വെളിപ്പാട്

വെളിപ്പാട് പുസ്തകം (Book of Revelation)

ബൈബിളിലെ അവസാന പുസ്തകവും പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥവും ആണ് വെളിപ്പാട് പുസ്തകം. ഇത് ഒരു വെളിപ്പാടും (1:1-2; 20), പ്രവചനവും (1:3; 22:7, 10, 18-19), സപ്തലേഖന സഞ്ചയവും (1:4, 11; 2:1; 3:22) ആണ്. ഉള്ളടക്കത്തെ സംബന്ധിച്ചു ഇതു വെളിപ്പാടും സന്ദേശം സംബന്ധിച്ചു പ്രവചനവും സ്വീകർത്താക്കളോടുള്ള ബന്ധത്തിൽ ലേഖനവും ആണ്. ക്രിസ്തുവിന്റെ വീണ്ടും വരവിനുമുമ്പുള്ള സംഭവങ്ങൾ സഹസ്രാബ്ദ രാജ്യസ്ഥാപനം, നിത്യരാജ്യം തുടങ്ങിയവയെ കുറിച്ചുള്ള പ്രവചനങ്ങളാണധികവും. ഇത് യേശുക്രിസ്തുവിന്റെ വെളിപ്പാടാണ്. (1:1). യോഹന്നാൻ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും ആണ് വെളിപ്പാടിന്റെ വിഷയം. (1:19). ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം മൂന്നു കാര്യങ്ങൾ പ്രാധാന്യം അർഹിക്കുന്നു: 1. ഈ പ്രവചനം വായിച്ചുകേൾപ്പിക്കുന്നവനും, കേൾക്കുന്നവനും, പ്രമാണിക്കുന്നവനും അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു. (1:3). 2. ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. (22:10). 3. ഈ പുസ്തകത്തിലെ വചനത്തോട് കൂട്ടുകയോ അതിൽ നിന്ന് കുറയ്ക്കുകയോ അരുത്. (22:18,19). ഈ പുസ്തകം പ്രതീകങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ അധികം വായനക്കാർക്കും ദുർഗ്രഹമായി തോന്നാം. എന്നാൽ ബൈബിളിലെ പ്രവചനങ്ങൾ മുഴുവൻ സമഗ്രമായി പഠിക്കുമ്പോൾ വെളിപ്പാടിന്റെ വ്യാഖ്യാനം പ്രയാസകരമായി തോന്നുകയില്ല.

വെളിപ്പാട് സാഹിത്യം എന്ന ശാഖയിലുൾപ്പെടുന്നതാണ് വെളിപ്പാടു പുസ്തകം. വെളിപ്പാടു സാഹിത്യത്തിൽ ഉൾപ്പെടുന്ന ഗ്രന്ഥങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ദൈവം സർവ്വശക്തനാണ്, തന്റെ നന്മ നിറഞ്ഞതും, പൂർണ്ണവുമായ ഹിതം നടപ്പിലാക്കുന്നതിനു ദാരുണ സംഭവങ്ങളിലൂടെ ദൈവം ഇടപെടും. ദൈവത്തിന്നെതിരായി പ്രവർത്തിക്കുന്ന തിന്മയുടെ ശക്തികളെ പൂർണ്ണമായി പരാജയപ്പെടുത്തും. ഈ തിന്മയുടെ ശക്തികളെ മൃഗങ്ങൾ, കൊമ്പുകൾ എന്നിങ്ങനെ പ്രതീകങ്ങളെ കൊണ്ടായിരിക്കും പ്രതിപാദിക്കുക. ദൂതന്മാരുടെ പ്രവർത്തനം പ്രത്യേക നിലയിൽ നടക്കും. മഹാശക്തികളുടെ സംഘട്ടനം ഉണ്ടാകും. ഒടുവിൽ പീഡിപ്പിക്കപ്പെട്ട വിശുദ്ധന്മാർക്ക് ന്യായവും നീതിയും ലഭിക്കും. ഇവയാണ് വെളിപ്പാട് സാഹിത്യത്തിലെ പുസ്തകങ്ങളുടെ സാധാരണസ്വഭാവം. ഈ രൂപത്തിൽ ഉള്ളതാണെങ്കിൽ തന്നെയും ബൈബിളിലെ വെളിപ്പാടുപുസ്തകം വ്യത്യസ്തനിലവാരം പുലർത്തുന്നു. വെളിപ്പാട് സാഹിത്യത്തിലെ കൃതികൾ അജ്ഞാത കർത്തൃകങ്ങളാണ്. സ്വന്തം പേർ അവർ വെളിപ്പെടുത്തുകയില്ല. ഭൂതകാലത്തിലെ പ്രസിദ്ധന്മാരുടെ പേരുകൾ സ്വീകരിച്ച് തങ്ങളുടെ രചനയെ അവരിൽ ആരോപിക്കുകയാണ് ചെയ്യുക. എന്നാൽ വെളിപ്പാട് പുസ്തകത്തിൽ എഴുത്തുകാരൻ സ്വയം വെളിപ്പെടുത്തുന്നു. (1:1). ഇത് പുസ്തകത്തിന്റെ പ്രവചനസ്വഭാവത്തെ സ്പഷ്ടമാക്കുന്നു. പരിശുദ്ധാത്മാവ് ഒരു അംഗീകൃത സാഹിത്യരൂപത്തെ സ്വീകരിച്ചു എന്നേയുള്ളൂ. 

പ്രമുഖ വിഷയങ്ങൾ: നിരവധി പ്രവചന വിഷയങ്ങളുടെ പരിസമാപ്തി വെളിപാടിലാണ് നാം ദർശിക്കുന്നത്. 1. ഉല്പത്തിയിൽ (3:15) വാഗ്ദത്തം ചെയ്യപ്പെട്ട സ്ത്രീയുടെ സന്തതി ഭൂമിയെ വാഴുന്നതും നിത്യരാജ്യത്തിൽ ചെയ്യുന്ന ശുശ്രൂഷയും വെളിപ്പാടിൽ കാണാം. യേശുവിന്റെ സാക്ഷ്യമാണ് പ്രവചനത്തിന്റെ ആത്മാവ്: (19:10). 2. ക്രിസ്തുവിന്റെ ശരീരമായ സഭ: (മത്താ, 16:18; 1കൊരി, 12:13; വെളി, 2,3അ). 3. വിശുദ്ധന്മാരുടെ പുനരുത്ഥാനവും ഉൽപ്രാപണവും (4:1, 2, 4), മഹാപീഡനം: (ആവ, 4:29,30; യിരെ, 30:5-8; വെളി, 4-19അ). 5. സാത്താനും അവന്റെ സൈന്യവും: (യെശ, 14:12-14; യെഹെ, 28:1-18; വെളി, 12;7-12; 16:13, 20:1). 6. അധർമ്മ മൂർത്തി: (2തെസ്സ, 2:1-8; വെളി, 13:1-10). 7. കള്ളപ്രവാചകൻ: (വെളി, 13:11-18). 8. ജാതീയ ശക്തികളുടെ നാശം: (ദാനീ, 2:31-45; വെളി, 5-19അ). 9. ഭൂമിയുടെ വീണ്ടെടുപ്പ്: (വെളി, 5അ). 10. ക്രിസ്തുവിന്റെ രണ്ടാം വരവ്: (വെളി, 19:1-10). 11. പാപികളുടെ ന്യായവിധി: (വെളി, 20:11-15). 12. ഒന്നാം പുനരുത്ഥാനം: (വെളി, 20:4-6). 13. സഹസ്രാബ്ദ വാഴ്ച: (വെളി, 20:1-6). 14. പുതിയ ആകാശവും പുതിയ ഭൂമിയും: (വെളി, 21അ). 15. നിത്യരാജ്യം: (22അ). 

വ്യാഖ്യാന രീതികൾ: വെളിപ്പാട് പുസ്തകവ്യാഖ്യാനത്തെ സംബന്ധിച്ചു നാലു പ്രധാന വീക്ഷണങ്ങൾ നിലവിലുണ്ട്: 1. ഭൂതകാലപര വ്യാഖ്യാനം: സമകാലിക സംഭവങ്ങളെ വിവരിക്കുകയാണ് എന്നതാണ് ഈ വീക്ഷണത്തിന്റെ സാരാംശം. അന്നു പീഡിപ്പിക്കപ്പെട്ട സഭയെ ആശ്വസിപ്പിക്കാൻ വേണ്ടി അന്നത്തെ വിശുദ്ധന്മാർക്കു ഗ്രാഹ്യമായ രീതിയിൽ ഈ പുസ്തകം എഴുതി. റോമാസാമ്രാജ്യത്തിലെ ദുഷ്ടതയെ ഓർത്തു വ്യാകുലനായ ദർശകൻ പ്രതീകാത്മക ഭാഷയിലൂടെ അതിനെ എതിർത്തു. ലിബറൽ ചിന്തകന്മാർ അംഗീകരിക്കുന്ന വ്യാഖ്യാന സമ്പ്രദായമാണിത്. എന്നാൽ ഈ പുസ്തകം പ്രവചനമാണെന്നതിനുള്ള ആന്തരിക തെളിവുകൾ (വെളി, 1:3) അവർ അവഗണിക്കുന്നു. 2. ചരിത്രപര വീക്ഷണം: ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിന്റെ രണ്ടാം വരവുവരെയുള്ള സഭാചരിത്രത്തിന്റെ വിഹഗവീക്ഷണമാണ് വെളിപ്പാട് പുസ്തകം. പോപ്പിന്റെ റോമിനെ മൃഗമായി ചിത്രീകരിച്ച നവീകരണ നായകന്മാരിലധികം പേർക്കും ഈ വീക്ഷണമാണ് ഉണ്ടായിരുന്നത്. 3. ഭാവികാലപര വീക്ഷണം: ഈ പുസ്തകത്തിന്റെ പ്രവചന സ്വഭാവത്തെ ഗൗരവമായെടുക്കുന്നു. യോഹന്നാന്റെ കാലത്തു പുസ്തകത്തിലെ പ്രമേയങ്ങളിൽ അധികവും ഭാവികമായിരു ന്നു എന്നംഗീകരിക്കുന്നു. വെളിപ്പാട് 1:19-നെ വ്യാഖ്യാനത്തിൻ്റെ താക്കോലായി സ്വീകരിക്കുന്നു. അതനുസരിച്ചു: നീ കണ്ടത്: (1:1-18); ഇപ്പോൾ ഉള്ളതു: സഭാകാലയളവ്; (2,3അ); ഇനി സംഭവിക്കാനിരിക്കുന്നത്: (4-22അ). 4. ആദ്ധ്യാത്മിക വീക്ഷണം: പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കു അന്ത്യത്തോളം സഹിച്ചു നില്ക്കാൻ ഉത്തേജനം നല്കാൻ വേണ്ടിയാണ് ഇതെഴുതിയത്. 

ഗ്രന്ഥകർത്താവും കാലവും: എഴുത്തുകാരൻ തന്റെ പേര് യോഹന്നാൻ എന്നു (1:1,4, 9; 22:8) സ്വയം പരിചയപ്പെടുത്തുന്നു. അദ്ദേഹം ദൈവത്തിന്റെ ദാസനും (വെളി, 1:1), പ്രവാചകന്മാരിൽ ഒരാളും (22:9), നിങ്ങളുടെ സഹോദരനും കഷ്ടതയിൽ കൂട്ടാളിയും (1:9) ആണ്. ഈ യോഹന്നാൻ അപ്പൊസ്തലനായ യോഹന്നാൻ തന്നെയെന്നും അദ്ദേഹം തന്നെയാണ്ംനാലാമത്തെ സുവിശേഷവും യോഹന്നാന്റെ മൂന്നു ലേഖനങ്ങളും എഴുതിയതെന്നും പാരമ്പര്യം വ്യക്തമാക്കുന്നു. വെളിപ്പാട് പുസ്തകത്തിന്റെ എഴുത്തുകാരൻ യോഹന്നാനാണെന്ന വിശ്വാസം ജസ്റ്റിൻ മാർട്ടിയറുടെ കാലം മുതൽ (എ.ഡി. 140) ഉണ്ട്. വെളിപ്പാടിന്റെ ഭാഷാശൈലി യോഹന്നാന്റെ ലേഖനങ്ങളിലേതു പോലെയല്ല. യോഹന്നാന്റെ കർത്തൃത്വത്തിന് എതിരെയുള്ള പ്രധാനവാദം ഇതാണ്. സഭ പീഡനത്തിലും കഷ്ടതയിലും കൂടെ കടന്നുപോയ കാലത്താണ് ഈ പുസ്തകം എഴുതപ്പെട്ടത്. നീറോയുടെയും ഡൊമീഷ്യന്റെയും കാലത്താണ് സഭ ഏറ്റവും കുടുതൽ പീഡനത്തിനു വിധേയമായത്. നീറോയുടെ കാലത്തു എഴുതപ്പെട്ടു എന്ന വാദത്തിനവലംബമായി ചൂണ്ടിക്കാണിക്കുന്നത് വെളിപ്പാട് 17:9,10 ആണ്. “ഇവിടെ ജ്ഞാനബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണു പോയി; ഒരുത്തൻ ഉണ്ട്; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞൊന്നു ഇരിക്കേണ്ടതാകുന്നു.” ഇതു റോമൻ ചക്രവർത്തിമാരെ കുറിക്കുകയാണങ്കിൽ അഞ്ചാമൻ നീറോ ആണ്. വെളിപ്പാട് 13:18-ൽ മൃഗത്തിന്റെ സംഖ്യ 666 എന്നു പറഞ്ഞിരിക്കുന്നു. നീറോ കൈസർ എന്ന പേർ എബ്രായയിലെഴുതിയാൽ സംഖ്യാ വില 666 എന്നു കിട്ടും. എന്നാൽ ഗ്രീക്കിലെഴുതപ്പെട്ട ഒരു പുസ്തകത്തിൽ എബ്രായ അക്ഷര സംഖ്യകലനം പ്രയോഗിക്കുന്നതിന്റെ ന്യായീകരണം വ്യക്തമല്ല. പ്രാചീന എഴുത്തുകാരിൽ ഒട്ടധികം പേരും അനുകൂലിക്കുന്നതു ഡൊമീഷ്യന്റെ കാലമാണ്. ഇറെന്യൂസ്, യൂസിബിയസ് തുടങ്ങിയവർ ഈ ഗ്രന്ഥം ഡൊമീഷ്യന്റെ കാലത്തെഴുതപ്പെട്ടു എന്നു അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. അതിൽ നിന്നും എ.ഡി. 95/96-ൽ വെളിപ്പാട് പുസ്തകം എഴുതപ്പെട്ടു എന്നു നിർണ്ണയിക്കാവുന്നതാണ്. 

അനുവാചകർ: ആസ്യയിലെ ഏഴു സഭകൾക്കാണ് ഈ പുസ്തകം എഴുതിയത്. അക്കാലത്തു ആസ്യയിലുണ്ടായിരുന്ന സഭകളിൽ നിന്നും പ്രാതിനിദ്ധ്യരൂപേണ തിരഞ്ഞെടുത്തവയാണ് ഏഴു സഭകൾ. അവ: എഫെസൊസ്, സ്മർന്നാ, പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നിവയാണ്. (വെളി, 1:11). ഓരോ സഭയ്ക്കും പ്രത്യേകദൂതു നല്കുന്നു. എന്നാൽ ‘ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ’ എന്നു എല്ലാ സഭകളുടെ ദൂതിലും പറയുന്നുണ്ട്. സ്ഥലകാലവ്യത്യാസം കൂടാതെ സഭയ്ക്ക് മുഴുവനായി നല്കിയ സന്ദേശമാണിതെന്നു വ്യക്തമാണ്. വായിച്ചുകേൾപ്പിക്കുന്നവനും കേൾക്കുന്നവനും പ്രമാണിക്കുന്നവനും ഒന്നുപോലെ അനുഗ്രഹം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 

ഉദ്ദേശ്യം: വെളിപ്പാട് പുസ്തകത്തിന്റെ ഉദ്ദേശ്യം മൂന്നാണു: 1. വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കുക: (1:1). വേഗത്തിൽ (എൻടഖൈ) എന്ന ക്രിയാവിശേഷണം കാലവാചിയല്ല, പ്രകാരവാചിയാണ്. സംഭവങ്ങളുടെ ദ്രുതഗതിയെയാണ് അതു കാണിക്കുന്നത്. സാത്താന്യ ശക്തികളുമായുള്ള പോരാട്ടത്തിൽ ക്രിസ്തുവും സഭയും അന്തിമവിജയം നേടുന്നതും ക്രിസ്തുവിന്റെ പുനരാഗമനത്തിനു മുമ്പുള്ള ഏഴുവർഷം നടക്കുന്ന ഭയങ്കരസംഭവങ്ങളും വെളിപ്പാട് പുസ്തകം അനാവരണം ചെയ്യുന്നു. 2. അപ്പൊസ്തലിക ഉപദേശത്തിൽ നിന്നും സഭയ്ക്ക് സംഭവിച്ച ഭ്രംശം സപ്തസഭകൾക്കുള്ള ദൂതുകൾ വെളിപ്പെടുത്തുന്നു. വീഴ്ച സംഭവിച്ചത് എന്തിലാണെന്നു മനസ്സിലാക്കി മാനസാന്തരപ്പെട്ടു ആദ്യസ്നേഹത്തിലേക്കു മടങ്ങിവരാൻ സഭയെ ഉൽബോധിപ്പിക്കുക. 3. ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്തുണ്ടായ കഠിനപീഡകളിൽ പതറിപ്പോകാതെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ നിലനില്ക്കാനും മരണപര്യന്തം വിശ്വസ്തരായിരുന്നു ജയാളികളാകുവാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക. 

പ്രധാന വാക്യങ്ങൾ: 1. “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.” വെളിപ്പാടു 1:3.

2. “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” വെളിപ്പാടു 1:7.

3. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” വെളിപ്പാടു 1:18.

4. “അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.” വെളിപ്പാടു 19:11.

5. “ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” വെളിപ്പാടു 20:11.

6. “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.” വെളിപ്പാടു 21:1.

7. “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” വെളിപ്പാടു 22:12.

ബാഹ്യരേഖ: I. മുഖവുര: 1:1-10. 

II. ക്രിസ്തുവിന്റെ വെളിപ്പാടും ദൂതും: 1:1-20.

III. ഏഴുസഭകൾക്കുള്ള ദൂതുകൾ: 2:1-3:22.

1. എഫെസൊസ്: 2:1-7. 

2. സ്മുർന്നാ: 2:8-11.

3. പെർഗ്ഗമൊസ്: 2:12-17.

4. തുയഥൈര: 2:18-29.

5. സർദ്ദിസ്: 3:1-6.

6. ഫിലദെൽഫ്യ: 3:7-13.

7. ലവൊദിക്ക്യാ: 3:14-22. 

IV. മഹാപീഡനം: 4:1-19:21.

1. സ്വർഗ്ഗത്തിലെ ഒരുക്കം: 4;1-5:14.

2. ആറുമുദ്രകൾ പൊട്ടിക്കുന്നു: 6:1-17.

3. ഒന്നാമത്തെ ഇടവേള: 7:1-17.

4. ഏഴാം മുദ്ര പൊട്ടിക്കുന്നു: 8:1.

5. ആറു കാഹളങ്ങൾ ഊതുന്നു: 8:2-9:21.

6. രണ്ടാമത്തെ ഇടവേള: 10:1-11:14.

7. ഏഴാം കാഹളം: 11:15-18.

8. മൂന്നാമത്തെ ഇടവേള: 11:19-14:20.

9. ആറു ക്രോധകലശങ്ങൾ: 15:1-16:12.

10. നാലാം ഇടവേള: 16:13-16.

11. ഏഴാമത്തെ കോധകലശം: 16:17-21.

12. ബാബിലോണിന്റെ ന്യായവിധി: 17:1-18:24.

13. കുഞ്ഞാടിന്റെ കല്യാണസദ്യ: 19:1-10.

14. ക്രിസ്തുവിന്റെ പ്രത്യക്ഷത: 19:11-21.

V. സഹസാബ് വാഴ്ചയും നിത്യതയും: 20:1-22:5.

1. സഹസ്രാബ്ദവാഴ്ച: 20:1-6.

