ക്രൂശിലെ മൊഴികൾ

ക്രൂശിലെ മൊഴികൾ (The words of the cross)

ക്രൂശിൽ കിടന്ന സമയത്ത് യേശു പറഞ്ഞ ഏഴു വാക്യങ്ങളാണ് ഇവ. ഇവയിൽ ഒന്നു മാത്രമാണ് രണ്ടു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു സുവിശേഷത്തിലും മൂന്നിലധികം മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. ക്രൂശും ചുമന്നുകൊണ്ട് യേശു എബ്രായഭാഷയിൽ ഗൊൽഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ അവനെ ക്രൂശിച്ചു. (യോഹ, 19:17,18). ലോകത്തിന്റെ പാപം വഹിച്ചുകൊണ്ട് രണ്ടു കളളന്മാർക്കു മദ്ധ്യേ യേശുവെന്ന ദൈവപുത്രൻ നിന്ദാപാത്രമായിത്തീർന്നു. ലജ്ജാകരമായ ക്രൂശുമരണം വരിച്ചു. രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം മൂന്നു മണിവരെ ആറു മണിക്കൂർ സമയം ക്രിസ്തു നിസ്സീമമായ വേദനയ്ക്കു വിധേയനായി. ഈ ആറു മണിക്കൂറിനുള്ളിലാണ് ഏഴുമൊഴികളും ഉച്ചരിച്ചത്. 

സൃഷ്ടി പുതുസൃഷ്ടിയുടെ നിഴലാണ്. ആറുദിവസം കൊണ്ട് ദൈവം സകലവും സൃഷ്ടിച്ചു; ഏഴാം ദിവസം സകല പ്രവൃത്തികളിൽ നിന്നും നിവൃത്തനായി. സൃഷ്ടിക്കു സമാന്തരമായി പുതുസൃഷ്ടിയുടെ വേലയാണ് ക്രൂശിന്മേൽ നടന്നത്. ആറുദിവസം കൊണ്ട് ദൈവം സൃഷ്ടി പൂർത്തിയാക്കിയതിനെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തു ആറാമത്തെ വാക്യമായി നിവൃത്തിയായി എന്നു പറഞ്ഞു. പുതിയ സൃഷ്ടിക്കുവേണ്ടി ചെയ്യേണ്ടതു മുഴുവൻ ചെയ്തുകഴിഞ്ഞു എന്നും വീണ്ടടുപ്പിന്റെ വേല പൂർത്തിയായി എന്നും അതു വെളിപ്പെടുത്തി. തുടർന്നു ഏഴാം ദിവസം ദൈവം സ്വസ്ഥമായിതിനു സമാന്തരമായി തന്റെ പ്രയത്നം പൂർത്തിയാക്കി കൃതകൃത്യതയോടെ ക്രിസ്തു ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഭരമേല്പിച്ചു. കുശിൽ കിടന്ന സമയത്തു ക്രിസ്തു ഉച്ചരിച്ച ഏഴുമൊഴികളും ഏഴു പ്രവചനങ്ങളുടെ നിവൃത്തിയാണ്. ക്രിസ്തു മൂന്നുപ്രാവശ്യം തിരുവെഴുത്തുകളെ പ്രത്യക്ഷമായി ഉദ്ധരിക്കുകയും, മറ്റുളളിടത്ത് അവയെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. 

1. പിതാവേ, ഇവർ ചെയ്യുന്നതു ഇന്നത് എന്നു അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ. (ലൂക്കൊ, 23:33,34) — അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. (യെശ, 53:12).

2. ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. (ലൂക്കൊ, 23:43) — അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം. (മത്താ, 1:21). 

3. സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട് ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. (യോഹ, 19:26,27) — നിന്റെ സ്വന്ത്രപാണനിൽ കൂടിയും ഒരു വാൾ കടക്കും. (ലൂക്കൊ, 2:35).

4. എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്? (മർക്കൊ, 15:34) — എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്? (സങ്കീ, 22:1).

5. എനിക്കു ദാഹിക്കുന്നു. (യോഹ, 19:28) — എന്റെ ദാഹത്തിനു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. (സങ്കീ, 69:21).

6. നിവൃത്തിയായി. (യോഹ, 19:30) — അവൻ നിവർത്തിച്ചിരിക്കുന്നു. (സങ്കീ, 22:31).

7. പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു. (ലൂക്കൊ, 23:46) — നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു. (സങ്കീ, 31:5). 

