഒമ്പതുമാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. പിന്നെ ഉണ്ടായിരുന്നത്, ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ലൂക്കൊ, 24:44). “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: എബ്രാ, 1:2). കന്യകയായ മറിയയുടെ ഉദരത്തിലൂടെ ജനിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനാണ്. (1തിമൊ, 3:14-16). ദൈവമല്ലെന്നു മാത്രമല്ല; ജനനത്തിൽ അവൻ ദൈവപുത്രനും ക്രിസ്തുവും അല്ലായിരുന്നു; പരിശുദ്ധനായ ഒരു മനുഷ്യൻ മാത്രമായിരുന്നു. മറിയയിലൂടെ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:52), ഏകദേശം മുപ്പതാമത്തെ വയസ്സിൽ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ മശീഹ ആയത്. (മത്താ, 3:16; പ്രവൃ, 10:30). അനന്തരം, ‘അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ദൂതൻ്റെ പ്രവചനംപോലെ പിതാവിനാൽ ദൈവപുത്രൻ എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 3:17). നിത്യപുത്രനാണ് മറിയയുടെ ഉദരത്തിൽ വന്ന് ജനിച്ചതെങ്കിൽ; ഉത്ഭവിക്കുന്ന ശിശു ദൈവപുത്രനെന്ന് വിളിക്കപ്പെടുമെന്നാണോ ദൂതൻ മറിയയോടു പറയേണ്ടത്; ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കുമെന്നാണോ പറയേണ്ടത്? ദൈവത്തിൻ്റെ പുത്രനാണ് മറിയയിലൂടെ ജനിച്ചതെങ്കിൽ, ദൂതൻ്റെ പ്രവചനവും, യോർദ്ദാനിലെ പ്രവചനനിവൃത്തിയും ഒരു കോമഡിയായി മാറുമായിരുന്നു. ഈ പുത്രനെക്കൂടാതെ പിതാവില്ലെന്നാണോ ത്രിത്വം പഠിപ്പിക്കുന്നത്?

ബൈബിളിൽ ക്രിസ്തുവിനെ ദൈവത്തിൻ്റെ പുത്രൻ എന്ന് മാത്രമാണോ പറഞ്ഞിട്ടുള്ളത്? ക്രിസ്തു തന്നെക്കുറിച്ച് പറയുന്നതെല്ലാം മനുഷ്യപുത്രൻ എന്നാണ്. അബ്രാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, പഴയനിയമത്തിൽ യിസ്ഹാക്കിൻ്റെയും, യാക്കോബിൻ്റെയും പുത്രനുമാണ് ക്രിസ്തു. ബൈബിൾ പ്രകാരം ക്രിസ്തു എട്ടുപേരുടെ പുത്രനാണ്. എട്ടുപേരുടെ പുത്രനായ ക്രിസ്തുവിനെ സൃഷ്ടിപുത്രനെന്നും, നിത്യപുത്രനെന്നും പറയാൻ കഴിയില്ല. എട്ടുപേരും കൂടി സൃഷ്ടിച്ചുവെന്ന് വിചാരിക്കുന്നതുതന്നെ വിവരക്കേടാണ്. ഇനി, ഈ എട്ടുപേരിൽ ഏഴുപേരും നശ്വരരായിരിക്കേ, ഇവരുടെ പുത്രനായ ക്രിസ്തുവെങ്ങനെ നിത്യപുത്രനാകും??? അപ്പോൾ, സൃഷ്ടിപുത്രനെന്നതും, നിത്യപുത്രനെന്നതും ബൈബിൾ വിരുദ്ധമായ പ്രയോഗമാണെന്ന് മനസ്സിലാക്കാം. പിന്നെ, ‘പുത്രൻ’ എന്ന് ക്രിസ്തുവിനെ വിളിച്ചിരിക്കുന്നത് എന്താണ്? അത് പദവിനാമമാണ് അഥവാ, സ്ഥാനപ്പേരാണ്. പിതാവെന്നതും പുത്രനെന്നതും പരിശുദ്ധാത്മാവെന്നതും ഏകസത്യദൈവത്തിൻ്റെ സ്ഥാനപ്പേരുകൾ മാത്രമാണ്.

