ധാതുക്കൾ

ധാതുക്കൾ (minerals)

ധാതുക്കളെ മൂന്നായി തിരിക്കാം: 1. രത്നങ്ങൾ (Precious stones), 2. ലോഹങ്ങൾ (Metals), 3. ഉപ്പ്, ഗന്ധകം, വെളളം തുടങ്ങിയ സാധാരണ ധാതുക്കൾ. ബൈബിൽ പറയപ്പെട്ടിരികുന്ന ധാതുകളെ ആകാരാദിക്രമത്തിൽ ചേർക്കന്നു:

ഇരുമ്പ് (iron)  

ഇരുമ്പ് എന്ന പ്രയോഗത്തെ സംബന്ധിച്ചിടത്തോളം അർത്ഥശങ്കയ്ക്കിടയില്ല. ആക്ഷരികമായും ആലങ്കാരികമായും ഇരുമ്പിനെക്കുറിച്ചുളള അനേകം പ്രസ്താവനകൾ തിരുവെഴുത്തുകളിൽ ഉണ്ട്. ഉല്പത്തി 4:22-ലാണ് ഇരുമ്പിനെക്കുറിച്ചുളള ആദ്യപരാമർശം. ഉലകളിൽ നിന്നുവീണ ഇരുമ്പിന്റെ ശകലങ്ങളെക്കുറിച്ച് ആയിരിക്കണം ഈ പ്രസ്താവന. ചരിത്രാതീത കാലത്തെ പുരാവസ്തു വിജ്ഞാനീയം ചൂണ്ടിക്കാണിക്കുന്നത് അനുസരിച്ചു ചെമ്പ്, ഓട് മുതലായവയ്ക്കു ശേഷമാണു ഇരുമ്പ് പ്രയോഗത്തിൽ വന്നത്. ദാവീദിന്റെ കാലത്തോടു കൂടിയാണു പലസ്തീനിൽ ഇരുമ്പ് സർവ്വസാധാരണമായത്. ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്ന ലോഹമാണ് ഇരുമ്പ്. ഇരുമ്പിന്റെ അയിരുകൾ (ഓക്സൈഡുകളും കാർബണേറ്റുകളും) ഖനികളിൽ ധാരാളം ഉണ്ട്. എളുപ്പത്തിൽ ശുദ്ധീകരിച്ച് എടുക്കാവുന്നതാണവ. വ്യത്യസ്ത രൂപങ്ങളിലും ബലത്തിലും ഇരുമ്പ് പരുവപ്പെടുത്തിയെടുക്കാം. പൗരാണിക മനുഷ്യൻ ഉലയിൽ നിന്നുളള ഇരുമ്പ് രൂപപ്പെടുത്തി ഉപയോഗിച്ചിരുന്നു. ബി.സി. നാലായിരത്തോളം പഴക്കമുള്ള മിസ്രയീമ്യ കല്ലറയിൽ നിന്നും ലഭിച്ച ഇരുമ്പുകല്ലകൾ അതിനു തെളിവാണ്. അതിനാലാണ് പ്രാചീന സംസ്കാരങ്ങളിൽ ഇരുമ്പിനെ സ്വർഗ്ഗത്തിൽ നിന്നുള്ള ലോഹം എന്നു പറഞ്ഞിരിക്കുന്നത്. ഈജിപ്തിലെ മതസാഹിത്യത്തിൽ ആകാശവിതാനം അയോനിർമ്മിതമെന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. ഇരുമ്പിനെ ആദ്യം ശുദ്ധീകരിച്ചെടുത്തത് ആരാണെന്നറിയില്ല. യാദൃച്ഛികമായിട്ട് ആയിരിക്കണം അതു സംഭവിച്ചത്. ഇരുമ്പു നിർമ്മാണം യെഹൂദന്മാർക്കു പരിചിതമായിരുന്നുവെന്നു ഇരുമ്പുചൂള, ഇരുമ്പുല എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകൾ വ്യക്തമാക്കുന്നു. (ആവ, 4:20; 1രാജാ, 8:51; യിരെ, 11:4). എന്നാൽ ഇരുമ്പുചൂള, ഇരുമ്പുല എന്നിവയെക്കുറിച്ചുള ഈ പരാമർശങ്ങൾ വാച്യാർത്ഥത്തിലാണോ അല്ലയോ എന്നതു വിവാദഗസ്തമാണ്. 

യിസ്രായേൽജനത്തിന്റെ ഊഴിയവേല ഇഷ്ടിക നിർമ്മാണമെന്നേ പുറപ്പാടുപുസ്തകത്തിൽ പറഞ്ഞിട്ടുള്ളൂ. കൊല്ലന്റെ ആലയിലെ വേലയെക്കുറിച്ചു യെശയ്യാ പ്രവാചകൻ രേഖപ്പെടുത്തുന്നു. (44:12; 54:16). ഫെലിസ്ത്യർ ഇരുമ്പിന്റെ പ്രയോഗത്തിൽ വിദഗ്ദ്ധരായിരുന്നു. തന്മൂലം, യിസ്രായേല്യർക്കു പലസ്തീൻ കൈവശപ്പെടുത്തുന്നതിനു നന്നേ പ്രയാസപ്പെടേണ്ടി വന്നു. “എന്നാൽ യിസ്രായേൽ ദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു. യിസായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.” (1ശമൂ, 13:19,20). ദാവീദിന്റെ ദിഗ്വിജയത്തോടുകൂടി ഈ സ്ഥിതിക്കു മാറ്റം വന്നു. ഇരുമ്പ് യിസ്രായേലിനു സമൃദ്ധിയായി ലഭിച്ചു. ഇരുമ്പുകൊണ്ടുള്ള അനേകം ഉപകരണങ്ങളും ആയുധങ്ങളും ബൈബിളിൽ പറയപ്പെട്ടിട്ടുണ്ട്. ബാശാൻ രാജാവായ ഓഗിന്റെ മഞ്ചം ഇരുമ്പുകൊണ്ടുള്ളത് ആയിരുന്നു. അതിനു 15 അടി നീളവും 7 അടി വീതിയും ഉണ്ടായിരുന്നു. കനാന്യർക്കു ഇരുമ്പ് രഥങ്ങൾ ഉണ്ടായിരുന്നു. (യോശു, 17:16, 18). ഗൊല്യാത്തിന്റെ കുന്തത്തിന്റെ അലക് 600 (20 പൗണ്ട്) ശെക്കെൽ ഇരുമ്പ് ആയിരുന്നു. (1ശമൂ, 17:7). ചങ്ങലകളും കോലുകളും ഇരുമ്പുകൊണ്ട് നിർമ്മിച്ചിരുന്നു. (സങ്കീ, 2:9; 107:11; 149:7; യിരെ, 28:13,14). കോടാലി (ആവ, 19:5; 2ശമൂ, 12:31; 2രാജാ, 6:5-6), ഇരുമ്പായുധം (യെശ, 10:34), കല്ലുവെട്ടാനുള്ള ആയുധങ്ങൾ (ആവ, 27:5), ഈർച്ചവാൾ (2ശമൂ, 12:31), എഴുതാനുള്ള ഉപകരണങ്ങൾ (ഇയ്യോ, 19:24; യിരെ ൾ, 17:1) എന്നിവ നിർമ്മിക്കുന്നതിനു ഇരുമ്പ് ഉപയോഗിച്ചിരുന്നു. 

രൂപകാർത്ഥത്തിലും ‘ഇരുമ്പു’ പ്രയോഗിച്ചിട്ടുണ്ട്. കായബലം, സഹിഷ്ണുത (ആവ, 33:25; മീഖാ, 4:13; ഇയ്യോ, 40:18; ദാനീ, 7:7,19), ഹൃദയകാഠിന്യം (യിരെ, 1:18; യെശ, 48:4) എന്നിവയുടെ പ്രതീകമാണ് ഇരുമ്പ്. വരൾച്ചയുടെയും മഴയില്ലാത്ത ആകാശത്തിന്റെയും ഉപമാനവും (ലേവ്യ, 26:19) ഇരുമ്പത്രേ. 

ഇഷ്ടിക (brick)  

കളിമണ്ണുകൊണ്ടാണു ഇഷ്ടിക നിർമ്മിക്കുന്നത്. കളിമണ്ണിന്റെ നിറം വെളുപ്പാകയാലാണ് ഇഷ്ടികയ്ക്ക് എബ്രായയിൽ ലെബനാഹ് എന്ന പേർ വന്നത്. ചുടുകട്ട, ചുടുകല്ല്, ചെങ്കല്ല് എന്നീ പേരുകൾ മലയാളത്തിൽ ഉപയോഗിക്കുന്നു. മിസ്രയീമിൽ വച്ചു ഇഷ്ടിക നിർമ്മിക്കുന്നതിനു യിസ്രായേൽ ജനം അനുഭവിച്ച കഷ്ടത്തെക്കുറിച്ചുളള വിവരണം പുറപ്പാട് അഞ്ചാം അദ്ധ്യായത്തിലുണ്ട്. അബ്രാഹാമിന്റെ കാലത്തിനു വളരെ മുമ്പുതന്നെ ബാബിലോണിലും മിസ്രയീമിലും കനാനിലും ഇഷ്ടിക നിർമ്മിച്ചിരുന്നു. ബാബിലോണിൽ കെട്ടിട നിർമ്മാണത്തിനും മറ്റും അധികമായി ഉപയോഗിച്ചതു ചുടുകല്ലാണ്. മണ്ണിൽനിന്നു കല്ലും ചവറും മറ്റും നീക്കിക്കളഞ്ഞ ശേഷം പുല്ലോ മുറിച്ച വയ്ക്കോലോ ചേർത്തു കാലുകൊണ്ടു ചവിട്ടിക്കുഴച്ചു ഇഷ്ടിക നിർമ്മിച്ചിരുന്നു. ഇവയ്ക്ക് മൂന്നോ നാലോ ഇഞ്ച് കനം ഉണ്ടായിരിക്കും. കട്ടയുടെ നിരപ്പായ സ്ഥാനത്തു ഭരണാധിപന്റെ പേരു പതിപ്പിച്ചു വെയിലിൽ ഉണക്കും. പലപ്പോഴും കട്ടകൾക്കു വിവിധനിറങ്ങൾ കൊടുക്കാറുണ്ട്. ബാബിലോണിലെ കട്ടകൾ അധികവും ചുളയിൽ ചുട്ടെടുത്തവയാണ്. നീനെവേയിലും മിസ്രയീമിലും കട്ടകളെ വെയിലിൽ ഉണക്കിയിരുന്നു. 

ഈജിപ്റ്റിലെ ഇഷ്ടികകൾ ചൂളയിൽ ചുട്ടെടുത്തവയായിരുന്നില്ല; പ്രത്യുത, വെയിലിൽ ഉണക്കിയവയായിരുന്നു. എന്നാൽ യിരെമ്യാവ് 43:9-ൽ ചൂളയെക്കുറിച്ചുള്ള ഒരു സൂചനയുണ്ട്. വയ്ക്കോൽ ചേർത്തു ഉണ്ടാക്കാത്തവ പോലും ഉറപ്പുള്ളവയായിരുന്നു. നൈൽ നദിയിലെ ചെളികൊണ്ടു നിർമ്മിച്ച ഇഷ്ടികകൾ പിളർന്നു വീഴാതിരിക്കേണ്ടതിനു അവയിൽ വയ്ക്കോൽ ചേർത്തിരുന്നു. ചെളിയിൽ വയ്ക്കോൽ ചേർക്കുമ്പോൾ വയ്ക്കോലിൽ നിന്നുണ്ടാകുന്ന അമ്ലം മണ്ണിനെ കൂടുതൽ അയവുളളതും പിന്നീടു ഏറെ കടുപ്പമുളളതും ആക്കിമാറ്റുന്നു. ഇഷ്ടിക നിർമ്മാണം പ്രയാസകരമായ ജോലിയായിട്ടാണു മിസ്രയീമ്യർ കരുതിയിരുന്നത്. തന്മൂലം, അടിമകളെ കൊണ്ടായിരുന്നു അതു ചെയ്യിച്ചിരുന്നത്. ഇഷ്ടികകൊണ്ടു നിർമ്മിച്ച മതിലുകളും ക്ഷേത്രങ്ങളും സംഭാരനഗരങ്ങളും ഈജിപ്റ്റിൽ കാണാം. റയംസേസ് രണ്ടാമൻ പുരാതനനഗരമായ

സോവൻ അരാസിസിനെ പുതുക്കിപ്പണിതു. ഇഷ്ടികകളിലെല്ലാം റയംസേസ് രണ്ടാമൻ്റെ പേരു മുദ്രണം ചെയ്തിട്ടുണ്ട്. പുറപ്പാട് 1:11-ലെ റയംസേസ് ഇദ്ദേഹം തന്നെയാണ്. ദാവീദിന്റെ കാലത്ത് ഇഷ്ടികച്ചുളയെ കുറിച്ചുളള പ്രസ്താവനയുണ്ട്. (2ശമൂ, 12:31). ന്യായപ്രമാണം അനുശാസിക്കുന്നതു പോലെ കല്ലിൽ ഉണ്ടാക്കുന്നതിനു പകരം (പുറ, 20:25) യാഗപീഠം ഇഷ്ടികകൊണ്ടു നിർമ്മിച്ചതായി യെശയ്യാ പ്രവാചകൻ കുറ്റപ്പെടുത്തുന്നു. (65 : 3). പുസ്തകങ്ങളും രേഖകളും ഇഷ്ടികകളിൽ നിർമ്മിച്ചിരുന്നു. തന്മൂലം, ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷവും അവ കേടുകൂടാതെ നിലനില്ക്കുന്നു. (യെഹ, 4:1; നഹും, 3:14). പ്രാചീന കാലത്തു മെസൊപ്പൊട്ടേമിയയിൽ കളിമൺ പലകകളിൽ എഴുതിയിരുന്നു. വീടുകളുടെ മേൽത്തട്ടു കളിമണ്ണുകൊണ്ടു വാർത്തിരുന്നു. (ലൂക്കൊ, 5:19). 

ഈയം (lead)  

കാരീയത്തെക്കുറിക്കുന്ന പദമാണ് lead. ഭാരമുള്ള ലോഹമാണ് ഈയം. (പുറ, 15:10). വർദ്ധിച്ച താപത്തിൽ ഈയം ഊതിക്കഴിച്ചെടുക്കും. (യിരെ, 6:29). ഈയത്തിന്റെ പ്രധാന അയിരു ഗലീനയാണ്. വളരെക്കാലം മുമ്പുതന്നെ ഈയം ഉപയോഗിച്ചു വന്നു. പൊന്നു, വെളളി, ചെമ്പു മുതലായ ലോഹങ്ങളോടൊപ്പം കാരീയവും (കറുത്തീയം) പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 31:22; യെഹെ, 22:18, 20). പാറയിൽ എഴുതുന്നതിനു ഈയം ഉപയോഗിച്ചിരുന്നു. (ഇയ്യോ, 19:24). തൂക്കമായും ഈയം ഉപയോഗിച്ചു കാണുന്നു. (സെഖ, 5:7). 

ഉപ്പ് (salt)  

സർവ്വസാധാരണമായ പദാർത്ഥമാണിത്. സോഡിയം ക്ലോറൈഡ് എന്നറിയപ്പെടുന്നു. ചാവുകടലിനു ചുറ്റും പലയിടങ്ങളിലും ഉപ്പുപാറകൾ ഉണ്ട്. ചാവുകടലിന്റെ പേർ തന്നെ ഉപ്പുകടൽ (യാം ഹമ്മെലാ) എന്നത്രേ. (ഉല്പ, 14:3; സംഖ്യാ, 34:12; ആവ, 3:17; യോശു, 3:16; 12:3; 15:2,5; 18:19). ഗ്രീഷ്മകാലത്തു ചാവുകടലിന്റെ തെക്കുഭാഗത്തുള്ള നിരപ്പായ സ്ഥലങ്ങൾ ഉപ്പിനാൽ ആവരണം ചെയ്യപ്പെട്ടു ഉപ്പു പടർനപോലെ കാണപ്പെടും. (ആവ, 29:22; സെഫ, 2:9; യിരെ, 17:6). യിരെമ്യാവ് 17:6-ൽ ഉവർനിലം എന്നു പരിഭാഷ. ചിലരുടെ അഭിപ്രായത്തിൽ ഉപ്പുതാഴ്വര ഇവിടെയാണ്. (2ശമൂ, 8:13; 2രാജാ, 14:7; സങ്കീ, 60 ശീർഷകം). ചാവുകടലിലെ വെള്ളം ഉപ്പുകളുടെ ആധിക്യം കൊണ്ടു ലവണപൂരിതമാണ്. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനു ഉപ്പ് ഉപയോഗിക്കുന്നു. പൗരസ്ത്യ ദേശത്തു ഉപ്പ് വിശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. ഒരുമിച്ചു ഉപ്പു ഭക്ഷിക്കുന്നത് സൗഹാർദ്ദത്തിന്റെയും വിശ്വസ്തതയുടെയും ഉറപ്പായിരുന്നു. (2ദിന, 13:5). ദൈവം യിസ്രായേലിനോടു ചെയ്ത ഉടമ്പടിയെ ലവണനിയമം (ബെറീത്തമെലാ) എന്നാണ് വിളിക്കുന്നത്. (സംഖ്യാ, 18:19). യാഗാർപ്പണത്തിനും വഴിപാടിനും ഉപ്പ് ഒഴിവാക്കാൻ പാടില്ല. (ലേവ്യ, 2:13; എസ്രാ, 6:10; യെഹെ, 43:24). ശുദ്ധീകരണത്തിനും കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കും. (മത്താ, 5:19; മർക്കൊ, 9:50; ലൂക്കൊ, 14:34; കൊലൊ, 4:6). പിടിക്കപ്പെടട പട്ടണത്തിന്മേൽ ഉപ്പു വിതറുന്ന സമ്പ്രദായം ഉണ്ട്. (ന്യായാ, 9:45). പട്ടണത്തെ നാശത്തിനു ഏല്പിച്ചുകൊടുത്തിരിക്കുന്നു എന്നാണ് ആശയം. എലീശാ വെള്ളത്തെ പഥ്യമാക്കിയതു ഉപ്പിട്ടായിരുന്നു. (2രാജാ, 2:20).