2. അന്ത്യമത്സരം: 20:7-10.

3. വെള്ളസിംഹാസന ന്യായവിധി: 20:11-15.

4. പുതിയ ആകാശവും പുതിയ ഭൂമിയും: 21:1-22. 

VI. ഉപസംഹാരം: 22:6-21.

സവിശേഷതകൾ: 1. പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥമാണ് വെളിപ്പാട് പുസ്തകം. 2. പഴയനിയമത്തിൽ നിന്നും പ്രത്യക്ഷ ഉദ്ധരണികളൊന്നും കൂടാതെ തന്നെ പഴയനിയമ പ്രവചനത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു. പഴയനിയമത്തിലെ 27-ാമത്തെ പുസ്തകമായ ദാനീയേൽ പ്രവചനത്തിനും പുതിയനിയമത്തിൽ 27-ാമത്തെ പുസ്തകമായി വെളിപ്പാടിനും തമ്മിലുള്ള സാമ്യവും നൈരന്തര്യവും പ്രസിദ്ധമാണ്. ബാബിലോൺ, മേദ്യ-പാർസ്യ, ഗ്രീസ്, റോം എന്നീ നാലു സാമ്രാജ്യങ്ങളെക്കുറിച്ചു ദാനീയേൽ പ്രവചിച്ചു. എന്നാൽ റോമിന്റെ അന്ത്യഘട്ടം മാത്രമാണു യോഹന്നാൻ പ്രവചിച്ചത്. എഴുപതു ആഴ്ചയെക്കുറിച്ചുള്ള പ്രവചനം ദാനീയേൽ നല്കി. എന്നാൽ എഴുപതാം ആഴ്ചയെക്കുറിച്ചുള്ള വിശദമായ പ്രവചനം വെളിപ്പാടിലാണുള്ളത്. 3. വെളിപ്പാടുപുസ്തകം പ്രവചന വ്യാഖ്യാനത്തിനുള്ള താക്കോലാണ്. പഴയനിയമ പ്രവചനങ്ങൾ കാലക്രമത്തിലല്ല വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭാവികാല സംഭവങ്ങളുടെ കാലാനുക്രമം വെളിപ്പാടിൽ ഉണ്ട്: സഭാകാലം (അ.2,3), പീഡനകാലം (അ.6-19), സഹസാബ വാഴ്ച (20:1-6), ഗോഗ്-മാഗോഗ് യുദ്ധം (20:7-10), അന്ത്യന്യായവിധി (20;11-15), പുതിയ ആകാശഭൂമികൾ (21:1-22:5) എന്നിങ്ങനെ. ഈ ക്രമം അനുസരിച്ചു പഠിച്ചാൽ പഴയനിയമപ്രവചനങ്ങൾ സുഗ്രാഹ്യമാകും. 4. സംഖ്യകളുടെ പുസ്തകമാണിത്. ഏറ്റവും ചെറിയ സംഖ്യ മുതൽ 20 കോടി വരെയുള്ള സംഖ്യകൾ ഇതിൽ പയോഗിച്ചിട്ടുണ്ട്: 2, 3, 3½, 4, 5, 6, 7, 10, 12, 24, 42, 144, 666, 1000, 1260, 7000, 12000, 144000, 100000000, 200000000. സമ്പൂർണ്ണതയുടെ സംഖ്യയായ ഏഴു 54 പ്രാവശ്യത്തോളം കാണാം. 5. ദൈവദൂതന്മാരുടെ ശുശ്രൂഷയെക്കുറിച്ചുള്ള 27 വ്യത്യസ്ത പരാമർശങ്ങൾ വെളിപ്പാടിലുണ്ട്. മറ്റൊരു പുസ്തകത്തിലും ദൈവദൂതസാന്നിധ്യം ഇത്രത്തോളം കാണുന്നില്ല. 6. ഭൂരാജാക്കന്മാർക്കു അധിപതിയും രാജാധിരാജാവും കർത്താധികർത്താവും ആയി ക്രിസ്തുവിനെ വെളിപ്പെടുത്തുന്നു. (1:5; 19:16).

Leave a Reply

Your email address will not be published.