സർഗ്ഗോൻ

സർഗ്ഗോൻ (Sargon)

പേരിനർത്ഥം – സൂര്യൻ്റെ പ്രഭു

അശ്ശൂർ രാജാവ് (722-705 ബി.സി). സർഗ്ഗോന്റെ പേർ ബൈബിളിൽ പറഞ്ഞിട്ടുള്ളത് യെശയ്യാവ് 20:1-ൽ മാത്രമാണ്. മുൻഗാമിയായ ശല്മനേസ്സർ അഞ്ചാമൻ ബി.സി. 724-ൽ ശമര്യയെ നിരോധിച്ചു. ഈ നിരോധനകാലത്ത് ശല്മനേസ്സർ മരിച്ചു. ബി.സി. 721-ൽ സർഗ്ഗോൻ ശമര്യ പിടിച്ചു. എന്നാൽ ശമര്യയുടെ പതനവുമായി ബന്ധപ്പെടുത്തി സർഗ്ഗോന്റെ പേർ ബൈബിളിൽ പറഞ്ഞിട്ടില്ല. (2രാജാ, 17:1-6). ശമര്യയുടെ പതനത്തിനു ശേഷമാണ് സർഗ്ഗോൻ രാജാവായതെന്നു വിശ്വസിക്കുന്നവരുണ്ട്. സർഗ്ഗോൻ രാജാവായ ഉടൻതന്നെ ഏലാമ്യരുടെ സഹായത്തോടുകൂടി ബാബിലോന്യർ അശ്ശൂരിനെതിരെ മത്സരിച്ചു. അവരെ സർഗ്ഗോൻ കീഴടക്കി. ഗസ്സയെ സഹായിക്കാനെത്തിയ മിസ്രയീം രാജാവ് സോയെ സർഗ്ഗാൻ പരാജയപ്പെടുത്തി. (2രാജാ, 17:4). ഹിത്യരുടെ മഹാനഗരമായ കർക്കെമീശിനെ ബി.സി. 717-ൽ സർഗ്ഗോൻ പിടിച്ചു. യെഹൂദാ അശ്ശൂരിനെതിരെ മത്സരിച്ചു. യെഹൂദയെ കീഴടക്കി എന്നു സർഗ്ഗോൻ അവകാശപ്പെടുന്നെങ്കിലും പറയാവുന്ന ദോഷമൊന്നും യെഹൂദയ്ക്ക് സംഭവിച്ചില്ല. സർഗ്ഗോന്റെ പുത്രനായ സൻഹേരീബിനോടു ഹിസ്ക്കീയാരാജാവു മത്സരിച്ചുവല്ലോ. നീനെവേക്കു 16 കി.മീ വടക്കുകിഴക്കായി ഒരു പുതിയ കൊട്ടാരവും രാജകീയ നഗരവും പണിതു ദുർ-ഷറ്റുകിൻ എന്നു പേരിട്ടു. ബി.സി. 705-ൽ സർഗ്ഗോൻ വധിക്കപ്പെട്ടു. തുടർന്നു പുത്രനായ സൻഹേരീബ് രാജാവായി.

Leave a Reply

Your email address will not be published. Required fields are marked *