‘യേശു’ എന്നത് യഹോവ ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത സംജ്ഞാനാമവും, ‘പുത്രൻ’ എന്നത് സ്ഥാനനാമവുമാണ്. ഇത് തിരിച്ചറിയാത്തതാണ് സമനിത്യവാദികളുടെ ഒന്നാമത്തെ പ്രശ്നം. യേശുവിന് അനേകം സ്ഥാനനാമങ്ങൾ ബൈബിളിലുണ്ട്. അതിൽ ചിലത് കാണിക്കാം: അന്തം (വെളി, 21:6), അന്ത്യൻ (വെളി, 1:17), അല്ഫ, (വെളി,1:8), ആദി, (വെളി, 21:6), ആദ്യജാതൻ (റോമ, 8:29), ആദ്യഫലം (1കൊരി, 15:23), ഇടയൻ (യോഹ, 10:2), എന്റെ ദാസൻ (മത്താ, 12:17), ഒടുക്കത്തവൻ (വെളി, 22:13), ഒന്നാമൻ (വെളി, 22:13), ഒമേഗ (വെളി, 1:8), കാര്യസ്ഥൻ (1യോഹ, 2:1), കുഞ്ഞാട് (വെളി, 5:6), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിന്റെ വേര് (വെളി, 22:14), ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ദൈവപ്രതിമ (2കൊരി, 4:4), ദൈവവചനം (വെളി, 19:13), പാപികളുടെ സ്നേഹിതൻ (മത്താ, 11:19), പാറ (1കൊരി,10:4), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (പ്രവൃ, 3:22), പ്രായശ്ചിത്തം (1യോഹ, 2:2), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മറുവില (1 തിമൊ 2:6), മുന്തിരിവള്ളി (യോഹ 15:1), മുള (യെശ,11:1), മൂലക്കല്ല് (എഫെ, 2:20), യാഗം (എഫെ, 5:2), രണ്ടാം മനുഷ്യൻ (1കൊരി, 15:47), വചനം (യോഹ, 1:1), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9) തുടങ്ങിയവ. ഇതുപോലൊരു സ്ഥാനനാമം മാത്രമാണ് ‘പുത്രൻ’ എന്നതും. മേല്പറഞ്ഞ സ്ഥാനപ്പേരുകളോടൊപ്പം ‘നിത്യൻ’ എന്ന ഗുണവിശേഷം ചേർത്തുനോക്കിയാൽ അറിയാം; നിത്യപുത്രൻ എന്ന വിളിയുടെ വൈകൃതം. (‘യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും‘ കാണുക). രണ്ടാമതായി; പിതാവിനെ കുറിക്കാൻ ‘നിത്യപിതാവു’ എന്നൊരു പ്രയോഗം ബൈബിളിലില്ല. നിത്യപിതാവെന്നു വിളിച്ചിരിക്കുന്നതാകട്ടെ, പുത്രനെയാണ്: (യെശ, 9:6). പുത്രനെന്ന സ്ഥാനനാമത്തിൽ ജഡത്തിൽ വെളിപ്പെട്ടവൻ തന്നെയാണ് പിതാവെന്ന് എബ്രായ ലേഖകനും വ്യക്തമാക്കിയിട്ടുണ്ട്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). മൂന്നാമത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പ്രയോഗം പുതിയനിയമത്തിലാണുള്ളത്. അതിൽ, പുത്രനു മാത്രമാണ് ‘യേശുക്രിസ്തു’ എന്ന പേരുള്ളു. പിതാവിനും പരിശുദ്ധാത്മാവിനും ഒരു പേർ പറഞ്ഞിട്ടില്ല. അത്, ‘പിതാവ് പുത്രൻ പരിശുദ്ധാത്മാവു’ എന്ന സ്ഥാനനാമങ്ങളിൽ വെളിപ്പെട്ടിരിക്കുന്നവൻ, നിത്യദൈവവും നിത്യരാജാവുമായ യഹോവ തന്നെയാണെന്ന് തെളിവു നല്കുന്നു. 

സത്യദൈവവും നിത്യജീവനുമായ യേശുവിൻ്റെ പുത്രത്വമാണ് മാനവകുലത്തിന് രക്ഷ ഒരുക്കിയത്. ആകയാൽ, യേശുവിൻ്റെ പുത്രത്വത്തെ നിഷേധിക്കുവാൻ ആർക്കും കഴിയില്ല. പുത്രനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15; 3:16; 3:36; 6:40; 1യോഹ, 5:13; 5:20). ഈ വസ്തുതയും ആരാലും നിഷേധിക്കാൻ സാധ്യമല്ല. എന്നാൽ, യേശു നിത്യപുത്രനല്ല; അവൻ നിത്യപിതാവാണ്. പുത്രത്വം എന്നത് രക്ഷയോടുള്ള ബന്ധത്തിൽ ദൈവം എടുത്ത സ്ഥാനം അഥവാ, പദവി മാത്രമാണ്. ആകയാൽ, പുത്രത്വം എന്നേക്കും ഉണ്ടാകണമെന്നു ശഠിക്കുന്നത് ബൈബിൾ വിരുദ്ധമാണ്. ഇനിയെത്രയും പെട്ടെന്ന് കൃപായുഗത്തിൻ്റെ വാതിലടയുമ്പോൾ, പുത്രത്വം അഥവാ, കൃപയാലുള്ള രക്ഷയ്ക്കും വിരാമമാകും. സഭ എടുക്കപ്പെട്ടു കഴിഞ്ഞാൽ, രക്ഷ പ്രാപിക്കണമെങ്കിൽ മഹോപദ്രവത്തിലൂടെ കടക്കേണ്ടിവരും. മാത്രമല്ല, ക്രിസ്തു വീണ്ടുംവരുന്നത്, ദൈവപുത്രനായിട്ടല്ല; മനുഷ്യപുത്രനായിട്ടാണ്. ഇത്രയും പറഞ്ഞതിൻ്റെ താല്പര്യം എന്താണെന്നു ചോദിച്ചാൽ; ഏകസത്യദൈവത്തെ സമനിത്യരായ മൂന്നു വ്യക്തികളാക്കിയവർ, മെനഞ്ഞെടുത്ത ഒരു കഥ മാത്രമാണ് യേശുവിൻ്റെ ‘നിത്യപുത്രത്വം’ എന്നറിയാൻ വേണ്ടിയാണ്.

യെശയ്യാവ് 9:6-ലെ നിത്യപിതാവിനെ (Everlasting Father) നിത്യതയുടെ പിതാവ് (Father of Eternity) എന്നു ചില പരിഭാഷകളിൽ തർജ്ജമ ചെയ്തുകാണുന്നുണ്ട്. (ഉദാ: ACV, CJB, CPDV, DBYe, DRB, DRC, EMP, LSV, NMV). അതിനാൽ യേശുക്രിസ്തു നിത്യപിതാവല്ല; നിത്യതയുടെ പിതാവാണെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ അവകാശവാദം. ഏതെങ്കിലും പരിഭാഷയുടെ വെളിച്ചത്തിലല്ലല്ലോ ഉപദേശം ഉണ്ടാക്കേണ്ടത്; മറ്റു വേദഭാഗങ്ങളുടെ വെളിച്ചത്തിലല്ലേ? അതല്ലേ വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന് പറയുന്നത്. അവിടെ മാത്രമല്ലല്ലോ ‘നിത്യം’ ചേർത്ത് പറഞ്ഞിരിക്കുന്നത്; മറ്റു വേദഭാഗങ്ങളുമുണ്ട്. യെശയ്യാവ് 9:6-ലെ ‘നിത്യം’ എന്നു തർജ്ജമ ചെയ്തിരിക്കുന്ന എബ്രായപദം ആദ് (ad) ആണ്. ആ പദംകൊണ്ടുള്ള മറ്റു വാക്യങ്ങൾ നോക്കാം: ദാവീദു പറയുന്നു: “ഞാൻ തിരുനാമത്തെ എന്നേക്കും (ad) കീർത്തിക്കയും.” (സങ്കീ 61:8). എന്നേക്കും അഥവാ നിത്യം കീർത്തിക്കുമെന്നാൽ, നിത്യതയിൽ കീർത്തിക്കും എന്നു പറഞ്ഞാൽ ശരിയാകുമോ? ദൈവം പറയുന്നു: “ഞാൻ അവൻ്റെ സന്തതിയെ ശാശ്വതമായി (ad) നിലനിർത്തും.” (സങ്കീ, 89:29). ശാശ്വതമായി അഥവാ നിത്യം നിലനിർത്തുമെന്നാൽ, നിത്യതയിൽ നിലനിർത്തുമെന്ന് പറയാമോ? ശലോമോൻ പറയുന്നു: “സത്യം പറയുന്ന അധരം എന്നേക്കും (ad) നിലനില്ക്കും.” (സദൃ, 12:19). എന്നേക്കും അഥവാ നിത്യം നിലനില്ക്കുമെന്നാൽ, നിത്യതയിൽ നിലനില്ക്കുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? “അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും (ad) സ്ഥിരമായിരിക്കും.” (സദൃ, 29:14). എന്നേക്കും അഥവാ നിത്യം സ്ഥിരമായിരിക്കുമെന്നാൽ, അതിനെ നിത്യതയിൽ സ്ഥിരമായിരിക്കുമെന്ന് മനസ്സിലാക്കാമോ? ദൈവം, “ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും ആണ്.” (യെശ, 57:15). ശാശ്വത അഥവാ നിത്യവാസിയെന്നാൽ, നിത്യതയിലെ വാസിയെന്ന് പറഞ്ഞാൽ മതിയാകുമോ? “യഹോവേ, അകൃത്യം എന്നേക്കും ഓർ‍ക്കരുതേ.” (യെശ, 64:9). എന്നേക്കും അഥവാ നിത്യം ഓർക്കരുതേ എന്നാൽ, അതിനെ നിത്യതയിൽ ഓർക്കരുതേ എന്നു പറയുമോ? യഹോവ പറയുന്നു: “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ‍.” (യെശ, 65:18). എന്നേക്കും അഥവാ ഘോഷിച്ചുല്ലസിക്കേണ്ടതിനെ; നിത്യതയിൽ ഘോഷിച്ചുല്ലസിച്ചാൽ മതിയാകുമോ? “ദൈവം എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല.” (മീഖാ 7:18). എന്നേക്കും അഥവാ നിത്യം കോപം വെച്ചുകൊള്ളുന്നില്ല എന്നതിനെ, നിത്യതയിൽ കോപം വെച്ചുകള്ളുന്നില്ല എന്നു മനസ്സിലാക്കാമോ? “ശാശ്വതപർവ്വതങ്ങൾ (everlasting mountains) പിളർന്നുപോകുന്നു.” (ഹബ, 3:6). ശാശ്വതപർവ്വതങ്ങൾ അഥവാ നിത്യപർവ്വതങ്ങളെ, നിത്യതയുടെ പർവ്വതങ്ങൾ എന്നു ആരെങ്കിലും പറയുമോ? മേല്പറഞ്ഞതൊക്കെ നിത്യതയുടെ (of Eternity) എന്നു പറഞ്ഞാൽ; ഉദാഹരണത്തിനു ‘നിത്യതയുടെ വാസിയായ ദൈവം; നിത്യതയുടെ പർവ്വതങ്ങൾ” എന്നൊക്കെ പറഞ്ഞാൽ ശരിയാകുമെങ്കിൽ; നിത്യതയുടെ പിതാവെന്നു യേശുവിനെയും പറയാം. നിത്യതയിലാണെങ്കിലും അവൻ പുത്രനല്ലല്ലോ, പിതാവു തന്നെയാണ്. ബൈബിൾ വായിക്കാത്ത അടിമകളായ വിശ്വാസികളെ വഞ്ചിക്കാമെന്നല്ലാതെ, ദൈവവചനത്തെ ത്രിത്വകുതുകികൾക്ക് വഞ്ചിക്കാൻ കഴിയില്ല.