കണ്ണാടി (glass, mirror)  

പ്രകാശ രശ്മികളെയോ വസ്തുക്കളുടെ പ്രതിബിംബങ്ങളെയോ പ്രതിഫലിപ്പിക്കുവാൻ ഉപയോഗിക്കുന്ന മിനുസവും തിളക്കവും ഉളള പ്രതലങ്ങളുള്ള വസ്തുവാണ് കണ്ണാടി. സ്ഫടികം കൊണ്ടോ ലോഹം കൊണ്ടോ നിർമ്മിക്കുന്ന കണ്ണാടി സമതലമോ, അവതലമോ ഉത്തലമോ ആയിരിക്കും. ബൈബിളിൽ പറയപ്പെട്ടിട്ടുളള കണ്ണാടികൾ ലോഹനിർമ്മിതങ്ങളാണ്. (1കൊരി, 13:12; 2കൊരി, 3:18; യാക്കോ, 1:23). കണ്ണാടിയുടെ ഈറ്റില്ലം എവിടമാണെന്നു കൃത്യമായി പറയാൻ സാദ്ധ്യമല്ല. പ്ലിനിയുടെ അഭിപ്രായത്തിൽ അതു ഫിനിഷ്യയാണ്. എന്നാൽ ബി.സി. 250-നു മുമ്പുതന്നെ ഈജിപ്റ്റിൽ കണ്ണാടികൾ നിർമ്മിച്ചിരുന്നു. ഈജിപ്റ്റിൽ നിന്നാണു നീനെവേ, ഫിനിഷ്യ തുടങ്ങിയ ദേശങ്ങളിലേക്കു കണ്ണാടി നിർമ്മാണം കടന്നുചെന്നത്. ബി.സി. 750-നടുപ്പിച്ചു അശ്ശൂര്യർ കണ്ണാടി നിർമ്മിച്ചിരുന്നു. ഫിനിഷ്യർ കണ്ണാടിമുത്തുകൾ നിർമ്മിച്ചു അതിനെ ആദായകരമായ ഒരു വ്യവസായമാക്കി മാറ്റി. റോമൻയുഗത്തിൽ സുതാര്യമായ കണ്ണാടി ആഡംബര വസ്തുക്കളിൽ ഒന്നായിരുന്നു. 

എബ്രായർ കണ്ണാടി ഉപയോഗിക്കാതിരുന്നതു മിസ്രയീമ്യ വസ്തുക്കളോടുള്ള വെറുപ്പു മൂലമായിരിക്കണം. (ലേവ്യ, 18:3). മിനുസപ്പെടുത്തിയ ഓടുകൊണ്ടു അവർ ദർപ്പണങ്ങൾ നിർമ്മിച്ചിരുന്നു. (പുറ, 38:8). പഴയനിയമത്തിൽ കണ്ണാടിയെക്കുറിച്ചുളള ഏകപരാമർശം ഇയ്യോബ് 28:17-ലാണ്. മലയാളത്തിൽ സ്പടികം എന്നു പരിഭാഷ ചെയ്തിരിക്കുന്നു. അതിന്റെ എബായപദം ററ്സെഖൂഖിത് അത്രേ. ഈ ജീവിതത്തിൽ ലഭിക്കുന്ന ആത്മീയ അറിവിനെ കണ്ണാടിയിലൂടെ മങ്ങിക്കാണുന്ന പ്രതിബിംബത്തോടാണ് പൗലൊസപ്പൊസ്തലൻ സാദൃശ്യപ്പെടുത്തുന്നത്. “ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു.” (1കൊരി, 13:12). യാക്കോബ് 1:23-ൽ സ്വാതന്ത്ര്യത്തിന്റെ പ്രമാണത്തെ കണ്ണാടിയോടു സാമ്യപ്പെടുത്തുന്നു. 

കളിമണ്ണ് (clay) 

കളിമണ്ണിനെക്കുറിക്കുന്ന രണ്ട് എബ്രായപദങ്ങൾ പഴയനിയമത്തിലുണ്ട്. 1. തിത്ത്: ചേറ് (സങ്കീ, 69:14), ചെളി (യിരെ, 38:6; 57:20) എന്നിങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നു. 2. ഹോമെർ: മൺപാത്രം നിർമ്മിക്കുന്നതിനും കല്ലു നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്ന കളിമണ്ണിനെക്കുറിക്കുന്നു. (യെശ, 29:16; 45:9; യിരെ, 18:4). ഇയ്യോബ് 4:19-ൽ ഹോമെർ മൺപുരയെ കുറിക്കുന്നു. അതിൻ്റെ ആശയം നശ്വരത അഥവാ ക്ഷണികതയത്രേ. ഇയ്യോ ബ് 30:19; യെശയ്യാവ് 10:6 തുടങ്ങിയ സ്ഥലങ്ങളിൽ ചെളിയെന്നു ഈ പദത്തെ വിവർത്തനം ചെയ്തിരിക്കുന്നു. 3. പീലാസ്: പുതിയനിയമത്തിൽ കളിമണ്ണിനു ഉപയോഗിക്കുന്ന വാക്കാണ് പീലൊസ്. (യോഹ, 9:6, 11, 14-15; റോമ, 9:21). യോഹന്നാനിൽ ചേറ് എന്നും റോമറിൽ മണ്ണ് എന്നുമാണ് വിവർത്തനം. 2കൊരിന്ത്യർ 4:7-ലെ മൺപാത്രം പ്രാചീന കാലത്തു വിലയേറിയ രത്നങ്ങളെ സൂക്ഷിച്ചിരുന്ന മൺപാത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഉൾക്കൊണ്ടീരിക്കുന്ന വസ്തുക്കളോടു താരതമ്യപ്പെടുത്തിയാൽ എത്രയോ വിലകുറഞ്ഞതാണ് അവയെ വഹിക്കുന്ന പാത്രങ്ങൾ. കിണ്ണങ്ങൾ, മൺപാത്രങ്ങൾ എന്നിവ കളിമണ്ണു ചുട്ടു നിർമ്മിച്ചിരുന്നു. (2ശമൂ, 17:28; യിരെ, 18:3-4; 19:1). ബി.സി. അഞ്ചാം സഹസ്രാബ്ദം മുതൽ മെസൊപ്പൊട്ടേമിയയിലും ഈജിപ്റ്റിലും മൺപാത്രവ്യവസായം തുടർന്നു വന്നു. പ്രാചീന സംസ്കാരങ്ങളുടെ കാലനിർണ്ണയത്തിനു പുരാവസ്തു ഗവേഷകരെ സഹായിക്കുന്നതു മൺപാത്ര അശിഷ്ടങ്ങളാണ്. കതകുകൾ മുദയിടുന്നതിനും മൺഭരണികൾ അടച്ചു മുദ്രണം ചെയ്യുന്നതിനും കളിമണ്ണ് ഉപയോഗിച്ചിരുന്നു. (യിരെ, 32:14). രേഖകൾ എഴുതി സൂക്ഷിക്കുന്നതിനു കളിമണ്ണിൽ നിർമ്മിച്ച ഇഷ്ടികകൾ പ്രയോജനപ്പെട്ടിരുന്നു. (യെഹെ, 4:1). അസ്സീറിയ, ബാബിലോണിയ എന്നിവിടങ്ങളിൽ നിന്നും അനേകം കളിമൺ ഫലകങ്ങൾ കിട്ടിയിട്ടുണ്ട്. 

കീടം, കിട്ടം (dross)  

ലോഹങ്ങളിൽ കാണപ്പെടുന്ന മാലിന്യങ്ങളെയും കളങ്കങ്ങളെയും കുറിക്കുന്ന പദങ്ങളാണ് ‘കീടം’ (സങ്കീ, 119:119; സദൃ, 25:4; യെശ, 1:25 ), ‘കിട്ടം’ (യെഹെ, 22:18,19) എന്നിവ. ഈ മാലിന്യങ്ങളെ മാറ്റിയാൽ മാത്രമേ ലോഹങ്ങൾ ഉപയോഗയോഗ്യമാകൂ. ഇതിനുവേണ്ടിയാണ് ലോഹങ്ങളെ ശുദ്ധി ചെയ്യുന്നത്.  

കീൽ (asphalt, bitumen)  

പ്രാചീനകാലത്തു കീൽ അധികവും ലഭിച്ചിരുന്നതു ചാവുകടലിൽ നിന്നാണ്. ബാബിലോണിൽ കല്ലുകൾ കെട്ടുന്നതിനു സിമെന്റായി കീൽ ഉപയോഗിച്ചിരുന്നു. ഹൈഡ്രോ കാർബണുകളുടെ മിശ്രിതമാണു കീൽ. പാറയിൽനിന്നു ഉത്ഭവിക്കുന്നു. വായുവിൽ ഇതു കട്ടിയാകുന്നു. വെള്ളമോ, നീരാവിയോ കടക്കാതെ വസ്തുക്കളെ ഭദ്രമായി അടച്ചു സൂക്ഷിക്കുന്നതിനു കീൽ ഉപയോഗിച്ചുവന്നു. നോഹയുടെ പെട്ടകത്തിൽ വെള്ളം കടക്കാതിരിക്കാൻ അകത്തും പുറത്തും കീൽ തേച്ചു. (ഉല്പ, 6:14). എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന കോഫർ എന്ന പദത്തിനു മൂടുക, മറയ്ക്കുക എന്നെല്ലാമാണർത്ഥം. മോശെക്കുഞ്ഞിനെ ഒളിപ്പിച്ച പെട്ടിയിലും കീൽ തേച്ചിരുന്നു. സിദ്ദീം താഴ്വരയിൽ കീൽകുഴികൾ ധാരാളമുണ്ടായിരുന്നു. (ഉല്പ, 14:10). യഹോവ പ്രതികാരം നടത്തുന്ന ദിവസം തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും. (യെശ, 34:9). 

ഗന്ധകം (brimstone)  

മൂടുക എന്നർത്ഥമുള്ള ഗാഫറിൽ നിന്നുമാണ് ഗോഫ്രിത് എന്ന എബ്രായപദത്തിൻ്റെ നിഷ്പത്തി. എബായപദത്തിനു കീൽ എന്നും ഗന്ധകം എന്നും അർത്ഥമുണ്ട്. കീൽ അഥവാ പശ കറുപ്പു നിറത്തിലുള്ളതാണ്. ചില വൃക്ഷങ്ങളിൽ നിന്നുണ്ടാകുന്ന കറ മഞ്ഞ നിറത്തിലുള്ള ഗന്ധകത്തിനു സമാനമാണ്. ഗോഫ്രിത് ഗന്ധകവും, ഉല്പത്തി 6:14-ലെ കോഫർ കീലുമാണ്. പുറപ്പാട് 2:3-ലും യെശയ്യാവ് 34:9-ലും കീലിനു എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നതു റ്റ്സെഫെത് എന്ന മറ്റൊരു വാക്കാണ്. പഴയനിയമത്തിൽ നിർമ്മൂല നാശത്തിന്റെയും നിർജ്ജനതയുടെയും പര്യായമായിട്ടാണ് ഗന്ധകം ഉപയോഗിച്ചി ട്ടുള്ളത്. (ആവ, 29:23; ഇയ്യോ, 18:15; യെശ, 34.9). ചാവുകടലിനു ചുററും യോർദ്ദാൻ താഴ്വരയുടെ ഇരുവശത്തും ധാരാളം ഗന്ധകം ഉണ്ട്. അഗ്നിയോടു ചേർത്തും പഴയനിയമത്തിൽ ഗന്ധകം പറയപ്പെടുന്നു. (ഉല്പ, 19:24; സങ്കീ, 11:6; യെഹെ, 38:22). പുതിയനിയമത്തിൽ ലൂക്കൊസ് 17:29; വെളിപ്പാട് 9:17; 14:10; 19:20; 20:10; 21:18 എന്നിവിടങ്ങളിൽ അഗ്നിയും ഗന്ധകവും (പൂർ കായ്തെയൊൻ) ഉപയോഗിച്ചിട്ടുണ്ട്. 

ഗുല്ഗുലു (bdellium)  

അറേബ്യ, ബാബിലോണിയ, മേദ്യ, ഭാരതം എന്നിവിടങ്ങളിലെ ഒരു പ്രത്യേക വൃക്ഷത്തിൽ നിന്നു കിട്ടുന്ന സൗരഭ്യവാസനയുളള കറയാണിത്. മന്നയുടെ നിറവും ഗുല്ഗുലുവിന്റെ നിറവും ഒന്നായിട്ടാണ് പറഞ്ഞിരിക്കുന്നത്. (സംഖ്യാ, 11:7). ഉല്പത്തി 2:12-ൽ ഹവീലാദേശത്തിലെ ഉത്പന്നമായി പൊന്നു, ഗോമേദകം എന്നിവയോടൊപ്പം ഗുല്ഗുലു പറയപ്പെട്ടിരിക്കുന്നു. തന്മൂലം, വിലയേറിയ ഒരു രത്നമാണോ ഗുല്ഗുലു എന്നു സംശയിക്കാൻ ഇടയുണ്ട്. ധൂപവർഗ്ഗ നിർമ്മിതിയുടെ ഘടകപദാർത്ഥങ്ങളിൽ ഒന്നാണ് ഗുല്ഗുലു. (പുറ, 30:34). 

ഗോമേദകം (onyx) 

വിവിധ വർണ്ണങ്ങളിൽ കാണപ്പെടുന്ന ചുവപ്പുരത്നമാണ് ഗോമേദകം. കറുപ്പും വെളുപ്പും, ധൂമ്രവും വെളുപ്പും എന്നീ വർണ്ണങ്ങളിൽ കാണപ്പെടുന്നു. എബായപദമായ ഷോഹത്തെ വ്യത്യസ്ത പദങ്ങൾകൊണ്ടാണ് സെപ്റ്റ്വജിന്റ് വിവർത്തനം ചെയ്യുന്നത്.  മഹാപുരോഹിതൻ്റെ മാർപ്പതക്കത്തിലെ പതിനൊന്നാമത്തെ രത്നം ഗോമേദകം തന്നെയാണ്. ഏഫോദിന്റെ കഴുത്തിൽ ധരിക്കുന്നതു നഖവർണ്ണി (Sardonyx) ആണ്. ഇതു ഗോമേദകത്തിന്റെ ഒരു വകഭേദമത്രേ. നവയെരൂശലേമിന്റെ എട്ടാമത്തെ അടിസ്ഥാനം ഗോമേദകമാണ്. (വെളി, 21:20). 

ചവർക്കാരം (nitre)  

ചവർക്കാരം സംസ്കൃതത്തിൽ യവക്ഷാരമാണ്. നെതെർ എന്ന എബ്രായപദത്തെ യിരെമ്യാവ് 2:22-ൽ ചവർക്കാരം എന്നും, സദൃശവാക്യം 25:20-ൽ യവക്ഷാരം എന്നും പരിഭാഷ ചെയ്തിട്ടുണ്ട്. നവധാന്യത്തിന്റെ പച്ചിലകൾ (barley leaves) കരിച്ചുണ്ടാക്കുന്ന ക്ഷാരം ആണ് യവക്ഷാരം അഥവാ ചവർക്കാരം. ധാരാളം ക്ഷാരങ്ങൾ ഉള്ള ചെടികളുടെ ചാരം കലക്കിയ വെള്ളം അലക്കുവാൻ ഉപയോഗിച്ചിരുന്നു. മലാഖി 3:2-ൽ അലക്കുന്നവൻ്റെ ചാരവെള്ളം എന്നു കാണാം. ഇതിനെ അലക്കുകാരന്റെ കാരം എന്നു പി.ഒ.സി. ബൈബിളും, അലക്കുസോപ്പ് എന്നു മലയാളം ബൈബിളും പരിഭാഷപ്പെടുത്തുന്നു. ചാരവെള്ളത്തെയാണ് ക്ഷാരജലം എന്നു ഇയ്യോബ് 9:30-ൽ പറഞ്ഞിരിക്കുന്നത്. യവക്ഷാരത്തിന്മേൽ ചൊറുക്ക (Vinegar) പകരുന്നതുപോലെ (സദൃ, 25:20) എന്ന സ്ഥാനത്തു യവക്ഷാരം സോഡിയം കാർബണേറ്റാണ്. അതു ചൊറുക്കയോടു ചേരുമ്പോൾ വാതകം രൂപപ്പെടുകയും പതഞ്ഞു പൊങ്ങുകയും ചെയ്യും. സോഡിയം കാർബണേററ് ഉപയോഗിച്ചാണ് സോപ്പ് ഉണ്ടാക്കുന്നത്. ചാവെള്ളത്തിനു എബ്രായയിൽ ഉപയോഗിക്കുന്ന പദമാണ് ബോറീത്ത്. (മലാ, 3:2). നെതെർ, ബോറീത്ത് എന്നീ രണ്ടു പദങ്ങളും യിരെമ്യാവ് 2:22-ൽ ഒരുമിച്ചുപയോഗിച്ചിട്ടുണ്ട്. “നീ ധാരാളം ചവർക്കാരം (നെതെർ) തേച്ചു ചാരവെള്ളം (ബോറീത്ത്) കൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.” ഈജിപ്റ്റിലെ സോഡാ തടാകങ്ങളിൽ നിന്നുള്ള അലക്കുസോഡാ പുരാതനകാലത്തു ഉപയോഗിച്ചുവന്നു. ഇമ്മാതിരി ഒൻപത് സോഡാ തടാകങ്ങൾ ഈജിപ്റ്റിലുണ്ട്. ഏറ്റവും വലുതിനു 8 കി.മീ. നീളവും 2 കി.മീ. വീതിയും ഉണ്ട്. ഉപരിതലത്തിലുള്ള മണൽത്തട്ടിനു താഴെയായി ലവണം, ജിപ്സം, സോഡിയം, സോഡിയം കാർബണേറ്റ് ഇവയാൽ പൂരിതമായ കളിമൺ പാളിയാണ്. വേനൽക്കാലത്ത് ചെറിയ തടാകങ്ങൾ ഉണങ്ങിവരും. അപ്പോൾ ഈ പാളികൾ വെട്ടിയെടുത്ത് ഉണക്കി സോപ്പുനിർമ്മാണത്തിന് ഉപയോഗിക്കും. പൗരാണിക ജനം പ്രകൃതിജന്യങ്ങളായ കാർബണേറ്റുകളെ എണ്ണയോടു ചേർത്തു സോപ്പിന്റെ രൂപത്തിലാക്കി അലക്കുന്നതിന് ഉപയോഗിച്ചിരുന്നു. 

ചുണ്ണാമ്പുകല്ലു (chalkstone)  

ചുണ്ണാമ്പുകല്ലു നീറ്റുന്നതിൽ നിന്നുമാണ് അബ്നീഗീർ എന്ന എബായ പ്രയോഗം വന്നത്. ചൂളകളിൽവച്ച് ചുണ്ണാമ്പുകല്ല് നീറ്റി ചുണ്ണാമ്പു നിർമ്മിച്ചിരുന്നു. പ്രാചീന കാലത്തുതന്നേ കെട്ടിടം നിർമ്മിക്കുമ്പോൾ കല്ലുകളെ പരസ്പരം ചേർക്കുന്നതിനും വെള്ളയടിക്കുന്നതിനും ചുണ്ണാമ്പു ഉപയോഗിച്ചുവന്നു. പലസ്തീനിൽ ധാരാളം ചുണ്ണാമ്പുകല്ലുണ്ട്. കിണറുകളും കല്ലറകളും പൂശുന്നതിനു ചുണ്ണാമ്പ് ഉപയോഗിച്ചിരുന്നു. (മത്താ, 23:27). എണ്ണച്ചക്കുപോലുള്ള ചക്രംകൊണ്ടു ചുണ്ണാമ്പുകല്ലിനെ ഇടിച്ചുതകർക്കും. (യെശ, 27:9). പിന്നീട് അതിന് തീകൊടുത്ത് കുഴിയെ മണ്ണുകൊണ്ട് മൂടും. ചുണ്ണാമ്പുചുള മുന്നോനാലോ അടി ആഴമുള്ള കുഴിയാണ്. ആമോസ് 2:1ൽ മനുഷ്യാസ്ഥിയെ കുമ്മായം പോലെ ചുടുന്നതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. 

താമ്രം, ചെമ്പു (brass, bronze, copper)  

ചെമ്പും വെള്ളിയും ചേർത്തുള്ള സങ്കരലോഹം പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്നു. ചെമ്പും സിങ്കും ചേർന്നുള്ള ഓടു ആധുനികമാണ്. പ്രാചീനകാലം മുതൽക്കുതന്നെ താമ്രം എബായരുടെ ഇടയിൽ അറിയപ്പെട്ടിരുന്നു. (പുറ, 38; 2ശമൂ, 8:8; 1ദിന, 18:8; 22:3, 14; 29:7). നാണയങ്ങൾ (മത്താ, 10:9; മർക്കൊ, 6:8; 12:42), സംഗീതോപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നതിനു (1കൊരി, 13:1) ചെമ്പു ഉപയോഗിച്ചിരുന്നതായി കാണാം. ചെമ്പുകൊണ്ട് നിർമ്മിക്കപ്പെട്ട വസ്തുക്കളിൽ ചിലത്: മോശെനിർമ്മിച്ച താമ്രസർപ്പം (സംഖ്യാ, 21:9), ഗൊല്യാത്തിന്റെ യുദ്ധോപകരണങ്ങളായ താമ്രശിരസം, താമ്രകവചം, താമ്രം കൊണ്ടുള്ള കാൽചട്ട, താമ്രവേൽ (1ശമൂ, 17:5-6), ചെമ്പു ചങ്ങല (2രാജാ, 25:7), താമ്രകൈത്താളങ്ങൾ (1ദിന, 15:19), താമ്രകതകുകൾ (സങ്കീ, 107:16), താമ്രബിംബങ്ങൾ (വെളി, 9:20) എന്നിവയാണ്. 

ചെമ്പിന്റെ ആദ്യപരാമർശം ഉല്പത്തി 4:22-ലാണ്. പുറപ്പാട് 37-ാമദ്ധ്യായം സ്വർണ്ണത്തിന്റേതും 38-ാമദ്ധ്യായം താമ്രത്തിന്റേതും വെള്ളിയുടേതും ആണ്. താമ്രം എന്ന പദം പുറപ്പാട്

 38-ൽ 15 പ്രാവശ്യം കാണാം. സമാഗമനകൂടാരത്തിലെ ഉപകരണങ്ങൾ ഏറിയകൂറും താമ്രനിർമ്മിതമോ, താമ്രം പൊതിഞ്ഞതോ ആണ്. കുഴിച്ചെടുക്കുന്നതിനെക്കുറിച്ചു പറയുന്നിടത്തു ചെമ്പാണ് പ്രസ്തുതം. (ആവ, 8:9; ഇയ്യോ, 28:2). ആവർത്തനം 8:9-ൽ മലകളിൽനിന്നും താമ്രം വെട്ടിയെടുക്കുന്ന ദേശം എന്നും ഇയ്യോബ് 28:2-ൽ കല്ലുരുക്കി ചെമ്പടുക്കുന്നതിനെക്കുറിച്ചും പറഞ്ഞു കാണുന്നു. ചെമ്പു പണിക്കാരനെക്കുറിച്ചുള്ള ഒരു സൂചന 2തിമൊഥെയൊസിൽ 4:14 ഉണ്ട്. എസ്രാ 8:27; 1രാജാ, 7:45; 2ദിന, 4:16; യെഹ, 1:7; ദാനീ, 10:6 എന്നിവിടങ്ങളിൽ താമ്രമാണ് വിവക്ഷിതം. മഴപെയ്യാതെ ചുട്ടുപഴുത്തു നില്ക്കുന്ന ആകാശത്തെയും (ആവ, 28:23), ഉണങ്ങിവരണ്ടു വിണ്ടുകിടക്കുന്ന ഭൂമിയെയും (ലേവ്യ, 26:19) ചെമ്പിനോട് ഉപമിക്കുന്നു. ശരീരബലം, ശക്തി, നിലനില്പ് (ഇയ്യോ, 6:12; 40:18; 41:27; സങ്കീ, 107:16; യെശ, 45:2), മാനസിക ഗുണങ്ങളായ ഉറപ്പു (യിരെ, 1:18), കാഠിന്യം (യെശ, 48:4) എന്നിവയുടെ ഉപമാനങ്ങളാണ് താമ്രവും ചെമ്പും. 

താമ്രമണി (sardius)  

ലുദ്ദയിലെ സർദ്ദീസ് എന്ന സ്ഥലത്തിന്റെ പേരിൽ നിന്നാണ് സാർഡിയൊസ് എന്ന ഗ്രീക്കു പേരു വന്നത്. കടുംചുവപ്പോ തവിട്ടു നിറവും ചുവപ്പും കലർന്നതോ ആയ പ്രത്യേകതരം കല്ലുകളാണിവ. വെളിപ്പാട് 21:20-ലെ ചുവപ്പുകല്ല് താമ്രണിതന്നെയാണ്. വെളിപ്പാട് 4:3-ലെ ലിതൊസ് സാർഡിനൊസ് (മലയാളത്തിൽ പത്മരാഗം) ഏതെന്നു വ്യക്തമല്ല. പഴയനിയമത്തിൽ ചുവന്ന രത്നങ്ങളെ കുറിക്കുവാനാണ് സാർഡിയോൻ, ലിത്തൊസ് സാർഡിയൂ എന്നീ പദങ്ങൾ പ്രയോഗിച്ചിട്ടുള്ളത്. മഹാപുരോഹിതന്റെ മർപ്പതക്കത്തിലെ ഒന്നാമത്തെ കല്ലും പുതിയ യെരുശലേമിന്റെ ആറാമത്തെ അടിസ്ഥാനവും താമമണിയത്രേ.

തീക്കല്ല് (flint)  

ഉറപ്പുള്ള ഏതുപാറയെയും കുറിക്കുന്നതിന് ഈ പദം ഉപയോഗിക്കുന്നു. വിലയേറിയ കല്ലുകളിൽ തീക്കല്ല് ഉൾപ്പെടുന്നില്ല. പൗരാണികർ തീക്കല്ലിനു വലിയ പ്രാധാന്യം കല്പീച്ചിരുന്നു. അമ്പിന്റെ മുന, കുന്തമുന തുടങ്ങിയവ നിർമ്മിക്കുന്നതിനു അവർ തീക്കല്ല് ഉപയോഗിച്ചു. ഹല്ലമിഷ് എന്ന എബ്രായ പദത്തിനു കടുപ്പം എന്നർത്ഥം. (ആവ 8:15; 32:13; സങ്കീ, 114:8; യെശ, 50:70). യെശയ്യാവ് 5:28-ലും യെഹെസ്ക്കേൽ 3:9-ലും തീക്കല്ല് എന്നു വിവർത്തനം ചെയ്തിരിക്കുന്നത് റ്റ്സൂർ എന്ന എബായ വാക്കാണ്. തീക്കല്ലുകൊണ്ടു നിർമ്മിച്ച ആയുധങ്ങളെക്കുറിച്ചും പഴയനിയമത്തിൽ പരാമർശം ഉണ്ട്. പുറപ്പാട് 4:25-ലെ കല്ക്കത്തിയും, യോശുവ 5:2, 8 ഇവയിലെ തീക്കല്ലുകൊണ്ടുള്ള കത്തികളും നോക്കുക. 

നഖവർണ്ണി (sardonyx)  

ഗോമേദകത്തിന്റെ വകഭേദമാണ് നഖവർണ്ണി. സാർഡിന്റെ ചുവപ്പും ഒനുക്സിന്റെ വെണ്മയും ചേർന്നതാണു സർഡൊനുക്സ് എന്ന എബ്രായപദം. സ്വർഗ്ഗീയ യെരൂശലേമിന്റെ അഞ്ചാമത്തെ അടിസ്ഥാനം നഖവർണ്ണിയാണ്. (വെളി, 21:20). ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ പതിച്ച കല്ലുരണ്ടും നഖവർണ്ണിയാണെന്നു ജോസീഫസ് പറയുന്നു. മലയാളത്തിൽ ഗോമേദകം എന്നു തർജ്ജമ. പുറപ്പാട് 28:9 ഓരോ കല്ലിലും ആറുഗോത്രങ്ങളുടെ പേരുകൾ കൊത്തിയിട്ടുള്ളതുകൊണ്ടു അവ ചുവപ്പും വെണ്മയുമുള്ള വലിയ നഖവർണ്ണിത്തകിടുകൾ ആയിരുന്നുവെന്നതിനു സംശയമില്ല. 

നീലക്കല്ല് (sapphire)  

മനോഹരവും സ്വച്ഛവും തിളങ്ങുന്നതുമായ രത്നമാണ് നീലക്കല്ല്. മലയാളം ബൈബിളിലും കെ.സി.ബി.സി. ബൈബിളിലും ഇന്ദ്രനീലം എന്നു വിളിക്കുന്നു. നീലക്കല്ല് അലൂമിനിയം ഓക്സൈഡിന്റെ വർഗ്ഗത്തിൽ പെടുന്നു. രത്നങ്ങളിൽ വ്രജം കഴിഞ്ഞാൽ കാഠിന്യമുള്ളത് നീലക്കല്ലിനാണ്. പരിശുദ്ധമായ നീലക്കല്ല് നീലനിറമുള്ളതാണ്. മറ്റുള്ളവ വർണ്ണരഹിതമോ മഞ്ഞയോ പാടലവർണ്ണമോ ആയിരിക്കും. പുറപ്പാട് 24:10, യെഹെസ്ക്കേൽ 1:26; 10;1 എന്നീ ഭാഗങ്ങൾ രത്നത്തിന്റെ നിറം നീലമാണെന്നു വ്യക്തമാക്കുന്നു. പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന നീലരത്നം ഇന്നത്തെ നീലരത്നം ആയിരിക്കാൻ ഇടയില്ല. ഇന്നത്തെ നീലരത്നം പ്രാചീനരുടെ പത്മരാഗമാണ്. നീലക്കല്ലുകൊണ്ടു യെരൂശലേമിന്റെ അടിസ്ഥാനം ഇടുമെന്ന് യെശയ്യാവ് പ്രവചിച്ചു. പുതിയ യെരൂശലേമിന്റെ രണ്ടാമത്തെ അടിസ്ഥാനം നീലരത്നമാണ്. (വെളി, 21:19). അഹരോൻ മാർപ്പതക്കത്തിൽ ധരിക്കുന്ന പന്ത്രണ്ടു രത്നങ്ങളിലൊന്നും (പുറ, 28:18; 39:11), സോർ രാജാവിനെ മൂടിയിരുന്ന രത്നങ്ങളിലൊന്നും (യെഹെ, 28:13) നീലക്കല്ലാണ്. ഇയ്യോബ് 28:6, 16; ഉത്തമഗീതം 5:14; വെളിപ്പാട് 21:19 തുടങ്ങിയ ഭാഗങ്ങളിൽ നീലരത്നം എന്നു പറഞ്ഞിരിക്കുന്നതും നീലക്കല്ലാണ്. 

പത്മരാഗം (jacinth)  

ചുവപ്പ്, മഞ്ഞ, ഓറഞ്ച്, ബ്രൗൺ നിറങ്ങളോടുകൂടിയ സിർക്കോണിന്റെ വ്യത്യസ്ത രൂപങ്ങളെ കുറിക്കുന്നതിനു ഈ പേര് ഉപയോഗിക്കും. പുതിയ യെരൂശലേമിന്റെ പതിനൊന്നാമത്തെ അടിസ്ഥാനത്തിന്റെ രത്നം മഞ്ഞയാണോ നീലയാണോ എന്നതിനെക്കുറിച്ചു ഇനിയും അഭിപ്രായൈക്യമില്ല. (വെളി, 21:20). വെളിപ്പാട്  9:17-ലെയും, 21:20-ലെയും ഹുവാകിന്തൊസ് നീല രത്നമാണെന്നാണ് പൊതുവെയുള്ള ധാരണ. മഹാപുരോഹിതന്റെ മാർപ്പതക്കത്തിലെ ഏഴാമത്തെ രത്നം പത്മരാഗം തന്നെയാണ്. എങ്കിൽ, ഇവിടെ വിവക്ഷിക്കപ്പെടുന്നതു കടും മഞ്ഞനിറത്തിലുള്ള രത്നമാണ്. 

പവിഴം (coral)  

റാമോത് എന്ന എബ്രായപദത്തിന് ‘ഉന്നതങ്ങൾ’ എന്നർത്ഥം. ജ്ഞാനത്തിന്റെ അമൂല്യതയെക്കുറിച്ചുള്ള വിവരണത്തിൽ ഇയ്യോബ് സ്വർണ്ണം, പൊന്ന് തങ്കം, വെള്ളി, വിലയേറിയ ഗോമേദകം, നീലരത്നം, സ്പടികം, പവിഴം, പളുങ്ക്, മുത്ത്, പുഷ്പരാഗം എന്നിവയെ പരാമർശിക്കുന്നു. (ഇയ്യോ, 28:18; യെഹെ, 27:16; വിലാ 4:7). ലോഹങ്ങളിലും രത്നങ്ങളിലും വിലയേറിയവയാണ് ഇവിടെ പറയുന്നത് എന്നാൽ ഇവയ്ക്കിടയിലുള്ള പവിഴവും പളുങ്കും മൃദുവാണ്. മറ്റുള്ളവയെപ്പോലെ കടുപ്പമേറിയതോ ഈടുറ്റതോ അല്ല. പളുങ്കിനെ സംബന്ധിച്ചിടത്തോളം അതുല്യമായ പ്രഭ അതിനെ മേല്ത്തരമാക്കുന്നു. എന്നാൽ, കടലിൽ വളരുന്ന പവിഴം വളരെ മൃദുവാണ്. ആഭരണങ്ങളായും മുത്തായും പവിഴം ഉപയോഗിക്കുന്നുണ്ട്. ചെങ്കടലിൽ നിന്നും മദ്ധ്യധരണ്യാഴിയിൽ നിന്നും പ്രാചീനകാലം മുതൽക്കെ പവിഴം ശേഖരിച്ചുവന്നിരുന്നു.അവ ഈജിപ്റ്റിലെ രത്ന സമുച്ചയത്തിൽ പെട്ടിരുന്നു. പൂർവ്വമെഡിറ്ററേനിയൻ പ്രദേശത്ത് ഇന്നും ഒരു പ്രധാന വ്യവസായമാണ് പവിഴശേഖരണം. 

പശമണ്ണ് (mortar)  

ഹോമെർ എന്ന എബായധാതുവിന് തിളയ്ക്കുക, പതയുക എന്നീ അർത്ഥങ്ങളുണ്ട്. പശമണ്ണ് കുമ്മായമായി ഉപയോഗിച്ചിരുന്നു. പ്രാചീനകാലത്ത് കെട്ടിടങ്ങളിൽ ഇഷ്ടികകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഒരു വസ്തുവും ചേർക്കാതെ കൃത്യമായി പരസ്പരം ചേർത്ത് കെട്ടിയിരുന്നു. ചിലപ്പോൾ ഇഷ്ടികകളെ ബന്ധിപ്പിക്കുന്നതിനു ഈയമോ ഇരുമ്പോ ഉപയോഗിച്ചിരുന്നു. എന്നാൽ, അധികവും ഉപയോഗിച്ചു വന്നത് പശമണ്ണാണ്. (ഉല്പ, 11:3) ലേവ്യർ 14:42, 45-ൽ ആഫാർ എന്ന മറ്റൊരു എബ്രായ പദമുണ്ട്. അതിനെ കുമ്മായം എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. പൊടി അഥവാ ഉണങ്ങിയ മണ്ണ് എന്നർത്ഥം. പൂശുന്നതിനും ഇട അടയ്ക്കുന്നതിനും ഉപ ൾയോഗിച്ചു വന്നു. യെശയ്യാവ് 41:25-ലും നഹും 3:14-ലും ഹോമെർ എന്ന പദത്തെ കളിമണ്ണ് എന്നു വിവർത്തനം ചെയ്തിരിക്കുന്നു. 

പളുങ്ക് (crystal)  

ഒരുതരം സ്ഫടികമാണ് പളുങ്ക്. (ഇയ്യോ, 28:17; വെളി, 4:6; 22:1).

പഴയനിയമത്തിൽ ഇയ്യോബിന്റെ പുസ്തകത്തിൽ മാത്രമാണ് പളുങ്കിനെക്കുറിച്ചു പ്രസ്താവിക്കുന്നത്. ഗാവിഷ് എന്ന എബ്രായ പദത്തിന്റെ പരിഭാഷയാണ് പളുങ്ക്. എന്നാൽ അതു ശരിയാണോ എന്നു പറയുവാനാവില്ല. വെളിപ്പാട് പുസ്തകത്തിൽ കുസ്റ്റല്ലൊസ് എന്ന ഗ്രീക്കുപദത്തെ പളുങ്കെന്നു രണ്ടു സ്ഥാനങ്ങളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. (4:6; 22:1). മഞ്ഞുകട്ട എന്നർത്ഥമുള്ള ക്രൂവൊസ് എന്ന പദത്തിൽ നിന്നുമാണ് കുസ്റ്റല്ലൊസിന്റെ നിഷ്പത്തി. 

പീതരത്നം (chrysolite)  

വിശുദ്ധനഗരത്തിന്റെ ഏഴാമത്തെ അടിസ്ഥാനം പീതരത്നമാണ്. പച്ചയും മഞ്ഞയും കലർന്ന ഈ ധാതു മഗ്നീഷ്യത്തിന്റെയും ഇരുമ്പിന്റെയും സിലിക്കേറ്റാണ്. പീതരത്നത്തെക്കുറിച്ചുള്ള കൃത്യമായ പ്രസ്താവന വെളിപ്പാട് 21:20-ലേതാണ്. എന്നാൽ സെപ്റ്റ്വജിന്റ് ബൈബിൾ പുറപ്പാട് 28:17; 39:10; യെഹെസ്ക്കേൽ 28:13 എന്നിവിടങ്ങളിൽ ഈ വാക്കു തർഷീഷിനു പകരം ഉപയോഗിച്ചിട്ടുണ്ട്. 

പുഷ്പരാഗം (beryl)  

ഇംഗ്ലീഷിൽ ബെറിൽ എന്നു വിളിക്കുന്നതു ബെറില്ല്യം അലുമിനിയം സിലിക്കേറ്റിനെയാണ്. ഈ ലോഹം 1828&വരെ അറിയപ്പെട്ടിരുന്നില്ല. ദക്ഷിണ ഡക്കോട്ടയിലെ ഒരു ഖനിയിൽ നിന്നും ലഭിച്ച ഒരൊറ്റ പരലിന് 75 ടൺ ഭാരമുണ്ട്. വിഭിന്ന തരങ്ങളിലുള്ള രത്നങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. മഞ്ഞ അഥവാ സ്വർണ്ണ പുഷ്പരാഗം, മരതകം എന്നിവ. മരതകം വളരെ വിലയുള്ള പച്ചക്കല്ലാണ്. ഇവയിൽ ഇന്ദ്രനീലവും റോസിന്റെ നിറത്തിലുള്ളതുമുണ്ട്. മഹാപുരോഹിതന്റെ മാർപ്പതക്കത്തിലെ പത്താമത്തെ രത്നവും വിശുദ്ധനഗരത്തിന്റെ എട്ടാമത്തെ അടിസ്ഥാനവും ഈ കല്ലു കൊണ്ടാണ്. പഴയനിയമത്തിൽ പുഷ്പരാഗത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അവ്യക്തമാണ്. (പുറ, 28:20; 39:13; ഇയ്യോ; 28:19; യെശ, 54:12; യെഹ, 1:16; 10:9; 28:13; വെളി, 21:20). വെളിപ്പാട് 21:20-ൽ പുഷ്യരാഗം എന്നാണ്.

മരതകം (carbuncle) 

മരതകം പച്ചരത്നം ആണ്. മഹാപുരോഹിതന്റെ മാർപതക്കത്തിലെ മൂന്നാമത്തെ രത്നം മരതകമാണ്. (പുറ, 28:17; 39:10; യെഹെ, 28:13; വെളി, 4:3; 21:19). സോർരാജാവിനെ മൂടിയിരുന്ന രത്നങ്ങളിലൊന്നും (യെഹെ, 28:13), പുതിയ യെരുശലേമിന്റെ നാലാമത്തെ അടിസ്ഥാനവും മരതകം തന്നെ. (വെളി, 21:19). 

മർമ്മരക്കല്ല് (marble)  

വെൺകൽ (Marble) എന്ന എബായ ധാതുവിന്റെ അർത്ഥം വെണ്മ എന്നത്രേ. എസ്ഥേർ 1:6 ; ഉത്തമഗീതം 5:15 എന്നീ വാക്യങ്ങളിൽ വെൺകൽ എന്നു വിവർത്തനം. ഈ വാക്കു പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നതു വെളിപ്പാട് 18:12-ൽ മാത്രമാണ്. അവിടെ മർമറൊസ് എന്ന വാക്കിനെ മർമ്മരക്കല്ല് എന്നാണു വിവർത്തനം ചെയ്തിരിക്കുന്നത്. മനോഹരമായി മിനുസപ്പെടുത്തിയെടുത്ത അലങ്കാര കല്ലുകളാണ് മർമ്മരക്കല്ലുകൾ. നല്ല മാർദ്ദവവും മിനുസവുമുള്ളവയാണിവ. ഹെരോദാവിന്റെ ദൈവാലയത്തിൽ വെളുത്ത മാർബിൾ കല്ലാണ് ഉപയോഗിച്ചത്.

മാണിക്യം (chalcedony)  

മഹാപുരോഹിതന്റെ മാർപ്പതക്കത്തിലെ നാലാമത്തെ രത്നം മാണിക്യം ആണ്. (പുറ, 28:18; 39:11). ഇക്കാലത്തെ മാണിക്യത്തെയല്ല ഇതു സൂചിപ്പിക്കുന്നത്. പ്രഭയോടുകുടിയ പല ചുവന്ന രത്നങ്ങളെയും കുറിക്കുവാൻ ഈ പദം പ്രയോഗിക്കും. പ്രാചീനകാലം മുതൽ എല്ലാ ജനങ്ങളുടെ ഇടയിലും പരക്കെ അറിയപ്പെടുന്ന രത്നമാണിത്. എന്നാൽ, ബൈബിളിലെ പ്രയോഗങ്ങൾ കുഴപ്പം പിടിച്ചവയാണ്. മിസ്രയീമിൽ അലഞ്ഞുതിരിഞ്ഞ കാലത്തായിരിക്കണം യിസ്രായേല്യർ മാണിക്യത്തെക്കുറിച്ചു മനസ്സിലാക്കിയത്. മിസ്രയീം വിട്ടുപോന്ന അവരുടെ കൊള്ളയിൽ മാണിക്യവും ഉണ്ടായിരുന്നിരിക്കണം. വെളിപ്പാട് 21:19-ലെ ഖൽകീഡോൻ നാം ഇന്നറിയുന്ന മാണിക്യം തന്നെയാണ്. പുറപ്പാട് 28:18; 39:11; യെഹെസ്ക്കേൽ 28:13 എന്നിവിടങ്ങളിൽ ഉപയോഗിച്ചിട്ടുള്ള നോഫെക് എന്ന എബ്രായ പദത്തിന്റെ അർത്ഥം പ്രഭ എന്നാണ്. ഈ ഭാഗങ്ങളിൽ കൊടുത്തിരിക്കുന്ന രത്നം ഏതാണെന്നു വ്യക്തമല്ല. സെപ്റ്റ്വജിന്റിൽ കൊടുത്തിരിക്കുന്ന അന്ത്രാക്സും അതിനു തുല്യമായ ലത്തീനിലെ കാർബുൻകുലൂസും കൽക്കരി കനലാണ്. അത് ചുവന്ന രത്നത്തെയാണ് സൂചിപ്പിക്കുക. പുതിയ യെരൂശലേമിന്റെ മൂന്നാമത്തെ അടിസ്ഥാനം മാണിക്യമാണ്. അതിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുവാക്ക് ഖൽകീഡോനാണ്. മറ്റൊരിടത്തും ഈ ഗ്രീക്കുവാക്ക് കാണുന്നില്ല. സ്ഫടികക്കല്ലിനെയാണ് ഇതു കുറിക്കുന്നത്. ക്വാട്സും ഖൽക്കീഡോനും സിലിക്കോൺ ഡയോക്സൈഡ് കൊണ്ടു നിർമ്മിതമാണ്. എന്നാൽ, ക്വാട്സിന്റെ ഷഡ്ഭുജാകൃതി സ്ഫടികക്കല്ലിനില്ല .

