ശബ്ബത്ത്

ശബ്ബത്ത്

യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും, ആരാധനാദിനവുമാണ് ശബ്ബത്ത്. സൃഷ്ടിയുടെ കാലത്ത് ശബ്ബത്ത് വ്യവസ്ഥാപിതമായി. സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത് ദൈവം ഏഴാം ദിവസമായ ശബ്ബത്തിനെ വിശുദ്ധീകരിക്കുന്നതോടു കൂടിയാണ്. ഏഴാം ദിവസം ദൈവം തന്റെ സർഗ്ഗപ്രവർത്തനത്തിൽ നിന്നും സ്വസ്ഥനായി. “താൻ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയിൽ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ,2:3). ഉല്പത്തി പുസ്തകത്തിൽ ശബ്ബത്തിനെക്കുറിച്ചു അന്യപരാമർശം ഇല്ല. എന്നാൽ പ്രളയത്തോടുള്ള ബന്ധത്തിൽ ഏഴുദിവസം വീതമുള്ള കാലയളവിനെക്കുറിച്ചു. പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (ഉല്പ്, 7:4,10, 8:10,12). യാക്കോബിന്റെ ഹാരാനിലെ ജീവിതത്തോടുള്ള ബന്ധത്തിൽ ഒരു പ്രാവശ്യവും. (ഉല, 29:27,28). ഇതിൽ നിന്നും കാലത്തിന്റെ സപ്തകവിഭജനം അറിയപ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാം.

പുറപ്പാട് 16:21-30-നു മുമ്പ് ശബ്ബത്ത് പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. യിസ്രായേല്യർ സീനായ് പർവ്വതത്തിൽ എത്തുന്നതിനു മുമ്പു സീൻ മരുഭൂമിയിൽ വച്ചു ദൈവം അവർക്കു മന്ന നല്കി. ആറാമത്തെ ദിവസം പതിവിൽ ഇരട്ടിയാണ് നല്കിയത്. ഏഴാം ദിവസം ജോലി ചെയ്യാതെ വിശ്രമമായി ആചരിക്കുവാനായിരുന്നു അപകാരം ചെയ്തത്. “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്യാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23). തുടർന്ന് സീനായിൽ വച്ചു് പത്തു കല്പനകൾ നല്കി. (പുറ, 20:1-17). അതിൽ ഏഴാം ദിവസം ശബത്തായി ആചരിക്കണമെന്നു നാലാം കല്പനയിൽ നിർദ്ദേശം നല്കി. (പുറ, 20:8). ശബ്ബത്ത് ആചരിക്കുവാനുള്ള കാരണമായി പറഞ്ഞത് ദൈവം സൃഷ്ടിപ്പിൽ നിന്ന് ഏഴാം ദിവസം നിവൃത്തനായി, ആ ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു എന്നതാണ്. ഈ ദിവസം മനുഷ്യനു ശാരീരികമായും ആത്മികമായും അനുഗ്രഹമായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ലേവ്യനിയമങ്ങളിൽ ശബ്ബത്തിനെക്കുറിച്ച് ഇടയ്ക്കിടെ പറയുന്നുണ്ട്. ശബ്ബത്തിന് വിശുദ്ധസഭായോഗം കൂടേണ്ടതാണ്. (ലേവ്യ, 23:3). യഹോവ തങ്ങളെ ശുദ്ധീകരിക്കുന്നു എന്ന് യിസ്രായേല്യരെ ഓർപ്പിക്കുന്നതാണ് ശബ്ബത്ത്. (പുറ, 31:12). നാല്പതു വർഷത്തിനു ശേഷം ശബ്ബത്ത് ആചരിക്കേണ്ട ദൈവകല്പനയെക്കുറിച്ച് മോശെ യിസ്രായേല്യരെ ഓർപ്പിച്ചു. മിസയീമ്യ അടിമത്തത്തിൽ നിന്നു ദൈവം അവരെ വിടുവിച്ചതു കൊണ്ട് ശബ്ബത്ത് ആചരിക്കാനുള്ള പ്രത്യേക കടപ്പാടവർക്കുണ്ട്. (ആവ, 5:15).

യെഹൂദന്മാരുടെ ശബ്ബത്ത് ബാബിലോന്യമാണെന്നു തെളിയിക്കുവാനുള്ള ശ്രമം ചില പഴയനിയമ വിമർശകന്മാർ നടത്തിക്കാണുന്നു. ഓരോ മാസത്തിലേയും 7, 14, 19, 21, 28 എന്നീ തീയതികളിൽ ചില പദാർത്ഥങ്ങൾ വർജ്ജിക്കുന്ന ചിട്ട ബാബിലോന്യരുടെ ഇടയിൽ ഉണ്ടായിരുന്നതിനു തെളിവുണ്ട്. എന്നാൽ 19, ഏഴിന്റെ ക്രമം തെറ്റിക്കുന്നു. മാത്രവുമല്ല, ബാബിലോന്യ ആചാരത്തിനേക്കാൾ വളരെ പഴക്കമുള്ളതാണു ശബ്ബത്ത്. വിശ്രമം, ആരാധന, ദൈവിക കരുണ എന്നിവയുമായല്ലാതെ വിലക്കുകളുമായി ബന്ധപ്പെട്ടതല്ല യെഹൂദ്യശബ്ബത്ത്.

മോശയുടെ കാലശേഷം ശബ്ബത്ത് അമാവാസ്യയോടു ചേർത്തു പറഞ്ഞുകാണുന്നുണ്ട്. (2രാജാ, 4:23, ആമോ, 8:5, ഹോശേ, 2:11, യെശ, 1:13, യെഹെ, 46:3). പ്രവാചകന്മാർ ശബ്ബത്തിനെ ഉന്നതമായി കരുതി. ശബ്ബത്തിനെ ജനം അശുദ്ധമാക്കിയ പാപം പ്രവാചകന്മാർ ഏറ്റുപറഞ്ഞു. യെശ, 56:2,4, 58:13, യിരെ, 17:21-27, യെഹെ, 20:12-24). ശബ്ബത്തിനു രണ്ടു കുഞ്ഞാടുകളെ അർപ്പിക്കേണ്ടിയിരുന്നു. (സഖ്യാ, 28:9). പന്ത്രണ്ടു കാഴ്ചയപ്പവും. (ലേവ്യ, 24:5-9, 1ദിന, 9:32). മന:പൂർവ്വം ശബ്ബത്ത് ലംഘിക്കുന്നവനു മരണശിക്ഷയാണ്. (സംഖ്യാ, 15:32-36). ശബ്ബത്തിനു ഒരു യിസ്രായേല്യൻ തീ കത്തിക്കുവാൻ പോലും പാടില്ല. ശബ്ബത്തിനുവേണ്ടി എഴുതപ്പെട്ടതാണ് 92-ാം സങ്കീർത്തനം. യഹോവയുടെ ആരാധനയിലും പ്രവൃത്തികളിലുമുള്ള ആനന്ദം അത് വർണ്ണിക്കുന്നു. ശബ്ബത്ത് ലംഘിച്ചു തൊഴിലുകളിൽ ഏർപ്പെട്ടവർക്കെതിരെ നെഹെമ്യാവ് കർശന നടപടികൾ എടുക്കുകയും, അവരെ ശകാരിക്കുകയും ചെയ്തു. (നെഹെ, 13:15-22).

പ്രവാസകാലത്തു സിനഗോഗുകൾ രൂപം കൊണ്ടു. അതോടുകൂടി ആരാധന ന്യായപ്രമാണപഠനം, വിശ്രമം എന്നിവയുടെ ദിവസമായി ശബ്ബത്ത് മാറി. അപ്പൊക്രിഫാ ഗ്രന്ഥങ്ങളിൽ ശബ്ബത്തിനെക്കുറിച്ചുള്ള പരാമർശങ്ങൾ അധികമില്ല. അന്ത്യാക്കസ് എപ്പിഫാനസ് ശബ്ബത്തിനെ നീക്കിക്കളയുവാൻ ശ്രമിച്ചു (168 ബി.സി.) മക്കാബ്യയുദ്ധത്തിന്റെ തുടക്കത്തിൽ സ്വയരക്ഷയ്ക്കുവേണ്ടി പോലും യുദ്ധം ചെയ്ത് ശബ്ബത്തിനെ അശുദ്ധമാക്കാതിരിക്കുവാൻ വേണ്ടി യെഹൂദാപടയാളികൾ കൊല്ലപ്പെടുവാൻ സ്വയം എല്പ്പിച്ചു കൊടുത്തു. ഇങ്ങനെ ആയിരം യെഹൂദന്മാർ കൊല്ലപ്പെട്ടപ്പോൾ ശബ്ബത്തിൽ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുന്നത് അനുവദനീയം ആമാണെന്നവർ തീരുമാനിച്ചു. എന്നാൽ ഒരിക്കലും ആക്രമണപരമായ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെടുകയില്ല. (1മക്കാ, 2:31-41).

എസ്രായുടെ കാലത്തിനും, ക്രിസ്ത്വബ്ധത്തിനുമിടയ്ക്ക് ശാസ്ത്രിമാർ ന്യായപ്രമാണത്തിനു വിധേയമായി ജീവിതത്തെ നിയന്ത്രിക്കുവാൻ വേണ്ടി അസംഖ്യം ചട്ടങ്ങൾ നിർമ്മിച്ചു. തല്മൂദിലെ രണ്ടു ലേഖനങ്ങൾ മുഴുവൻ ശബ്ബത്താചരണത്തിന്റെ വിശദാംശങ്ങൾക്കു വേണ്ടി നീക്കിവെച്ചു. അവയിലൊന്നു (ശബ്ബത്ത്) നിരോധിക്കപ്പെട്ട 39 പ്രവൃത്തികളുടെ പട്ടിക നൽകുന്നു. വിതയ്ക്കുക, ഉഴുക, കൊയ്യുക, കറ്റ ശേഖരിക്കുക, മെതിക്കുക, പാറ്റുക, ശുചിയാക്കുക, പൊടിക്കുക, അരിക്കുക, മാവു കുഴയ്ക്കുക, അപ്പം നിർമ്മിക്കുക, രോമം കത്രിക്കുക, അതു കഴുകുക, അടിക്കുക, നിറം പിടിപ്പിക്കുക, നൂലാക്കുക, പാവു നിർമ്മിക്കുക, രണ്ടു ചരടുണ്ടാക്കുക, രണ്ടു നൂല് നെയ്യുക, ഇരട്ട നുല് വേർപെടുത്തുക, കെട്ടുക, കെട്ടഴിക്കുക, രണ്ടു തുന്നൽ തുന്നുക, രണ്ടു തയ്യൽ തയ്ക്കുന്നതിനു വേണ്ടി തുണി കീറുക, മാനിനെ പിടിക്കുക, കൊല്ലുക, തൊലി ഉരിക്കുക, ഉപ്പിടുക, തോൽ സജ്ജമാക്കുക, തോലിലെ രോമം മാറ്റുക, തോൽ മുറിക്കുക, രണ്ടക്ഷരം എഴുതുക, രണ്ടക്ഷരം എഴുതുന്നതിനു വേണ്ടി തുടച്ചു കളയുക, പണിയുക, ഇടിക്കുക, തീ അണയ്ക്കുക, തീ കത്തിക്കുക, ചുറ്റിക കൊണ്ടടിക്കുക, ഒരു വസ്തുവിൽ നിന്നും മറ്റൊരു വസ്തുവിലേക്കു കൊണ്ടുപോകുക എന്നിവ. ഇവയിലോരോന്നും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ന്യായപ്രമാണം യഥാവിധി പാലിക്കുന്ന ഒരു യെഹൂദന് ശബ്ബത്തിൽ ചെയ്തു കൂടാത്ത നൂറു കണക്കിനു കാര്യങ്ങളാണുള്ളത്. ഉദാഹരണമായി കെട്ടരുതു എന്നതു ഒരു സാമാന്യമായ വിലക്കാണ്. തന്മൂലം എങ്ങനെയുള്ള കെട്ടുകൾ പാടില്ല. എങ്ങനെയുള്ളവ ആകാം എന്നതു നിർവ്വചിച്ചിട്ടുണ്ട്. ഒരു കൈ കൊണ്ടു കെട്ടാവുന്നതു അംഗീകരിക്കുകയും അല്ലാത്തവ നിഷേധിക്കുകയും ചെയ്തു. ഒരു സ്ത്രീക്കു അടിവസ്ത്രവും അവളുടെ തൊപ്പിയുടെയും അരക്കച്ചയുടെയും ചരടുകളും ചെരുപ്പുകളുടെയും പാദുകങ്ങളുടെയും വാറുകളും വീഞ്ഞു തുരുത്തികളും എണ്ണത്തുരുത്തികളും ഇറച്ചിക്കലവും കെട്ടാം. ഇതുപോലുള്ള വിശദീകരണമാണ് ഓരോ വിലക്കിനും ‘ഷബ്ബാത്തു’ എന്ന ലേഖനത്തിൽ നല്കിയിട്ടുള്ളതു. അതിനാലാണ് യേശു പറഞ്ഞത്; “ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.” (ലൂക്കൊ, 11:46).

