സദൃശവാക്യങ്ങൾ

സദൃശവാക്യങ്ങൾ (Book of Proverbs)

പഴയനിയമത്തിലെ ഇരുപതാമത്തെ പുസ്തകം. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) പെടുന്നു. ബൈബിളിലെ ഏറ്റവും ദീർഘമായ പേര് ഈ പുസ്തകത്തിനാണ്. ‘യിസ്രായേൽ രാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.’ (1:1). ശലോമോന്റെ സദൃശവാക്യങ്ങൾ (മിഷ്ലെ ഷ്ളോമോ) എന്നും, ചുരുക്കി സദൃശവാക്യങ്ങൾ (മിഷ്ലെ) എന്നും വ്യവഹരിക്കുന്നുണ്ട്. റബ്ബിമാരുടെ പാരമ്പര്യമനുസരിച്ചു സങ്കീർത്തനങ്ങൾക്കും ഇയ്യോബിനും ശേഷം അഥവാ അവയ്ക്കിടയിലാണ് സദൃശവാക്യങ്ങളുടെ സ്ഥാനം. റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ഇയ്യോബ് മോശെയും സങ്കീർത്തനങ്ങൾ ദാവീദും സദൃശവാക്യങ്ങൾ ഹിസ്ക്കീയാരാജാവും എഴുതി. ഈ കാലാനുക്രമമാണ് ഇയ്യോബ് സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ എന്ന ക്രമത്തിനടിസ്ഥാനം. ശലോമോന്റെ പുസ്തകങ്ങൾ അനുക്രമമായി വരത്തക്കവിധം സെപ്റ്റജിന്റ് സദൃശവാക്യങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതം എന്നിങ്ങനെ പുന:ക്രമീകരിച്ചു. 

ഗ്രന്ഥകർത്താവ്: സദൃശവാക്യങ്ങൾ മുഴുവൻ ശലോമോൻ എഴുതി എന്നാണ് കരുതപ്പെടുന്നത്. (സദൃ, 1:1; 10:1; 25:1. എഴുത്തുകാരനെ സംബന്ധിച്ചുള്ള ഏഴു സൂചനകൾ പുസ്കത്തിലുണ്ട്. 1. ശലോമോന്റെ സദൃശവാക്യങ്ങൾ: (1:1). 2. ശലോമോന്റെ വചനങ്ങൾ: (10:1). 3. ജ്ഞാനിയുടെ വചനങ്ങൾ: (22:17). (4) ഇവയും ജ്ഞാനിയുടെ വചനങ്ങൾ: (24:23). 5. ശലോമോന്റെ സദൃശവാക്യങ്ങൾ: (25:1). 6. യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ: (30:1). 7. ലെമൂവേൽ രാജാവിന്റെ വചനങ്ങൾ: (31:1). ആദ്യത്ത ഇരുപത്തിനാല് അദ്ധ്യായങ്ങൾ ശലോമോൻ എഴുതി എന്നതിനു സംശയമില്ല. 25-29 അദ്ധ്യായങ്ങൾ ശലോമോന്റെ സദൃശവാക്യങ്ങളാണെന്നും അവയെ ഹിസ്ക്കീയാരാജാവിന്റെ ആളുകൾ ശേഖരിച്ചിരിക്കുന്നു എന്നും ആമുഖമായി പ്രസ്താവിച്ചിട്ടുണ്ട്. ശലോമോന്റെ സദൃശവാക്യങ്ങളെ ശേഖരിച്ചു പില്ക്കാലത്ത് പ്രസാധനം ചെയ്തിരിക്കണം. ഈ പുസ്തകത്തിന്റെ സംശോധനത്തിൽ ഹിസ്ക്കീയാവിന്റെ ആളുകളുടെ പങ്ക് എന്താണെന്നതു് വ്യക്തമല്ല. ഹിസ്ക്കീയാരാജാവിന്റെ കാലംവരെ ഈ സദൃശവാക്യങ്ങൾ വാചികമായി സംപ്രേഷണം ചെയ്തു വന്നിരുന്നു എന്നും ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ പകർത്തി എഴുതി എന്നും ധരിക്കുകയാണ് യുക്തം. യാക്കേയുടെ മകനായ ആഗൂർ (30:1), ലെമൂവേൽ രാജാവ് (31:1) എന്നീ എഴുത്തുകാരെക്കുറിച്ച് യാതൊരു അറിവും ലഭ്യമല്ല. ഇവ ശലോമോന്റെ തന്നെ പേരുകളായി കരുതുന്നവരുമുണ്ട്. 

ഉദ്ദേശ്യം: സദൃശവാക്യങ്ങളുടെ ഉദ്ദേശ്യം 1:2-7 വാക്യങ്ങളിൽ സംഗ്രഹിച്ചിരിക്കുന്നു. ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പ്രബോധനവും പരിജ്ഞാനവും വകതിരിവും സദുപദേശവും സമ്പാദിപ്പാനും വിദ്യാഭിവൃദ്ധി പ്രാപിപ്പാനും വേണ്ടിയുള്ളതാണ് സദൃശവാക്യങ്ങൾ. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്നതാണാ അധിഷ്ഠാനവാക്യം. (1:7). 31 അദ്ധ്യായങ്ങളുള്ള ഈ പുസ്തകം സാന്മാർഗ്ഗിക പ്രമാണങ്ങളെ ചെറുവാക്യങ്ങളിൽ സംക്ഷേപിച്ചിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.” സദൃശ്യവാക്യങ്ങൾ 1:7.

2. “ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.” സദൃശ്യവാക്യങ്ങൾ 4:5.

3. “യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു. ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.” സദൃശ്യവാക്യങ്ങൾ 8:13.

ഉള്ളടക്കം: 1. ജ്ഞാനത്തിന്റെ പ്രാധാന്യം: 1:1-9:18.

ഉദ്ദേശ്യത്തെ സംബന്ധിക്കുന്ന ആമുഖ പ്രസ്താവനയെ തുടർന്നു (1:1-6) ജ്ഞാനത്തിന്റെ സ്വരൂപത്തെയും മൂല്യത്തെയും കുറിച്ചു എഴുത്തുകാരൻ സ്വപുത്രനെ അഥവാ ശിഷ്യനെ പഠിപ്പിക്കുന്നു. ഈ ഭാഗത്തു ആശയങ്ങൾ, അല്പം ദീർഘമായി തന്നെ പദ്യരൂപത്തിൽ അവതരിപ്പിക്കുന്നു. ജ്ഞാനം അന്വേഷിക്കുന്നതിന്റെയും ബുദ്ധിഹീനമായി ജീവിക്കുന്നതിന്റെയും ഫലങ്ങളെ വ്യതിരേകരൂപേണ താരതമ്യപ്പെടുത്തുന്നു. ചില പ്രത്യേക ദോഷങ്ങൾ എടുത്തുകാണിക്കുന്നു. രക്തപാതകം, അക്രമം (1:10-19; 4:14-19), ജാമ്യം നില്ക്കൽ (6:1-5), ആലസ്യം (6:6-11), വക്രത (6:12-15), ദുർന്നടപ്പ് (2:16-19; 5:3-20; 6:23-35; 7:4-27; 9:13-18) എന്നിവ ഉപേക്ഷിക്കുന്നവനു സന്തോഷം, ദീർഘായുസ്സ്, ധനം, ബഹുമാനം എന്നിവ ലഭിക്കും. (3:13-18). ഇതിന്റെ ആഴമായ മതസ്വഭാവം (1:7; 3:5-12), ധാർമ്മിക സ്വഭാവം, ധർമ്മോദ്ബോധനരീതി എന്നിവ ആവർത്തന പുസ്തകത്തെ അനുസ്മരിപ്പിക്കുന്നു. 

2. ശലോമോന്റെ സദൃശവാക്യങ്ങൾ: 10:1-22:16.

ഈ സമാഹാരത്തിൽ സുമാർ 375 സദൃശവാക്യങ്ങൾ ഉണ്ട്. അവയുടെ ഘടന 10-15അ. വരെ വ്യതിരേകപരവും, 16-22അ. വരെ സംശ്ലേഷണപരവുമാണ്. പല സദൃശവാക്യങ്ങൾക്കും തമ്മിൽ പരസ്പരബന്ധമില്ല. അതിനാൽ ഒരു വർഗീകരണം അസാദ്ധ്യമാണ്. യിസ്രായേലിന്റെ വിശ്വാസത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന ഇവയിൽ ദൃശ്യമല്ല. എന്നാൽ അനുദിന ജീവിതത്തിന്റെ പ്രായോഗിക നിരീക്ഷണങ്ങൾ ഇവയിൽ പ്രതിഫലിക്കുന്നുണ്ട്. 

3. ജ്ഞാനിയുടെ വചനങ്ങൾ: 22:17-24:22.

ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ (24:23) എന്ന പ്രസ്താവന ഇതൊരു പ്രത്യേക ശേഖരമാണെന്നു കാണിക്കുന്നു. ഈ നീതിവാക്യങ്ങൾ പ്രധാന പ്രതിപാദ്യത്തോടു ഉറ്റബന്ധം പുലർത്തുന്നു. അനേകം വിഷയങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു: എളിയവനെ ആദരിക്കൽ (22:22, 27), രാജാവിനോടുള്ള ബഹുമാനം (23:1-3; 24:21,22), കുട്ടികളുടെ ശിക്ഷണം (23:13,14), ആത്മനിയന്ത്രണം (23:19-21, 29-35; 23:26-28), മാതാപിതാക്കളോടുള്ള ബഹുമാനം (23:22-25) മുതലായവ. മതപരമായ കാര്യങ്ങളും വിരളമല്ല: (22:19, 23; 24:18, 21). 

4. ജ്ഞാനിയുടെ അനുബന്ധ സൂക്തങ്ങൾ: 24:23-34.

ഇതൊരു ചെറിയ സമാഹാരമാണ്. ഈ ഖണ്ഡത്തിലും ഒരു ക്രമം ദൃശ്യമല്ല. വളരെ സംക്ഷിപ്തമായ സദൃശവാക്യങ്ങളും (വാ,26), വികസിപ്പിച്ച നീതിവാക്യങ്ങളും (വാ,30-34) ഈ ഭാഗത്തുണ്ട്. മതപരമായ ഘടകം പ്രബലമല്ല. എന്നാൽ സാമൂഹിക ഉത്തരവാദിത്വത്തിനു ഊന്നൽ നല്കുന്നുണ്ട് (വാ.28,29). 

5. ശലോമോന്റെ സദൃശവാക്യങ്ങൾ: 25:1-29:27.

ഈ ഭാഗം ഉള്ളടക്കത്തിൽ രണ്ടാംഭാഗത്തിനു സദൃശമാണ്. ഇതിലെ സദൃശവാക്യങ്ങൾ ദൈർഘ്യത്തിൽ വ്യത്യസ്തങ്ങളാണ്. വിപരീതസമാന്തരത ഈ ഭാഗത്തു കുറവാണ്. 28-ഉം, 29-ഉം അദ്ധ്യായങ്ങളിൽ വിപരീത സമാന്തരതയുടെ പല ഉദാഹരണങ്ങളുണ്ട്. ഹിസ്ക്കീയാരാജാവും കൂട്ടരും സദൃശവാക്യങ്ങൾ എഴുതി എന്ന തല്മൂദിലെ പ്രസ്താവനക്കടിസ്ഥാനം 25:1 ആണ്. പുസ്തകത്തിന്റെ സംശോധനത്തിൽ ഹിസ്ക്കീയാവിന്റെ ആളുകളുടെ പങ്കു എന്താണെന്നു വ്യക്തമല്ല. ഹിസ്ക്കീയാരാജാവിന്റെ കാലം വരെ ഈ സദൃശവാക്യങ്ങൾ വാചികമായി സംപ്രേഷണം ചെയ്തുവന്നു എന്നും ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ പകർത്തി എഴുതി എന്നും ധരിക്കുകയാണു് യുക്തം. 

6. ആഗൂറിന്റെ വചനങ്ങൾ: 30:1-33. 

ആഗൂറും പിതാവായ യാക്കേയും ആരാണെന്നറിയുവാൻ പാടില്ല. ഇഥിയേൽ, യുക്കാൾ എന്നീ പേരുകളും (പി.ഒ.സി. ബൈബിൾ) ഏതെന്നു പറയുവാൻ നിവൃത്തിയില്ല. 30:1-ലെ അരുളപ്പാടിനെ കുറിക്കുന്ന ‘മസ്സാ’ എന്ന എബ്രായപദം സംജ്ഞാനാമമാണെന്ന് മനസ്സിലാക്കുന്നവരുണ്ട്. ആദ്യത്തെ ചില വാക്യങ്ങൾ വ്യാഖ്യാനിക്കുവാൻ പ്രയാസമാണ്. അജ്ഞയതാ വാദത്തിന്റെ സ്വരം ഇതിൽ നിഴലിക്കുന്നുണ്ട്. മാറ്റമില്ലാത്ത ദൈവവചനത്തിന്റെ ഒരു പ്രസ്താവനയാൽ (30:5,6) ഈ അജ്ഞയതാ വാദത്തിനു മറുപടി നൽകുന്നു. ഹൃദയാവർജ്ജകമായ പ്രാർത്ഥനയാണു് 7-9 വാക്യങ്ങൾ. തുടർന്നുള്ള നീതിമൊഴികളിൽ പലതിനും നാലു എന്ന അക്കം പ്രയോഗിച്ചിരിക്കുന്നതു കാണാം. 

7. ലെമൂവേലിന്റെ വചനങ്ങൾ: 31:1-9. 

ലെമൂവേൽ മസ്സാരാജാവാണെന്നു പറയപ്പെടുന്നു. സത്യവേദ പുസ്തകത്തിൽ മസ്സയെ അരുളപ്പാടെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭോഗാസക്തി, മദ്യാസക്തി എന്നിവയ്ക്കെതിരെയുള്ള താക്കീതുകൾ അമ്മയുടെ ഉപദേശത്തിലുണ്ട്. ഈ ഭാഗത്തു അരാമ്യഭാഷയുടെ സ്വാധീനം ദൃശ്യമാണ്. 31:10-31-ൽ ഒരു സാമർത്ഥ്യമുള്ള ഭാര്യയെ പ്രകീർത്തിക്കുന്നു. ഈഭാഗത്തിനു പ്രത്യേകശീർഷകം ഇല്ല. എന്നാലത് മുൻഭാഗത്തു നിന്നും വ്യത്യസ്തവുമാണ്. ഉത്സാഹവതിയും വിവേകമതിയും ഭക്തയുമായ സ്ത്രീയെ വർണ്ണിച്ചുകൊണ്ട് സദൃശവാക്യങ്ങൾ സമാപിക്കുന്നു.