ദൈവത്തിൻ്റെ പുത്രത്വം തന്നെയാണ് ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മദ്ധ്യസ്ഥനും: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5). യോഹന്നാൻ്റെ സുവിശേഷത്തിൽ പ്രാർത്ഥനയെക്കുറിച്ച് യേശു പറയുമ്പോൾ, എൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുവാനും (യോഹ, 15:16; 16:23), എൻ്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുവാനുമാണ് (യോഹ, 14:13; 14:14; 15:7; 16:24; 16:26) പറയുന്നത്. ഇത് പിതാവിന്റെയും പുത്രന്റെയും അഭിന്നത്വമാണ് തെളിയിക്കുന്നത്. കൂടാതെ, ആദിമസഭയിൽ ആരും പിതാവിനെ വിളിച്ചപേക്ഷിച്ചതായും കാണുന്നില്ല. പ്രത്യുത, യേശുക്രിസ്തുവിനെയാണ് വിളിച്ചപേക്ഷിച്ചത്. (പ്രവൃ, 7:59; 9:14; 9:21; 22:16; 1കൊരി, 1:2; 2കൊരി, 12:8; 2തിമൊ, 2:22). പിതാവിൽനിന്നു വ്യതിരിക്തനാണ് പുത്രനെങ്കിൽ, ആദിമസഭ യേശുവിൻ്റെ നാമം മാത്രം വിളിച്ചപേക്ഷിക്കുമായിരുന്നോ??? വിശേഷാൽ, ക്രൈസ്തവ സഭയിലെ ആദ്യാംഗങ്ങൾ യെഹൂദന്മാരായിരുന്നു എന്നുമോർക്കുക. യേശു മറ്റൊന്നുകൂടി പറഞ്ഞിട്ടുണ്ട്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” (യോഹ, 16:26) എന്ന് യേശു പറയുന്നതെന്താണ്? ‘അന്നു’ അഥവാ വരുവാനുള്ള കാലത്ത്, സകലവും യഥാസ്ഥാനപ്പെടുത്തി കഴിഞ്ഞാൽ പിതാവ് പുത്രനെന്ന വേർതിരിവുണ്ടാകില്ല. (1കൊരി, 15:20-28; വെളി, 7:17; 21:22,23; 22:3-5). പുതിയനിയമത്തിൽ രക്ഷയ്ക്കുള്ള ഏകനാമം യേശുക്രിസ്തു ആണെന്നു പറഞ്ഞിട്ടുണ്ട്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). സകല സൃഷ്ടികളുടേയും പിതാവായ യഹോവ തന്നെ (മലാ, 2:10), യേശു എന്ന നാമത്തിലും, പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടതല്ലെങ്കിൽ, “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല” (യെശ, 43:11) എന്നു പറഞ്ഞുകൊണ്ട് യഹോവ ആയിരത്തഞ്ചൂറ് വർഷം യെഹൂദന്മാരെ വഞ്ചിക്കുകയായിരുന്നോ???

യേശുവിനെ ദൈവത്തിൻ്റെ പുത്രൻ എന്നു വിളിച്ചിരിക്കുന്നതിനെ നിത്യപുത്രൻ എന്നു പഠിപ്പിക്കുന്നവർ തന്നെയാണ് അവൻ നമ്മുടെ ‘മൂത്തസഹോദരൻ’ ആണെന്നും പഠിപ്പിക്കുന്നത്. ക്രിസ്തുവിനെ ദൈവത്തിൻ്റെ ‘ആദ്യജാതൻ’ (റോമ, 8:29) എന്നു വിളിച്ചിരിക്കുന്നത്, അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതിൻ്റെ കുഴപ്പമാണത്. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലാണ് ‘ആദ്യജാതൻ’ എന്നു വിളിച്ചിരിക്കുന്നത്. എബ്രായ ലേഖനത്തിൽ അതു കൃത്യമായി പറയുന്നുണ്ട്: “അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.” (2:11,12). അത് മശീഹ സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (22:22). മാനവകുലത്തിൻ്റെ പാപം പോക്കാൻ ദൈവം പാപമൊഴികെ സകലത്തിലും മനുഷ്യർക്കു സദൃശനായി മന്നിൽ വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിലാണ് അതു പറയുന്നത്. (എബ്രാ, 2:14,15). യേശു താൻ ശിഷ്യന്മാരെ സഹോദരന്മാർ എന്നും വിളിച്ചിട്ടുമുണ്ട്. (മത്താ, 28:10). അതും താൻ മനുഷ്യപുത്രനായി ഭൂമിയിൽ ആയിരിക്കുമ്പോഴാണ്. രക്ഷയോടുള്ള ബന്ധത്തിൽ ദൈവം മനുഷ്യരോടു താതത്മ്യം പ്രാപിച്ചുവെന്നല്ലാതെ, മനുഷ്യർ എപ്പോഴാണ് ദൈവത്തോടു താതാത്മ്യം പ്രാപിച്ചത്? യേശു നമ്മെ സഹോദരന്മാർ എന്നു വിളിച്ചു എന്നുകരുതി നാം യേശുവിനെ സഹോദരനെന്നു വിളിച്ചാൽ, അപ്പനെ കേറി അളിയാന്നു വിളിച്ചപോലാകും. യേശു നമ്മുടെ മൂത്ത ജ്യേഷ്ഠനാണെന്നു പറഞ്ഞാൽ തെറ്റൊന്നുമല്ല. പക്ഷെ, ‘മൂത്തസഹോദരൻ’ എന്നതും അനേകം സ്ഥാനമാനങ്ങളെപ്പോലെ ഒരു നാമം മാത്രമാണെന്നു തിരിച്ചറിവുണ്ടാകണം. സർവ്വാധിപതിയായ ദൈവവും നിത്യപിതാവുമായവനെ ‘നിത്യപുത്രനെന്നു’ പറഞ്ഞു അവഹേളിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ല.

പഴയനിയമത്തിലെ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് യെശയ്യാവ് 45:22-ൽ യഹോവ അരുളിച്ചെയ്യുന്നത്; “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” പുതിയനിയമത്തിൽ പ്രവൃത്തികൾ 4:12-ൽ ക്രിസ്തുവിനെക്കുറിച്ചാണ് പത്രൊസ് ഇതു പറയുന്നത്; “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” യെശയ്യാവിലെ അടുത്തവാക്യം; “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” 45:23). പുതിയനിയമത്തിൽ; “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:10-11). പഴയനിയമത്തിൽ രക്ഷയ്ക്കുള്ള നാമം യഹോവയാണങ്കിൽ, പുതിയനിയമത്തിൽ ആ നാമം യേശുക്രിസ്തുവാണ്. പഴയനിയമത്തിൽ സകല മുഴങ്കാലും മടങ്ങുന്നത് യഹോവയുടെ മുമ്പിലാണെങ്കിൽ, പുതിയനിയമത്തിൽ അത് യേശുക്രിസ്തുവിൻ്റെ മുമ്പിലാണെന്നു പറഞ്ഞശേഷം; “യേശുക്രിസ്തു കർത്താവു” എന്നു “പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും” എന്നാണ് കാണുന്നത്. ഇവിടെ, യേശുക്രിസ്തു തന്നെയാണ് യഹോവയെന്ന് സ്പഷ്ടമായി പറഞ്ഞിരിക്കുകയാണ്. റോമറിൽ ഇത് കുറച്ചുകൂടി വ്യക്തമാണ്: “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (14:11). നിത്യദൈവവും ശാശ്വത രാജാവുമായ യഹോവ തന്നെയാണ് നിത്യപിതാവായ യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം തെളിയുന്നു.

വിശ്വാസികളുടെ പ്രശ്നമെന്താണെന്നു ചോദിച്ചാൽ; പരിശുദ്ധാത്മാവിൽ അധികമായി പണ്ഡിതന്മാരിൽ വിശ്വസിക്കും, ബൈബിളിൻ്റെ ആഖ്യാനത്തേക്കാൾ ഉപരിയായി വ്യാഖ്യാനങ്ങളിൽ വിശ്വസിക്കും. ആഖ്യാനം ദൈവാത്മാവെഴുതിയതും വ്യാഖ്യാനങ്ങൾ പണ്ഡിതന്മാരുടെ സൃഷ്ടിയുമാണ്. ‘ഏകദൈവമല്ലാതെ ദൈവമില്ല’ (1കൊരി, 8:4) എന്നു നൂറിലേറെ പ്രാവശ്യം പരിശുദ്ധാത്മാവ് എഴുതിവെച്ചിരിക്കേ, പണ്ഡിതന്മാർ ദൈവം ത്രിത്വമാണെന്നു പഠിപ്പിക്കും. ‘ദൈവമോ ഒരുത്തൻ മാത്രം’ (ഗലാ, 3:20) എന്നു പരിശുദ്ധാത്മാവ് പറയുമ്പോൾ, അല്ല, മൂന്നു വ്യക്തികളാണെന്നു പണ്ഡിതന്മാർ വാദിക്കുന്നു. നിങ്ങൾ ആരെയാണ് വിശ്വസിക്കുന്നത്; ദൈവത്തെയോ മനുഷ്യരെയോ? ദൈവം ഭോഷ്ക്ക് പറയാത്തവനും ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനുമാണ്. മനുഷ്യൻ ഭോഷ്ക്കിൽ രസിക്കുന്നവനും അവസരത്തിനൊത്ത് തരാതരം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ‘ദൈവം ഏകൻ’ എന്നതാണ് ബൈബിളിൻ്റെ ആദ്യപാഠം അഥവാ, അടിസ്ഥാനം. ഇതെങ്കിലും, മറ്റാരെയും ആശ്രയിക്കാതെ ബൈബിളിൽനിന്ന് വിശ്വാസികൾ പഠിക്കണം. അടിസ്ഥാനം മറിഞ്ഞുപോയാൽ പിന്നെ ഒന്നും ചെയ്തിട്ടു കാര്യമില്ല. ഗലാത്യരുടെ പ്രശ്നവും ഇതുതന്നെയായിരുന്നു. പരിശുദ്ധാത്മാവ് അവരെ അറിയിച്ചതിനു വിപരീതമായി അവർ വേറൊരു സുവിശേഷത്തിലേക്കു മറിഞ്ഞു. അല്ലെങ്കിൽ, ചിലർ അവരെ മറിച്ചുകളഞ്ഞു. (1:6-7). പൗലൊസ് ഒരുവട്ടമല്ല, രണ്ടുവട്ടം അവരോടു പറയുന്നുണ്ട്; “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” (ഗലാ, 1:8). “ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” (ഗലാ, 1:9). എന്തുകൊണ്ടാണ് പലൊസ് ഇങ്ങനെ പറയുന്നത്; ‘ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.’ കാരണം, മനുഷ്യൻ സ്വന്തയിഷ്ടത്താൽ എഴുതിയതൊക്കെയും പിന്നത്തേതിൽ അവനു തിരുത്താൻ അവകാശമുണ്ട്. എന്നാൽ, തിരുവെഴുത്തുകൾ അപ്പൊസ്തലന്മാരുടെ സ്വന്തയിഷ്ടത്താൽ ഉളവായതല്ല; ദൈവപ്രചോദിദവും (2തിമോ, 3:16), ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതുമാണ്. (2പത്രൊ, 1:20-21). ആകയാൽ, ഇത് എഴുതിയവർക്കാകട്ടെ, സ്വർഗ്ഗത്തിലെ ദൂതന്മാർക്കാകട്ടെ ഇതിനെ തിരുത്തുവാനോ മാറ്റിമറിക്കാനോ അവകാശമില്ല. ഇതിനൊപ്പം, അഭക്തരായ ചില മനുഷ്യർ സഭയിൽ നുഴഞ്ഞുകയറി വിശ്വാസം മറിച്ചുകളയാൻ ഭാവിച്ചപ്പോൾ, ‘വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസം’ (1:3) എന്നു യൂദാ പറയുന്നതും ചേർത്ത് ചിന്തിക്കണം. എന്താണ് ‘ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസം’ എന്നു പറഞ്ഞാൽ? പൗലൊസ് ഗലാത്യരോടു പറഞ്ഞത് യൂദാ മറ്റൊരു രീതിയിൽ പറയുന്നുവെന്നു മാത്രം. അർത്ഥാൽ, പരിശുദ്ധാത്മാവ് ഒരിക്കലായി ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തെ വ്യാഖ്യാനിച്ച് വേറൊരുപദേശം ആക്കാൻ ആർക്കും അവകാശമില്ലെന്നർത്ഥം. പരിശുദ്ധാത്മാവ് ബൈബിളിൽ എഴുതിവെച്ചിരിക്കുന്നതിനു വിപരീതമായി, പണ്ഡിതനാകട്ടെ, പള്ളീലച്ചനാകട്ടെ, പാസ്റ്ററാകട്ടെ, മൂപ്പനാകട്ടെ ആരു പഠിപ്പിക്കാൻ വന്നാലും ‘പോ സാത്താനേ’ എന്നു പറയാനുള്ള ആർജ്ജവം വിശ്വാസികൾ കാണിക്കണം. അല്ലെങ്കിൽ, വിശ്വാസം ത്യജിച്ചു കളഞ്ഞിട്ട് വേറെവല്ല പണിക്കുംപോണം. ‘പുരുഷത്വം കാണിപ്പിൻ’ എന്നു ബൈബിൾ പറയുന്നുണ്ട്. അത്, ആരെയെങ്കിലും വെല്ലുവിളികാനോ, ശരീര ശക്തികൊണ്ട് കീഴ്പ്പെടുത്താനോ അല്ല; പ്രത്യുത, വിശ്വാസത്തിൽ ഉച്ചുനില്ക്കാനുള്ള പുരുഷത്വമാണ്. “ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.” (1കൊരി, 16:13). 

ഒരിക്കൽക്കൂടി പറയുന്നു; നിത്യാത്മാവെന്നല്ലാതെ (എബ്രാ, 1:14), പിതാവിനെ കുറിക്കുവാൻ ‘നിത്യപിതാവു’ എന്നൊരു പദമോ, പുത്രനെ കുറിക്കുവാൻ ‘നിത്യപുത്രൻ’ എന്നൊരു പദമോ ബൈബിളിൽ ഒരിടത്തുമില്ല. എന്നാൽ, ‘നിത്യപിതാവു’  എന്നു വിളിച്ചിരിക്കുന്നതാകട്ടെ, പുത്രനെയാണെന്നും (യെശ, 9:6) കുറിക്കൊള്ളുക. എബ്രായലേഖകനും ഇത് വ്യക്തമാക്കിയിട്ടുണ്ട്: (2:14-15). ഒന്നെങ്കിൽ, ‘ഏകദൈവമല്ലാതെ ദൈവമില്ല’ (1കൊരി, 8:4) എന്ന സാമാന്യ അറിവുണ്ടാകണം. അല്ലെങ്കിൽ, പഴയനിയമത്തിലെ യഹോവയെന്ന അതിപരിശുദ്ധ നാമമുള്ളവൻ തന്നെയാണ് ജഡത്തിൽ വെളിപ്പെട്ട യേശുക്രിസ്തു എന്ന തിരിച്ചറിവുണ്ടാകണം. അതുമല്ലെങ്കിൽ, സകലത്തിൻ്റെയും സൃഷ്ടിതാവും, സകലർക്കും ജീവനും ശ്വാസവും നല്കിയവനും, സകല മനുഷ്യർക്കുംവേണ്ടി ക്രൂശിൽ മരിച്ചവനും, നിത്യപിതാവുമായവൻ യേശുക്രിസ്തു ആണെന്ന സവിശേഷ വെളിപ്പാട് ബൈബിളിൽനിന്ന് ഓരോരുത്തനും പ്രാപിക്കണം. അതിനായി സർവ്വകൃപാലുവായ ദൈവം എല്ലാവരെയും സഹായിക്കട്ടയെന്നു പ്രാർത്ഥിക്കുന്നു! 

Leave a Reply

Your email address will not be published. Required fields are marked *