യെഹൂദന്മാരുടെ മതപ്രമാണികളുമായി യേശു ഇടഞ്ഞതു രണ്ടു കാര്യങ്ങളിലായിരുന്നു: ഒന്നു; താൻ മശീഹയാണന്നുള്ള വാദം. രണ്ട്; ശബ്ബത്താചരണം. റബ്ബിമാർ ശബ്ബത്തിനെ ശബ്ബത്തിനു വേണ്ടി ആചരിച്ചു. എന്നാൽ ശബ്ബത്ത് മനുഷ്യനുവേണ്ടിയാണെന്നും, മനുഷ്യന്റെ ആവശ്യങ്ങൾക്കു ശബ്ബത്തിനെക്കുറിച്ചുള്ള കല്പനകൾക്കു മേൽ പ്രാമുഖ്യം നല്കണമെന്നും യേശു പഠിപ്പിച്ചു. (മത്താ, 12:1-14, മർക്കൊ, 2:23, ലൂക്കൊ, 6:1-11, യോഹ, 5:1-18). യേശു ശബ്ബത്ത് നാളുകളിൽ പള്ളിയിൽ പോയിരുന്നു. (ലൂക്കൊ, 4:16).

ആദിമ ക്രിസ്ത്യാനികളിൽ അധികം പേരും യെഹൂദന്മാരായിരുന്നു. അവർ ശബ്ബത്ത് ആചരിച്ചിരുന്നു. യേശുവിന്റെ ഉയിർത്തെഴുന്നേല്പ് ഞായറാഴ്ച ആകയാൽ അവർ ഞായറാഴ്ച ആരാധനയ്ക്കായി കൂടിവന്നു. (പ്രവൃ, 2:1). ഞായറാഴ്ചയെ അവർ കർത്തൃദിവസമെന്നു വിളിച്ചു. ഞായറാഴ്ച ദിവസം ധർമ്മശേഖരം കൊണ്ടുവരുന്നതിനു പൗലൊസ് അപ്പൊസ്തലൻ കൊരിന്ത്യയിലെ ക്രിസ്ത്യാനികളോടു നിർദ്ദേശിച്ചു. (1കൊരി, 16:12). യെഹൂദന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള വിടവ് വർദ്ധിച്ചതോടു കൂടി ക്രൈസ്തവർ ആരാധനയ്ക്കായി ഞായറാഴ്ച കൂടിവരികയും, ശബ്ബത്താചരണം ഉപേക്ഷിക്കുകയും ചെയ്തു.

One thought on “ശബ്ബത്ത്”

Leave a Reply

Your email address will not be published. Required fields are marked *