പൂർണ്ണവിഷയം

ഉദ്ദേശ്യവും പ്രതിപാദ്യവിഷയവും: 1:1-7
ഭോഷന്മാരെ വിട്ടുകളയുന്നതിനുള്ള പ്രബോധനം: 1:8-19
ജ്ഞാനം വിളിക്കുന്നു. മുന്നറിപ്പ് നല്കുന്നു: 1:20-33
ജ്ഞാനം അന്വേഷിക്കുന്നത്, കണ്ടെത്തുന്നത് 2:1-8
ജ്ഞാനത്തിന്റെ ചില പ്രയോജനങ്ങൾ 2:9—3:2
ജ്ഞാനമാര്‍ഗ്ഗത്തിൽ നടക്കുന്ന വിധം 3:3-12
സ്വര്‍ണ്ണത്തേക്കാൾ വിലയേറിയ ജ്ഞാനം 3:13-18
ജ്ഞാനത്തിന്റെ കൂടുതൽ പ്രയോജനങ്ങൾ 3:21-26
മറ്റുള്ളവരോടുള്ള ജ്ഞാനത്തോടെയുള്ള പെരുമാറ്റം 3:27-32
ദൈവത്തിന്റെ ശാപം 3:33-35
വലിയകാര്യങ്ങൾ നേടുവാനുള്ള ആഹ്വാനം 4:1-27
ലൈംഗിക അധാര്‍മ്മികത വിട്ടൊഴിയുന്നതിനുള്ള പ്രബോധനം 5:1-23
ഭോഷത്വത്തിനും അലസതക്കും എതിരായുള്ള മുന്നറിയിപ്പുകൾ 6:1-15
ദൈവം വെറുക്കുന്ന 7 കാര്യങ്ങൾ 6:16-19
ലൈംഗിക അധാര്‍മ്മികത: കൂടുതൽ പ്രബോധനങ്ങൾ 6:20—7:27
ജ്ഞാനം വിളിക്കുന്നു 8:1-20
ജ്ഞാനം ശാശ്വതം ആകുന്നു 8:21-31
ജീവനും മരണവും 8:32-36
ജ്ഞാനം ഒരു ക്ഷണം നല്കുന്നു 9:1-12
ഭോഷത്വവും മനുഷ്യരെ ക്ഷണിക്കുന്നു 9:13-18
വിവിധ വിഷയങ്ങളെ സംബന്ധിച്ചള്ള സദൃശ്യവാക്യങ്ങൾ: 10:1—22:16
-ജ്ഞാനികളെക്കുറിച്ച് 10:1,8,19; 11:30; 13:1,14; 14:1,16; 15:7,24.
-നീതിമാന്മാരെക്കുറിച്ച് 10:6,11,20,21,25,28,29-32; 11:19,23,30; 12:21; 13:5,9; 14:32; 15:29; 18:10; 20:7
ഭോഷന്മാരെക്കുറിച്ച്: 10:18,23; 12:15; 13:19; 14:8-9; 15:2,5; 17:10,12; 18:2
ദുഷ്പ്രവൃത്തിക്കാരെക്കുറിച്ച് 10:7,16,32; 11:7,21,23; 12:5,10; 15:8-9; 16:4; 17:23; 21:4,27
ശ്രദ്ധേയമായ ചില സദൃശ്യവാക്യങ്ങൾ: 11:2,20; 12:1,22,28; 14:2,12,26,27,31,34; 15:4,32; 16:2-3,4,5; 16:8; 9:16,18; 17:1,9,22; 18:19,21; 19:3,5,17,21,24; 20:27; 21:1,3,6,30; 22:6,13
ശലോമോന്റെ കൂടുതൽ സദൃശ്യ വാക്യങ്ങൾ 25:1—29:27
മറ്റ് ശ്രദ്ധേയമായ വാക്യങ്ങൾ 25:21-22,28; 26:11,15,17,27; 27:1,17,20,21; 28:1,13,14; 29:1-5
ആഗൂരിന്റെ വചനങ്ങൾ 30:1-33
ലെമൂവേലിൽ രാജാവിന്റെ വചനങ്ങൾ 31:1-9
ഉത്തമസ്വഭാവമുള്ള ഒരു ഭാര്യയുടെ വര്‍ണ്ണന 31:10-31

Leave a Reply

Your email address will not be published.