വംശാവലിയിലെ സ്ത്രീകൾ

യേശുവിന്റെ വംശാവലിയിലെ സ്ത്രീകൾ 

മത്തായി സുവിശേഷത്തിലെ കർത്താവിന്റെ വംശാവലിയിൽ പ്രതിപാദിച്ചിരിക്കുന്ന അഞ്ച് സ്ത്രീകളിൽ കർത്താവിന്റെ മാതാവായ മറിയ സർവ്വഥാ ആദരണീയയും സർവ്വരാലും അറിയപ്പെടുന്ന സ്ത്രീരത്നവുമാണ്. എന്നാൽ അവൾക്കു മുമ്പ് കർത്താവിന്റെ വംശാവലിയിൽ പ്രത്യക്ഷപ്പെടുന്ന നാല് സ്ത്രീകൾ പാപക്കറകളാൽ വിശുദ്ധി നഷ്ടപ്പെട്ടവരുടെയും വിജാതീയരുടെയും ഇരുളടഞ്ഞ പട്ടികയിൽപ്പെട്ടവരാണ്. ആദ്യമായി കർത്താവിന്റെ വംശാവലിയിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ യെഹുദായുടെ മരുമകളായ താമാർ ആണ്. അവളുടെ ഭർത്താവായ ഏർ മരിച്ചുപോയ സാഹചര്യത്തിൽ അവളിൽനിന്ന് ജ്യേഷ്ഠസഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കുവാൻ ഓനാൻ വിസമ്മതിച്ചു. ഏറ്റവും ഇളയ ഭർതൃസഹോദരനായ ശേലാ പ്രായപൂർത്തിയായപ്പോൾ അവനെ തനിക്കു നൽകാതിരുന്ന സാഹചര്യത്തിൽ, ഒരു വേശ്യയെപ്പോലെ അഭിനയിച്ച താമാർ തന്റെ അമ്മാവിയപ്പനായ യെഹൂദായെ കബളിപ്പിച്ച് അവനിൽനിന്നു ഗർഭം ധരിച്ച് പേരെസ്സിനെ പ്രസവിച്ചു. (ഉല്പ, 38:1-30). രണ്ടാമതായി പ്രത്യക്ഷപ്പെടുന്ന രാഹാബ് എന്ന കനാന്യസ്ത്രീ, വേശ്യയെന്ന് അറിയപ്പെട്ടിരുന്നവളായിരുന്നു. അത്യുന്നതനായ ദൈവത്തിലുള്ള വിശ്വാസത്താൽ ദേശം പരിശോധിക്കുവാൻ അയച്ച ചാരന്മാർക്ക് അഭയം നൽകിയ രാഹാബിനെയും കുടുംബത്തെയും യോശുവ രക്ഷിച്ചു. (യോശു, 2:1-21, 6:22-25; എബ്രാ, 11:31). തുടർന്ന്, ഒരു എബ്രായനെ വിവാഹം ചെയ്ത അവൾക്ക് ബോവസ് ജനിച്ചു. ദൈവം സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചപ്പോൾ തന്റെ ജീവിതം പാഴായിപ്പോകുമെന്നു കരുതി സ്വന്തം പിതാവിനെ മദ്യപിപ്പിച്ച് അവനിൽനിന്നു ഗർഭം ധരിച്ചു പ്രസവിച്ച ലോത്തിന്റെ മകളിൽനിന്ന് ഉദ്ഭവിച്ച മോവാബിന്റെ വംശപരമ്പരയിൽപ്പെട്ട രൂത്തും കർത്താവിന്റെ വംശാവലിയിൽ ഉൾപ്പെട്ടിരുന്നു. വിധവയായിത്തീർന്ന രൂത്ത് തന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട് തന്റെ അമ്മാവിയമ്മയായ നൊവൊമിയെ കൈവിടാതെ അവളോടൊപ്പം ബേത്ലേഹെമിലേക്കു പോയി. അവളെ ബോവസ് വിവാഹം ചെയ്തു . ദാവീദിന്റെ പിതാമഹനായ ഓബേദ് അവരുടെ മകനായിരുന്നു. (രൂത്ത്, 4:17). പേരെടുത്തു പറയുന്നില്ലെങ്കിലും “ദാവീദിന് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോൻ ജനിച്ചു” (മത്താ, 1:6) എന്ന് മത്തായി നാലാമതായി പ്രതിപാദിക്കന്ന സ്ത്രീ ബത്ത്-ശേബയാണെന്ന് നിസ്സംശയം മനസ്സിലാക്കാം. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾത്തന്നെ വ്യഭിചാരത്താൽ ഗർഭം ധരിക്കുകയും അതു ഭർത്താവിന്റെ ദാരുണമായ കൊലപാതകത്തിനു വഴിയൊരുക്കുകയും ചെയ്ത സ്ത്രീയാണ് ബത്ത്-ശേബയെങ്കിലും അവളും കർത്താവിന്റെ വംശാവലിയിൽ പ്രത്യക്ഷപ്പെടുന്നു. താൻ പാപികളെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നവനും, സ്തീപുരുഷഭേദമെന്യേ സർവ്വജനതകളുടെയും രക്ഷിതാവായ മശീഹായാണെന്നും യേശുക്രിസ്തുവിന്റെ വംശാവലി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *