യേശുവിൻ്റെ ദൈവത്വം

യേശുവിൻ്റെ ദൈവത്വം

യേശുക്രിസ്തു ദൈവമാണോ? എന്നു ചോദിച്ചാൽ ത്രിത്വവിശ്വാസികൾ ഒരേ സ്വരത്തിൽ പറയും; ദൈവമാണ്. എന്നാൽ ‘അവൻ മാത്രമാണോ ദൈവം’ എന്നു ചോദിച്ചാലോ? അല്ലെങ്കിൽ, അവൻ തന്നെയാണോ ഏകസത്യദൈവം എന്നു ചോദിച്ചാലോ? കുഴഞ്ഞതുതന്നെ. ഉടനെ യേശു രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടും. എന്താണിതിന് കാരണമെന്ന് ചോദിച്ചാൽ; സംഖ്യാപരമായിട്ട് ദൈവം മൂന്നാണെന്ന് പറഞ്ഞും പറയാതെയും പഠിപ്പിക്കുന്ന പണ്ഡിതന്മാരാണ് നമുക്കുള്ളത്. ദൈവം മുന്നാണെന്ന് സമ്മതിക്കുന്ന ഒരു പണ്ഡിതൻ്റെ ഓഡിയോ ക്ലിപ്പ് യൂട്യൂബിൽ കിടപ്പുണ്ട്. ‘അടിസ്ഥാനം മറിഞ്ഞുപോയാൽ നീതിമാൻ എന്തു ചെയ്യും’ എന്നു ബൈബിൾ ചോദിക്കുന്നുണ്ട്; ഇതും ഇതിലപ്പുറവും ചെയ്യും. ത്രിത്വോപദേശത്തിൻ്റെ വൈകല്യമാണ് ഇതിനൊക്കെ കാരണം. പണ്ഡിതന്മാരുടെ ഉപദേശപ്രകാരം; ‘നിത്യരായ മൂന്നു വ്യക്തികൾ ചേർന്നതാണ് ദൈവം.’ ഒന്നുകൂടി പറഞ്ഞാൽ; സമനിത്യരും വ്യതിരിക്തരും സമദൈവത്വവുമുള്ള മൂന്നു വ്യക്തികൾ ചേർന്ന ത്രിത്വമാണ് ദൈവം. നിത്യരായ മൂന്നു വ്യക്തികൾ എങ്ങനെ ഒരു ദൈവമാകും? എന്നു ചോദിച്ചാലോ? ത്രിത്വത്തിലെ ഏകത്വം സാംരാശത്തെ കുറിക്കുന്നു; സാരാംശത്തിൽ മൂവരും ഒന്നാണെന്നു പറയും. സാരാംശം (substance) അഥവാ, ഊസിയ (Ousia) എന്നു പറയുന്നത്; നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി എന്നിവയാണെന്നും പറയുന്നുണ്ട്. മൂന്നാളുകളും സാരാംശത്തിൽ ഏകനാണെന്ന് പറയുകയും, മൂന്നാളുകൾക്കും പ്രത്യേകം പ്രത്യേകം നിത്യത്വം കല്പിക്കുകയും ചെയ്താൽ, ഇവരെങ്ങനെ ഏകനാകും? എന്നു ചോദിച്ചാൽ, അതൊരു മർമ്മമാണന്നേ പറയൂ. ‘പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ട് പുതിയനിയമത്തിൽ വെളിപ്പെട്ടു വന്നതിനെയാണ് മർമ്മം’ (റോമ, 16:24) എന്ന് ഇവർക്ക് അറിയാഞ്ഞിട്ടല്ല; വേറെ വഴിയില്ലാഞ്ഞിട്ടാണ്. നിത്യൻ, സർവ്വശക്തൻ, സർവ്വജ്ഞാനി, സർവ്വവ്യാപി എന്നീ ഗുണവിശേഷങ്ങൾ ദൈവത്തിനു മാത്രമുള്ളതാണ്. ഒരാൾ നിത്യനാണ് എന്നു പറയുകയോ എഴുതുകയോ ചെയ്തശേഷം, ദൈവമാണ് എന്നുകൂടി ചേർക്കേണ്ടതില്ല; നിത്യനായവൻ ദൈവം തന്നെയാണ്. അങ്ങനെയെങ്കിൽ നിത്യരായ മൂന്നു വ്യക്തികൾക്ക് ഒരിക്കലും ഒരു ദൈവമാകാൻ കഴിയില്ല; മൂന്നു ദൈവങ്ങളാകാനെ കഴിയൂ. ജാതികൾക്ക് മുപ്പത്തിമുക്കോടി ദൈവങ്ങൾ വരെയുള്ള ഇക്കാലത്ത് ക്രിസ്ത്യാനികൾക്ക് മൂന്നു ദൈവങ്ങൾ ഉണ്ടെന്ന് പറയാൻ ലജ്ജിക്കുന്നതെന്തിനാണ്; അതങ്ങ് സമ്മതിച്ചാൽപ്പോരേയെന്നു നിക്ഷപക്ഷ ബുദ്ധിയായവർ ചോദിച്ചേക്കാം. പക്ഷെ അവിടെയും ഒരു കുഴപ്പമുണ്ട്; ബൈബിളിൽ നൂറിലേറെ വാക്യങ്ങളിലായി ദൈവം ഏകനാണെന്ന് പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ ഏകത്വത്തെക്കുറിച്ചു ബൈബിൾ ഉച്ചൈസ്തരം പ്രഖ്യാപിക്കുമ്പോൾ, ദൈവത്തിൻ്റെ നാനാത്വത്തെക്കുറിച്ചാണ് ക്രിസ്ത്യാനികളായ നാം പഠിക്കുന്നത്. ഇതാണ് ക്രൈസ്തവീകതയിലെ വൈപരീത്യം എന്നു പറയുന്നത്. ‘ഞാൻ എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കയില്ല’ (യെശ, 42:8, 48:11), ‘ഞാനല്ലാതെ ഒരു ദൈവമില്ല; മറ്റൊരുത്തനുമില്ല’ (യെശ, 45:5,6) ‘ഞാൻ ഒരുത്തനെയും അറിയുന്നില്ല’ (യെശ, 44:8) എന്നരുളിച്ചെയ്യുന്ന ദൈവം, തനിക്കൊരു പങ്കാളിയില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. പിന്നെയും ദൈവത്തിൽ നിത്യരായ മൂന്നു വ്യക്തികളുണ്ടെന്ന് പറഞ്ഞാൽ, അത് ദൈവത്തിനെതിരെയുള്ള വെല്ലുവിളി മാത്രമാണ്. നിത്യരായ മൂന്നു വ്യക്തികളെ ഏകനാക്കാൻ, ‘ഏകൻ’ എന്ന പദത്തെ പണ്ഡിതന്മാർ നിർവ്വചിച്ചിരിക്കുന്നത് കേട്ടാൽ ദൈവം താഴെയിറങ്ങിവരും. അതൊക്കെ പോട്ടെ; ബൈബിളിൽനിന്ന് വേറെ ചിലത് കാണിക്കാം:

‘ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു’ (റോമ, 5:12, 5:19) എന്നു പറഞ്ഞാൽ, അത് ആദാമെന്ന ഏകമനുഷ്യൻ മാത്രമാണ്. ‘ഏകജാതൻ’ (ലൂക്കൊ, 9:38) എന്നു പറഞ്ഞാൽ, സഹോദരങ്ങൾ ഇല്ലാത്തവൻ അഥവാ, ഒരു മകൻ മാത്രമാണ്. ‘ഏകജാത’ (ലൂക്കൊ, 8:42) എന്നാൽ, സഹോദരങ്ങൾ ഇല്ലാത്തവൾ അഥവാ, ഒരേയൊരു മകൾ എന്നാണ്. ‘ഏകപുരുഷൻ’ (2കൊരി, 11:2) എന്നു പറഞ്ഞാൽ, അതു ക്രിസ്തു എന്ന ഏകപുരുഷൻ മാത്രമാണ്. ‘ഏകഭാര്യ’ (1തിമൊ, 3:12) എന്നു പറഞ്ഞാൽ, അതു ബഹുഭാര്യത്വമല്ല; ഒരു ഭാര്യ മാത്രമാണ്. ‘ഏകാകി’ (സങ്കീ, 25:16) എന്നാൽ മറ്റാരും കൂടെയില്ലാത്തവൻ എന്നും, ‘ഏകാകിനി’ (ഗലാ, 4:27) എന്നാൽ തുണയില്ലാത്തവൾ അഥവാ ഒറ്റയ്ക്ക് വസിക്കുന്നവൾ എന്നും, ‘ഏകഭർത്താവു’ (1തിമൊ, 5:9) എന്നാൽ ഒരേയൊരു ഭർത്താവ് എന്നുമാണ്. ‘ഏകാധിപതി’ (1തിമൊ, 6:15) എന്നാൽ സർവ്വാധിപതിയായ ഒരേയൊരാൾ എന്നാണ്. ‘ഏകയാഗം’ (എബ്രാ, 10:12) ഒരിക്കലായി കഴിച്ച യാഗം അഥവാ, ആവർത്തിച്ച് അർപ്പിക്കാൻ ആവശ്യമില്ലാത്ത യാഗം എന്നാണ്. “ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:14). ബൈബിൾ ഇങ്ങനെയാണ് പഠിപ്പിക്കുന്നതെങ്കിൽ, നമ്മുടെ ദൈവത്തെക്കുറിച്ച്; ‘ഏകൻ’ (മർക്കൊ, 12:32), ‘ഏകദൈവം’ (യോഹ, 5:44), ‘ഏകസത്യദൈവം’ (യോഹ, 17:3), ‘ദൈവം ഏകൻ’ (റോമ,3:30; 1കൊരി, 8:4, 8:6; 1തിമൊ, 1:17; യാക്കോ, 2:19; യൂദാ, 24), ‘ഏകപരിശുദ്ധൻ’ (വെളി, 15:4) എന്നിങ്ങനെയൊക്കെ പറഞ്ഞിരിക്കുന്ന സ്ഥാനങ്ങളിൽ മാത്രം ‘ഏകൻ’ എന്ന പദത്തിന് ഏങ്ങനെയാണ് ബഹുത്വം ഉണ്ടാകുന്നത്? അല്ലെങ്കിൽ, നാനാത്വമുള്ള ഏകത്വമാകുന്നത്???