ക്രിസ്തുവിന്റെ ആദ്യത്തമൊഴി ആരും അർഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു. (ലൂക്കൊ, 23:34). റോമൻ പടയാളികൾക്കും യെഹൂദാ മത്രപ്രമാണികൾക്കും വേണ്ടി (പ്രവൃ, 3:17) ക്രിസ്തു പ്രാർത്ഥിച്ചു. ക്രൂശിനപ്പുറത്തു ക്രിസ്തുവിനു ലഭിക്കാൻ പോകുന്ന കീരിടവും മഹത്വവും കണ്ടു ‘യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളണമേ’ (ലൂക്കൊ, 23:42) എന്നനുതപിച്ചു പറഞ്ഞ കള്ളനോടു പറഞ്ഞതാണ് രണ്ടാമത്തെ മൊഴി. പാപക്ഷമയ്ക്കുവേണ്ടിയുള്ള അപേക്ഷയായിരുന്നു ഒന്നാമത്തെ മൊഴിയെങ്കിൽ പാപക്ഷമ നല്കുന്നതായിരുന്നു രണ്ടാമത്തെ മൊഴി. രാജത്വം പ്രാപിച്ചുവരുമ്പോൾ തന്നെയും ഓർക്കേണമേ എന്നായിരുന്നു അവന്റെ അപേക്ഷ. എന്നാൽ ആ നാൾ അവസാനിക്കുന്നതിനു മുമ്പുതന്നെ തന്നോടൊപ്പം അവൻ പറുദീസയിൽ ഇരിക്കും എന്നാണ് ക്രിസ്തു അവനു നല്കിയ ഉറപ്പ്. ‘ഓർക്കേണമേ’ എന്ന അപേക്ഷയ്ക്ക് തന്നോടുകൂടെ ആയിരിക്കുമെന്നായിരുന്നു ക്രിസ്തുവിന്റെ കൃപാപൂർണ്ണമായ മറുപടി. ക്രിസ്തുവിന്റെ പൗരോഹിത്യ പ്രാർത്ഥന ഇതിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. “പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടുകൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.” (യോഹ, 17:24). 

അമ്മയെയും പ്രിയശിഷ്യനെയും അഭിസംബോധന ചെയ്തു പറഞ്ഞ രണ്ടു വാക്യാംശങ്ങൾ ചേർന്നതാണ് മൂന്നാമത്തെ മൊഴി. ഏതവസ്ഥയിലും മററുളളവരോടു സഹതപിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതാണ് എന്നതിന്റെ മാതൃകയാണിത്. ശാരീരികപീഡയും പ്രാണവേദനയും അതിഭയങ്കരമായി അനുഭവിക്കുന്ന സമയത്തും യേശു സ്വന്തം അമ്മയെ ഓർക്കുകയും അവരുടെ ഭാവിക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ശിമോന്റെ പ്രവചനം പോലെ ആ അമ്മയുടെ പ്രാണനിൽ കൂടി ഒരു വാൾ കടക്കുകയായിരുന്നു. (ലൂക്കൊ, 2:34,35). ശിഷ്യന്മാർ വിട്ടോടിയതും സുഹൃത്തുക്കൾ ഉപേക്ഷിച്ചതും സ്വന്തജനം ത്യജിച്ചതും പുരുഷാരം പരിഹസിച്ചതും ദുഷ്പ്രവൃത്തിക്കാർ ആക്ഷേപിച്ചതും പടയാളികൾ ക്രൂരമായി ഉപദ്രവിച്ചതും മുൾക്കിരീടത്തിലെ മുള്ളുകളേറ്റു രക്തം വാർന്നൊഴുകിയതും എല്ലാം നേരിൽ കണ്ടു ദുഃഖം ഹൃദയത്തിലൊതുക്കിനിന്ന മറിയയ്ക്ക് യേശുവിന്റെ വാക്കുകൾ ആശ്വാസം നല്കിയിരിക്കണം. 

ക്രൂശിൽ നിന്നുയർന്ന ഏഴുമൊഴികളിൽ ആദ്യത്തെ മുന്നും അന്ധകാരം ഭൂമിയെ ആവരണം ചെയ്യുന്നതിനു മുമ്പായിരുന്നു; അവസാനത്തെ മൂന്നുമൊഴികളും അന്ധകാരം മാറിയശേഷവും. എന്നാൽ നാലാം മൊഴി അന്ധകാരം അവസാനിക്കാറായ സമയം പറഞ്ഞതായിരുന്നു. ദൈവത്തിന്റെ ക്രോധാഗ്നിയിൽ തൻ്റെ ഏകജാതനായ പുത്രൻ എരിയുന്ന സമയമായിരുന്നു അത്. ഒന്നാമത്തേതും ഒടുവിലത്തേതും പോലെ ഇതും ദൈവത്തോടുള്ള ഭാഷണമാണ്. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കെവിട്ടതെന്ത്?” (മത്താ, 27:46; മർക്കൊ, 15:34) എന്ന് അരാമ്യ ഭാഷയിലായിരുന്നു അത്. യേശുവിൻ്റെ നിലവിളി ദൈവക്രോധത്തിൻ്റെ തീവ്രത നമുക്ക് വെളിപ്പെടുത്തിത്തരുന്നു. നാലാമത്തെ മൊഴിയെ തുടർന്നു ക്രിസ്തു പ്രസ്താവിച്ചു ‘എനിക്കു ദാഹിക്കുന്നു.’ (യോഹ, 19:28). ഇത് സങ്കീർത്തനം 69:21-ൻ്റെ നിറവേറലായി യോഹന്നാൻ രേഖപ്പെടുത്തുന്നു. ഈ മൊഴിയിൽ മാത്രമാണ് യേശുക്രിസ്തുവിൻ്റെ ശാരീരികവേദനയെക്കുറിച്ചു സൂചനയുള്ളത്. മണിക്കൂറുകൾക്കു മുമ്പ് ഗൊല്ഗോഥായിൽ എത്തിയപ്പോൾ യേശുവിനു അവർ കൈപ്പുകലർത്തിയ വീഞ്ഞു കുടിപ്പാൻ കൊടുത്തതായിരുന്നു. പക്ഷേ ക്രിസ്തു അതു നിരസിച്ചു. (മത്താ, 27:33,34; മർക്കൊ, 15:23). ഇപ്പോഴാകട്ടെ ഒരുവൻ ഒരു സ്പോഞ്ച് എടുത്ത് പുളിച്ച വീഞ്ഞു നിറച്ചു ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിപ്പാൻ കൊടുത്തു. (മത്താ, 27:48; യോഹ, 19:29). യേശു അതു കുടിച്ചു. 

ആറാമത്തെ മൊഴി ഗ്രീക്കിൽ ടെടെലെസ്റ്റയ് എന്ന് ഏകപദമാണ്. (യോഹ, 19:30). നിവൃത്തിയായി എന്നത് ജേതാവിന്റെ വിജയധ്വനിയാണ്; അല്ലാതെ, പരാജിതൻ്റെ ദീനാലാപനമല്ല. പ്രവൃത്തി വിജയകരമായി പരിസമാപിച്ചതിന്റെ പ്രതിധ്വനിയാണ്; അല്ലാതെ, വേദനയ്ക്കറുതി വന്നു എന്ന ആശ്വാസനിശ്വാസമല്ല. (യോഹ, 17:4). പിതാവായ ദൈവം തന്നെ ഏല്പിച്ച പ്രവൃത്തി നിവൃത്തിയായി, പഴയനിയമപ്രവചനങ്ങളും പ്രതിരൂപങ്ങളും നിവൃത്തിയായി. പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു (എബ്രാ, 10:12,13) എന്നേക്കുമുള്ളാരു വീണ്ടെടുപ്പ് സാധിപ്പിച്ചു. (എബ്രാ, 9:22). പ്രാണത്യാഗത്തിനു മുമ്പ് തന്റെ ഒടുവിലത്തെ പ്രവൃത്തിയെ സൂചിപ്പിച്ചുകൊണ്ട് ക്രിസ്തു ഉറക്കെ നിലവിളിച്ചു പറഞ്ഞതാണ് ഏഴാംമൊഴി. (ലൂക്കൊ, 23:46). തന്റെ ഏറ്റവും ശ്രേഷ്ഠമായ ഉപനിധി സൂക്ഷിക്കാൻ ക്രിസ്തു ഏല്പിച്ചത് ആത്മാക്കൾക്കു ഉടയവനായ ദൈവത്തെയാണ്. (സംഖ്യാ, 16:22). ക്രൂശിൽ നിന്നുള്ള ക്രിസ്തുവിന്റെ മൊഴികൾ ആരംഭിച്ചതും അവസാനിച്ചതും ‘പിതാവേ’ എന്ന സംബോധനയിൽ ആയിരുന്നു.

One thought on “ക്രൂശിലെ മൊഴികൾ”

Leave a Reply

Your email address will not be published. Required fields are marked *