മനുഷ്യാവതാരം അഥവാ, ജഡധാരണം എന്ന വിഷയത്തെപ്പറ്റി പണ്ഡിതന്മാർ ഘോരഘോരം എഴുതിയിട്ടുണ്ട്. എന്നിട്ട് അവർതന്നെ പറയുന്നു; Incarnation എന്നൊരു പദം ബൈബിളിലില്ല. അവതാരം എന്നൊരു പദമില്ലെങ്കിൽ അതിനെക്കുറിച്ചെഴുതാൻ എന്തിനാണിത്ര ബദ്ധപ്പെടുന്നത്? ബൈബിളിൽ ഉള്ളൊരു വാക്കുണ്ടല്ലോ പ്രത്യക്ഷത, വെളിപ്പാട് (appeared, manifested, manifestation, revealing) ഇതിനെക്കുറിച്ച് എന്തുകൊണ്ടാണ് എഴുതാത്തത്? അടിസ്ഥാനമേതിലാണോ അതല്ലേ എഴുതാൻ കഴിയൂ. സംഖ്യാപരമായിട്ട് ദൈവം മൂന്നാണെന്ന് ബൈബിൾ പരിശോധിക്കാതെയും പഠിക്കാതെയും ഹൃദ്യസ്ഥമാക്കി. പിന്നീടത് എഴുതിയുണ്ടാക്കാനുള്ള ശ്രമമായി എന്നുവേണം മനസ്സിലാക്കാൻ. ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ (He was manifested in the flesh) എന്നു പൗലൊസ് അല്ല, പരിശുദ്ധാത്മാവ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സത്യവേദപുസ്തകത്തിൽ എഴുതിയിരിക്കുന്ന ‘അവൻ’ ആരാണെന്ന് പലർക്കും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. അവൻ എന്നു പറയുന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ഈ സർവ്വനാമത്തിൻ്റെ ഉടയവനെ അറിയണമെങ്കിൽ അതിൻ്റെ മുകളിലത്തെ വാക്യം പരിശോധികണം. രണ്ടു വാക്യങ്ങളും ഇതാ: “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15). ‘ജീവനുള്ള ദൈവത്തിന്റെ സഭയെ’ കുറിച്ചാണ് പൗലൊസ് തിമൊഥെയൊസിനോട് പറയുന്നത്. എന്നിട്ടാണ് പറയുന്നത്; ‘അവൻ’ ജഡത്തിൽ വെളിപ്പെട്ടു; ആര്? ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു. ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമാണ് സഭയെന്നതും ചേർത്ത് ചിന്തിക്കുക. (എഫെ, 5:23; കൊലൊ, 2:10, 19). സ്വർഗ്ഗത്തിലും ഭൂമിയിലുമുളത് പിന്നെയും ക്രിസ്തുവിൽ ഒന്നായി ചേർക്കുക എന്നതാണ് സഭയുടെ വ്യവസ്ഥ. (എഫെ, 1:10, 14). സ്വർഗ്ഗത്തിലും ഭൂമിയിലും അഥവാ, ഈ സർവ്വപ്രപഞ്ചത്തിലുമായി ജീവനുള്ള ഒരേയൊരു ദൈവം മാത്രമേയുള്ളൂ എന്നറിയാത്തതുകൊണ്ടാണ് ഈ കുഴച്ചിലുകൾക്കൊക്കെ കാരണം. 

ഇംഗ്ലീഷിലെ അനേകം പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നു തന്നെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ABU, ACV, AKJV, Anderson; AV; AVW, BB, BSV, CVB, Darby, EE; EMTV, FAA, FBV; GB1539, GB1587, GB 1599, GWN; HKJV, HNV, JUB, KJ1769; KJ3; KJV,  KJ2000, KJCNT; KJLNT, KJV+; KJV1611;  LHB, LITV, Logos, Matthew, MKJV, MLV; MTNT; NKJV, NMB, NTWE, Niobe, NTABU, NTWE, RWE, RWV+; RYNT, SLT, T4T, Thomson; TRCC, UDB, UKJV, VW, WB, WBS, WEB, WEBBE, WEBL, WEBME, WEBP, Webster, WEBPE, WMB, WMBB, WoNT; WPNT; WSNT, Worsly, YLT എന്നിവ ഉദാഹരണങ്ങളാണ്. New Messianic Version Bible-ൽ ആകട്ടെ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നാണ് തർജ്ജമ: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” (1തിമൊ, 3:16). 

ദൈവത്തിൻ്റെ പ്രകൃതി എന്താണെന്ന് പഴയനിയമവും പുതിയനിയമവും വ്യക്തമാക്കിയിട്ടുണ്ട്: “ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ, 23:23). “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർ‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?” (യെശ, 66:1). “എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?” (1രാജാ, 8:27. ഒ.നോക്കുക: 2ദിന, 2:6, 6:18, സങ്കീ, 139:7-10). “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ 1:17). “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:15). 

പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നവനും, അപരിമേയനും, മനുഷ്യർക്ക് കാണ്മാൻ കഴിയാത്തവനുമാണ് ദൈവം എന്ന് ബൈബിൾ വ്യക്തമാക്കുന്നു. എന്നാൽ, ബൈബിൾ ചരിത്രം പരിശോധിച്ചാൽ, മനുഷ്യർക്ക് ഗോചരമായ വിധത്തിൽ യഹോവയുടെ അനവധിയായ പ്രത്യക്ഷതകൾ കാണാൻ കഴിയും. ആദാമിനു യഹോവ വെളിപ്പെട്ടിട്ടുണ്ട്. ഹാനോക്കിനും നോഹയ്ക്കും വെളിപ്പെട്ടിട്ടുണ്ട്. അബ്രാഹാമിൻ്റെ മുമ്പിൽ പുരുഷനായി വെളിപ്പെട്ടിട്ടുണ്ട്. മോശെയ്ക്ക് കത്തുന്ന മുൾപ്പടർപ്പിൽ പ്രത്യക്ഷനായിട്ടുണ്ട്. മരൂഭൂമിയാത്രയിൽ സമാഗമന കൂടാരത്തിനകത്തും പുറത്തും തേജസ്സായി യഹോവ പ്രത്യക്ഷനായിട്ടുണ്ട്. പത്തുനാല്പതുലക്ഷം വരുന്ന യിസ്രായേൽ ജനം അഗ്നിസ്തംഭമായും, മേഘസ്തഭമായും, തേജസ്സായും അനവധി പ്രാവശ്യം ദൈവത്തെ കണ്ടിട്ടുണ്ട്. ദൂതൻ്റെ രൂപത്തിൽ അനവധി തവണ യഹോവ പഴയനിയമത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ദാവീദിന് വെളിപ്പെട്ടിട്ടുണ്ട്; ശലോമോനു രണ്ടുപ്രാവശ്യം പ്രത്യക്ഷനായിട്ടുണ്ട്. പഴയനിയമത്തിലെ എല്ലാ പ്രവാചകന്മാർക്കും പല മാധ്യമങ്ങളിലൂടെ യഹോവ പലവട്ടം വെളിപ്പെട്ടിട്ടുണ്ട്. അർത്ഥാൽ, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നവനെങ്കിലും, മനുഷ്യരുടെ പരിമിതമായ കാഴ്ചയിൽ ഒതുങ്ങാത്തവനെങ്കിലും താൻ ഇച്ഛിക്കുന്നവൻ്റെ മുമ്പിൽ അവന് ഗോചരമായ വിധത്തിൽ യഹോവയ്ക്ക് തന്നെത്തന്നെ വെളിപ്പെടുത്താൻ കഴിയുമെന്നത് സ്പഷ്ടമാണ്. ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന ദൈവം ദൂതൻ്റെ രൂപത്തിലോ, മനുഷ്യൻ്റെ സാദൃശ്യത്തിലോ, അഗ്നിയായിട്ടോ, തീയായിട്ടോ, തേജസ്സായിട്ടോ ഒരു മനുഷ്യൻ്റെ മുമ്പിൽ വെളിപ്പെടുമ്പോൾ തൻ്റെ സ്ഥായിയായ പ്രകൃതത്തിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അപ്പോഴും താൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന ദൈവം തന്നെയാണ്. കാരണം, അവൻ ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനാണ്. (യാക്കോ, 1:17). ഇങ്ങനെയുള്ള നമ്മുടെ സർവ്വശക്തനായ യഹോവയ്ക്ക് ഒരു കന്യകയുടെ ഉദരത്തിലൂടെ മനുഷ്യപുത്രനായി മാനവലോകത്തിൽ വെളിപ്പെടാൻ വല്ല പ്രയാസമുണ്ടോ? ‘താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും, സ്വർഗ്ഗത്തിൽ ഇരിക്കുന്നുവെന്നല്ലേ’ യേശു തന്നേ അവകാശപ്പെടുന്നത്; “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). ഇതല്ലേ ‘ദൈവം നമ്മോടുകൂടെ’ എന്നർത്ഥമുള്ള ഇമ്മാനൂവേൽ. (മത്താ, 1:23). അവൻ നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിപ്പാനിരുന്നതു കൊണ്ടല്ലേ യേശു അഥവാ, യഹോശുവ (Jehovah is salvation – യഹോവ രക്ഷയാകുന്നു) എന്നു പേർ വിളിക്കപ്പെട്ടത്. (മത്താ, 1:21). ഇതല്ലേ ശരിയായിട്ടുള്ള പുത്രത്വം? അപരിമിതനായ ദൈവത്തെ തൻ്റെ പരിമിതമായ ജ്ഞാനത്താൽ മനസ്സിലാക്കുനവർക്ക് ഇതൊരുപക്ഷെ അസംഭവ്യമായി തോന്നാം. എന്നാൽ ദൈവവചനം ദൈവാത്മാവിനാൽ വിവേചിച്ചു പഠിക്കുന്ന ദൈവമക്കൾക്ക് കാര്യങ്ങൾ വ്യക്തമാകേണ്ടതല്ലേ?

ത്രിത്വമെന്നോ, ത്രിയേകത്വമെന്നോ ഒരു പദം ബൈബിളിലില്ല. മൂന്നു ദൈവങ്ങളെന്നും ബൈബിളിൽ ഒരിടത്തുമില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യതിരിക്തരായ വ്യക്തികളാണെന്നും ഒരു വാക്യത്തിൽപ്പോലും ആർക്കും കാണിക്കാൻ കഴിയില്ല. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ മൂന്ന് സ്ഥാനങ്ങൾ മാത്രമാണ്. പഴയനിയമത്തിൽ യഹോവയെക്കുറിച്ച് പറഞ്ഞിരിക്കുന്ന എല്ലാക്കാര്യങ്ങളും പുതിയനിയമത്തിൽ ക്രിസ്തുവിൽ നിവൃത്തിയായിട്ടുണ്ട്. എന്നിട്ടും യഹോവയിൽനിന്ന് വ്യതിരിക്തനായ ദൈവമാണ് ക്രിസ്തുവെന്ന് മനസ്സിലാക്കുന്നത് കഷ്ടമാണ്. ആകാശത്തിലും ഭൂമിയിലുമായി ഒരേയൊരു ദൈവമേയുള്ളു. ആ ദൈവത്തിൻ്റെ മൂന്ന് പദവികൾ ആണ് പിതാവും, പുത്രനും, പരിശുദ്ധാത്മാവും. അത് ദൈവത്തിൻ്റെ മുന്നുവിധത്തിലുള്ള വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ മാത്രമാണ്. ഇതിൽ പിതാവെന്നതും, പുത്രനെന്നതും, പരിശുദ്ധാത്മാവെന്നതും ഒരു പേരല്ല; സ്ഥാനപ്പേരാണ്. എന്നാൽ, പഴയനിയമത്തിൽ പേർ പറയപ്പെട്ടിരിക്കുന്ന ഒരു ദൈവമുണ്ട്. “ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ, 3:15). “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8; ഒ.നോ: യെശ, 51:15; 54:5). ഇവിടെപ്പറയുന്ന ‘യഹോവ’ എന്ന നാമം ത്രിയേകത്വത്തിലെ മൂവരിൽ ആർക്കു നൽകും? പിതാവാണ് യഹോവയെന്നു പറയുമായിരിക്കാം. പക്ഷെ അതിനെന്തു തെളിവാണുള്ളത്? സകല സൃഷ്ടികളുടെയും ദൈവമെന്ന നിലയിൽ ദൈവത്തെ പിതാവെന്ന് പഴയനിയമത്തിൽ വിളിച്ചിട്ടുണ്ട്. (മലാ, 2:10). ഈ അർത്ഥത്തിൽ മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും ദൈവത്തെ പിതാവെന്ന് വിളിക്കാം. എന്നാൽ, പിതാവായ ദൈവമെന്നോ, പിതാവായ യഹോവയെന്നോ ഒരു സംയുക്തപദം പഴയനിയമത്തിലില്ല. പുതിയനിയമത്തിൽ പിതാവായ ദൈവമെന്നുണ്ട്; അത് ക്രിസ്തുവിനോടുള്ള ബന്ധത്തിലും ക്രിസ്തു മുഖാന്തരവുമാണ്. ഈ പറഞ്ഞതിലെ താല്പര്യം എന്താണെന്നു ചോദിച്ചാൽ; പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ദൈവീക പദവികളിലെ പിതാവാണ് യഹോവ എന്നു തെളിയിക്കാൻ ബൈബിളിൽ കാര്യമായ തെളിവുണ്ടെന്നു തോന്നുന്നില്ല. എന്നാൽ, പുത്രൻ്റെ പേര് യേശു അഥവാ, യഹോശുവ എന്നാണെന്നും, അതിനർത്ഥം ‘യഹോവ രക്ഷയാകുന്നു’ എന്നാണെന്നും വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ്. നിത്യരായ മൂന്നു വ്യക്തിത്വങ്ങൾ ചേർന്നതാണ് ബൈബിളിലെ ദൈവ. എന്നു പഠിപ്പിക്കുന്നവർ ഒരു കാര്യംകൂടി മനസ്സിലാക്കുക: നിത്യാത്മാവെന്നല്ലാതെ; നിത്യപിതാവെന്നു പിതാവിനെ കുറിക്കുവാനോ; നിത്യപുത്രനെന്നു പുത്രനെ കുറിക്കുവാനോ ഒരു പദം ബൈബിളിലില്ല. എന്നാൽ, ‘നിത്യപിതാവു’ എന്നു വിളിച്ചിരിക്കുന്നതാകട്ടെ പുത്രനെയാണെന്നും മറക്കരുത്. ഒന്നുകൂടി പറയാം: സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയോടു സദൃശനായും സമനായും ആരുമില്ലെന്നാണ് ബൈബിൾ വ്യക്തമാക്കുന്നത്. (ആവ, 4:39; 1രാജാ, 8:23; സങ്കീ, 89:6).  യഹോവയാണെങ്കിൽ മറ്റൊരുത്തനെയും അറിയുന്നുമില്ല. (യെശ, 44:8). വേദപുസ്തക രചയിതാക്കൾക്ക് അറിയാത്തതും, യഹോവയ്ക്കുപോലും പരിചയമില്ലാത്തതുമായ ഈ നിത്യരായ മൂന്നു വ്യക്തികൾ (ദൈവങ്ങൾ) എന്തായാലും ബൈബിളിലെ ദൈവമല്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വ്യതിരിക്തരും നിത്യരുമായ മൂന്നു വ്യക്തികൾ ചേർന്നതാണ് ദൈവമെന്നു പഠിപ്പിക്കുന്നവർ സെഖര്യാവ് 14:9 എന്തേ കാണാതെ പോകുന്നു????? “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.”

ഇനി, പഴയനിയമത്തിൽ നിന്ന് ചില വാക്യങ്ങൾ ചൂണ്ടിക്കാണിക്കാം: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകല മുഖങ്ങളിലും നിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലും നിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.” (യെശയ്യാ 25:8,9). ഇവിടെ യഹോവ മരണത്തെ നീക്കിക്കളയുകയും, നമുക്ക് രക്ഷ ഒരുക്കുകയും ചെയ്യുമെന്നാണ് കാണുന്നത്. എന്നാൽ മരണത്തെ നീക്കിക്കളഞ്ഞതും നമുക്ക് രക്ഷ ഒരുക്കിയതും ആരാണ്; യേശുവല്ലേ? യഹോവ ഒരാളെ അയച്ചാലും യഹോവ രക്ഷിച്ചു എന്നു പറയാം. എന്നാൽ, പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു” എന്നാണ്. (യെശ, 25:9). അടുത്തൊരു വേദഭാഗവും കൂടി നോക്കാം: “അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും. തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശ, 35:1-35). ”ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു.” യെശയ്യാ പ്രവചനം ഉദ്ധരിച്ചുകൊണ്ട് അതു തന്നിൽ നിവൃത്തിയായി, എന്നു പറഞ്ഞുകൊണ്ടാണ് യേശു തൻ്റെ ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചത്. (ലൂക്കൊ, 4:18, 19; യെശ, 61:1,2). അവിടെ പ്രസാദവർഷത്തെക്കുറിച്ചു മാത്രമാണ് യേശു പറഞ്ഞത്; പ്രതികാര ദിവസത്തെക്കുറിച്ച് മിണ്ടിയില്ല. (ലൂക്കൊ, 4:19). നമ്മൾ മുകളിൽ ചിന്തിച്ച വേദഭാഗത്ത് പ്രസാദവർഷത്തിനു പകരം പ്രതിഫലം എന്നാണ് കാണുന്നതെന്നു മാത്രം. അടുത്തഭാഗം; പഴയനിയമത്തിൽ കുരുടൻ കാണുകയോ, ചെകിടൻ കേൾക്കുകയോ, മുടന്തൻ സൗഖ്യമായതായോ, ഊമൻ സംസാരിച്ചതായോ വായിക്കുന്നില്ല. എന്നാൽ പുതിയനിയമത്തിൽ യേശുവിലൂടെയും, യേശുവിൻ്റെ നാമത്തിലും ഇതൊക്കെ അനവധിയായി നടന്നിട്ടുണ്ട്. യഹോവയുടെ നാമത്തിൽ നടക്കുമെന്നല്ല: യഹോവ വന്നു ഇതൊക്കെ ചെയ്യുമെന്നാണ്. യഹോവ ജഡത്തിൽ വെളിപ്പെട്ടതല്ല യേശുവെങ്കിൽ, മേല്പപറഞ്ഞ പ്രവചനം കളവാണന്നല്ലേ വരൂ. ഇനി ചിലർ കരുതുന്നതുപോലെ യഹോവയും യേശുവും വ്യതിരിക്തരാണെങ്കിലും പ്രവചനത്തിന് എങ്ങനെ നിവൃത്തിവരും? (ഇതുപോലെ അനവധി വേദഭാഗങ്ങൾ ബൈബിളിലുണ്ട്. അതറിയാൻ: ‘യഹോവ/യേശുക്രിസ്തു’ എന്ന ലേഖനം കാണുക). യേശു ദൈവമാണ് എന്നുള്ള പ്രാരംഭജ്ഞാനത്തേക്കാൾ, ‘യേശു മാത്രമാണ് ദൈവം’ അഥവാ, ‘യേശു തന്നെയാണ് സർവ്വശക്തനായ യഹോവ’ എന്ന തിരിച്ചറിവാണ് ദൈവമക്കൾക്കാവശ്യം. 

യേശു ആരാണെന്ന് തിരിച്ചറിയുവാനും വിശ്വസിക്കുവാനും കഴിയാത്ത യെഹൂദന്മാരെക്കുറിച്ച് യെശയ്യാ പ്രവചനം ഉദ്ധരിച്ചുകൊണ്ട് യോഹന്നാൻ പറയുന്നത് ശ്രദ്ധേയമാണ്: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:38-41; യെശ, 53:1; 6:9,10; പ്രവൃ, 28:26,27). യെശയ്യാവ് കണ്ട തേജസ്സ് യഹോവയുടെ തേജസ്സും, കേട്ട ശബ്ദം യഹോവയുടെ ശബ്ദവുമാണ്. (യെശ, 6:3, 8). എന്നാൽ, യോഹന്നാൻ പറയുന്നത്; യെശയ്യാവ് കണ്ട തേജസ്സ് ക്രിസ്തുവിന്റെ തേജസ്സും, പറഞ്ഞിരിക്കുന്നത് ക്രിസ്തുവിനെ കുറിച്ചുമാണ് എന്നത്രേ. (യോഹ, 12:41). എന്നാൽ, പ്രവൃത്തികളിൽ പൗലൊസ് പറയുന്നതാകട്ടെ; പരിശുദ്ധാത്മാവ് യെശയ്യാവിനോട് കല്പിച്ചതായിട്ടാണ്. (പ്രവൃ, 28:26,27). ഇവിടെ ഒരുകാര്യം അസന്ദിഗ്ധമായി തെളിയുന്നു: നിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ ദൈവത്തിലില്ല. പ്രത്യുത, ഏകസത്യദൈവത്തിലെ മുന്നു വെളിപ്പാടുകൾ അഥവാ, മൂന്നു പ്രത്യക്ഷതകൾ മാത്രമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. യോഹന്നാൻ ഇതു വെളിപ്പെടുത്തിയശേഷം  ഒരുകാര്യംകൂടി പറയുന്നുണ്ട്: “എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.” (യോഹ, 12:42,43). യേശു ആരാണെന്ന് തിരിച്ചറിഞ്ഞവർ തന്നെ മനുഷ്യരാലുള്ള മാനത്തെയോർത്ത് അതേറ്റുപറയാൻ മടിച്ചു എന്നാണ് യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഇന്നും അനേർക്ക് ഈ സത്യം അറിയാമെങ്കിലും, അവർ ദൈവത്താലും ദൈവവചനത്താലും ഉള്ള മാനത്തേക്കാൾ മനുഷ്യരുടെ മാനം (സഭകളിലും സമൂഹത്തിലുമുള്ള) അന്വേഷിക്കുന്നതുകൊണ്ട് ഏറ്റുപറയാൻ മടിക്കുകയാണ്.

ത്രിത്വം എന്ന ഉപദേശത്തിൻ്റെ അടിസ്ഥാനം ബൈബിളല്ല; നിഖ്യാവിശ്വാസപ്രമാണമാണ്. എ.ഡി 325-ല നിഖ്യാ സുന്നഹദോസിൽ വെച്ച് അറിയൂസിൻ്റെ പാഷാണ്ഡതകളെ ഖണ്ഡിച്ചത് അലക്സാണ്ട്രിയയിലെ ബിഷപ്പായിരുന്ന അല്ക്സാണ്ടറിൻ്റെ സെക്രട്ടറിയായിരുന്ന അത്താനാസിയൊസ് ആണെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ പേരിൽ (Athanasian Creed) ഒരു വിശ്വാസപ്രമാണമുണ്ട്. അതിൽ പറയുന്നത്: പിതാവ് ദൈവമാണ്; പൂത്രൻ ദൈവമാണ്; പരിശുദ്ധാത്മാവ് ദൈവമാണ്. എന്നാൽ നമുക്ക് മൂന്നു ദൈവങ്ങളില്ല; ഒരു ദൈവമേയുള്ളൂ. പിതാവ് സർവ്വശക്തനാണ്; പുത്രൻ സർവ്വശക്തനാണ്; പരിശുദ്ധാത്മാവ് സർവ്വശക്തനാണ്. എന്നാൽ നമുക്ക് മൂന്നു സർവ്വശക്തന്മാരില്ല; ഒരു സർവ്വശക്തനേയുള്ളൂ. പിതാവ് സർവ്വജ്ഞാനിയാണ്; പുത്രൻ സർവ്വജ്ഞാനിയാണ്; പരിശുദ്ധാത്മാവ് സർവ്വജ്ഞാനിയാണ്; എന്നാൽ മൂന്നു സർവ്വജ്ഞാനികൾ ഇല്ല; ഒരു സർവ്വജ്ഞാനിയേയുള്ളൂ. പിതാവ് സർവ്വവ്യാപിയാണ്; പുത്രൻ സർവ്വവ്യാപിയാണ്; പരിശുദ്ധാത്മാവ് സർവ്വവ്യാപിയാണ്. എന്നാൽ നമുക്ക് മൂന്നു സർവ്വവ്യാപികളില്ല: ഒരു സർവ്വവ്യാപിയേയുള്ളൂ. പിതാവ് നിത്യനാണ്;  പുത്രൻ നിത്യനാണ്; പരിശുദ്ധത്മാവ് നിത്യനാണ്. എന്നാൽ നമുക്കു മൂന്നു നിത്യന്മാരില്ല; ഒരു നിത്യനേയുള്ളൂ എന്നിങ്ങനെയാണ്. ത്രിയേകത്വത്തിന് നിർവ്വചനം ഉണ്ടാക്കിയ അത്താനാസിയൊസ് പോലും ഏകനിത്യ ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ആധുനിക പണ്ഡിതന്മാരാകട്ടെ മൂന്നു നിത്യന്മാരുണ്ടെന്നും. ഇക്കാര്യം ആരെങ്കിലും പണ്ഡിതന്മാരോട് ചോദിച്ചാൽ പറയുന്നത്; യുക്തികൊണ്ടും ബുദ്ധികൊണ്ടുമല്ല ദൈവത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത്, പ്രത്യുത വിശ്വാസത്താലാണെന്നാണ് മറുപടി. ദൈവാസ്തിത്വം അംഗീകരിക്കുന്ന കാര്യത്തിൽ ഇത് തികച്ചും ശരിയാണ്; ചോദ്യംചെയ്യാതെ വേണം ദൈവത്തിൻ്റെ അസ്തിത്വത്തെ വിശ്വസിക്കാൻ. (എബ്രാ, 11:6). പക്ഷെ, ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ച് ബൈബിളിലെ 66 പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങൾ ദൈവം നൽകിയിരിക്കുന്ന ബുദ്ധിയും യുക്തിയും ഉപയോഗിച്ചുവേണം പഠിക്കാൻ; മണ്ടന്മാരാകരുത്. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ! 

(സംഖ്യാപരമായിട്ട് ദൈവം മൂന്നാണെന്നു സമ്മതിക്കുന്ന ഒരു പണ്ഡിതൻ്റെ ഓഡിയോ ക്ലിപ്പ് കേട്ടശേഷം ചെയ്ത ലേഖനമാണിത്)

One thought on “യേശുവിൻ്റെ ദൈവത്വം”

Leave a Reply

Your email address will not be published. Required fields are marked *