മുത്ത് (pearls)  

വിലയേറിയ രത്നങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതല്ല ഇത്. എന്നാൽ, അവയോടൊപ്പമാണ് വ്യവഹരിക്കപ്പെടുന്നത്. ചിപ്പികക്കയുടെ ഉള്ളിലാണ് മുത്ത് രൂപം കൊള്ളുന്നത്. മുത്ത് ഭാഗികമായി കാൽസ്യം കാർബണേറ്റ് ആണ്. സമുദ്രജലത്തിലെ കാത്സ്യം കാർബണേറ്റ് വലിച്ചെടുത്താണ് മുത്ത് രൂപപ്പെടുന്നത്. വാണിജ്യ പ്രധാനമായ മുത്തുകൾ അധികവും മുത്തുചിപ്പിയിൽ നിന്നാണ് ഉണ്ടാകുന്നത്. പ്രാചീനകാലത്ത് ചെങ്കടലിന്റെ തീരത്തും പേർഷ്യൻ ഗൾഫ് പ്രദേശങ്ങളിലും മുത്ത് വ്യവസായം അഭിവൃദ്ധിപ്പെട്ടിരുന്നു. മുത്തുകളെക്കുറിച്ചു വിരളമായ പ്രസ്താവനകളേ ബൈബിളിൽ ഉള്ളൂ. പഴയനിയമ പ്രസ്താവനകൾ അവ്യക്തമാണ്. മുത്തിനെക്കുറിക്കുന്ന പെനിന്നീം എന്ന എബ്രായപദം ബഹുവചനമാണ്. (ഇയ്യോ, 28:18; സദൃ, 3:15; 8:11; 20:15; 31:10; വിലാ, 4:7). വിലാപങ്ങൾ 4:7-നെ മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്നത് പവിഴം എന്നാണ്. ഇതിന്റെ സ്ത്രീലിംഗരൂപം പെന്നീനാം ഒരിടത്തു പ്രയോഗിച്ചിട്ടുണ്ട്. എല്ക്കാനായുടെ ഒരു ഭാര്യ പെനീന്നയാണല്ലോ. (1ശമൂ, 1:2, 4). മാർഗററ്റ് എന്ന വാക്കിന്റെ അർത്ഥവും മുത്ത് എന്നത്രേ. മുത്തിന്റെ ഗ്രീക്കുരൂപം മാർഗറിറ്റീസ് ആണ്. നല്ലമുത്തു അന്വേഷിക്കുന്ന വ്യാപാരിയോടു സാദൃശ്യപ്പെടുത്തി ക്രിസ്തു സ്വർഗ്ഗരാജ്യത്തെക്കുറിച്ചു പ്രസ്താവിച്ചു. (മത്താ, 13:45). പുതിയ യെരുശലേമിന്റെ പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടുമുത്താണ്. (വെളി, 21:21). നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടരുതെന്നു ക്രിസ്തു ഉപദേശിച്ചു. (മത്താ, 7:6). വാണിജ്യ ബാബിലോണിന്റെ കച്ചവട ചരക്കുകളിലൊന്നാണ് മുത്ത്. (വെളി, 18:11, 16). വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവായ മഹതിയാം ബാബിലോൺ പൊന്നും രതവും മുത്തും അണിഞ്ഞവളാണ്. (വെളി, 17:4).

രസം (mercury)  

ദ്രാവകരൂപത്തിലുള്ള ഒരു വിചിത്ര ലോഹമാണ് രസം. പ്രാചീനകാലത്തു വെള്ളിയുടെ രൂപഭേദമായിട്ടാണ് രസത്തെ കണക്കാക്കിയിരുന്നത്. അരിസ്റ്റോട്ടിൽ, പ്ലിനി തുടങ്ങിയവർ രസധാതുവിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കീടം എന്നു വിവർത്തനം ചെയ്തിരിക്കുന്ന സിഗ് എന്ന എബ്രായ പദം വെള്ളിയുടെ ശുദ്ധീകരണത്തോടുള്ള ബന്ധത്തിൽ താഴെപറയുന്ന സ്ഥാനങ്ങളിൽ കാണാം. ഇവിടെ അത് രസമായിരിക്കാൻ ഇടയുണ്ട്. (സങ്കീ, 119:119; സദൃ, 25:4; 26:23; യെശ, 1:22, 25; യെഹെ, 22:18, 19-20). “സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടം പൊലെയാകുന്നു.” (സദൃ, 26:23). ഇവിടെ വെള്ളിക്കീടം രസം തന്നെയായിരിക്കണം. വെള്ളിയിൽ രസം പൊതിഞ്ഞാൽ ആരെയും ഭ്രമിപ്പിക്കത്തെക്ക പളപളപ്പു് അതിനുണ്ടാകും. അഗ്നിയിൽ ശുദ്ധിചെയ്യുമ്പോൾ രസം നഷ്ടപ്പെടുകയും ശുദ്ധമായ വെള്ളി ലഭിക്കുകയും ചെയ്യും. പുറം വെടിപ്പായിരിക്കുന്ന കിണ്ടികിണ്ണങ്ങളെ കുറിച്ചു ക്രിസ്തു പറഞ്ഞ വാക്കുകളും ഓർക്കുക. (മത്താ, 23:25, 27). യെശയ്യാവ് 1:22, 25 എന്നീ വാക്യങ്ങളിലെ കീടവും രസമായിരിക്കാനേ സാദ്ധ്യതയുള്ളൂ.

വജ്രം (adamant, diamond)  

പ്രാചീന എബ്രായർക്കോ, യവനർക്കോ വ്രജത്തെക്കുറിച്ചു അറിവുണ്ടായിരുന്നുവെന്നു കരുതുവാൻ ന്യായമില്ല. വ്രജത്തെക്കുറിച്ചുള്ള കൃത്യമായ ആദ്യസൂചന നമുക്കു ലഭിക്കുന്നത് എ.ഡി. 12-നടുത്തു മാനില്യൂസ് (Manilius) എന്ന ലത്തീൻ കവിയിൽ നിന്നുമാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ പ്ലിനി വ്രജത്തെക്കുറിച്ചു പറഞ്ഞു. യവനരും റോമാക്കാരും വ്രജം എന്നു വിളിച്ചത് കോറണ്ടം (Corundum) എന്നറിയപ്പെടുന്ന രത്ന ധാതുവിനെയാണ്. വ്രജം കഴിഞ്ഞാൽ ഏറ്റവും കടുപ്പമുള്ളതാണിത്. ഇതിലെ പ്രധാന ഘടകം അലുമിനിയം ഓക്സൈഡ് ആണ്. ഇന്ദ്രനീലം, മാണിക്യം, പുഷ്യരാഗം മുതലായവ ഇതിലുൾപ്പെടുന്നു. വ്രജത്തെ കുറിക്കുന്നതിനു രണ്ട് പദങ്ങളാണ് എബ്രായയിൽ ഉപയോഗിച്ചിട്ടുള്ളത്. ഇവ രണ്ടുമൂന്നു പ്രാവശ്യം വീതം പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത്, വിലയേറിയതും പ്രഭയുള്ളതുമായ കല്ലിനെ കുറിക്കുന്നു. രണ്ടാമത്തേത്, വളരെ കടുപ്പമേറിയ കല്ലിനെയാണ് കുറിക്കുന്നത്. മഹാപുരോഹിതന്റെ മാർപ്പതക്കത്തിലെ ആറാമത്തെ രതത്തെ കുറിക്കുന്നതും സോരിലെ നിധികളുടെ വിവരണത്തിലെ വജ്രത്തെ കുറിക്കുന്നതും (പുറ, 28:18; 39:11; യെഹെ, 28:13) യഹലോം എന്ന എബ്രായ വാക്കാണ്. മറ്റു മൂന്നു സ്ഥലത്തും കടുപ്പമുള്ള മുനയെക്കുറിക്കുന്ന ഷമീർ എന്ന പദവുമാണ്. (യെഹെ, 3:9; യിരെ, 17:1; സെഖ, 7:12). യിരെമ്യാവ് 17:1-ലേത് ആലങ്കാരിക സൂചനയാണ്. വ്രജത്തിന്റെ മുനയോടുകൂടിയ ഇരുമ്പെഴുത്താണികൊണ്ട് (ഇരുമ്പുപേന) യെഹൂദയുടെ പാപം എഴുതിയിരിക്കുന്നു എന്നാണ് പ്രവാചകൻ സൂചിപ്പിച്ചത്. തീക്കല്ലിനെക്കാൾ കടുപ്പമേറിയതാണ് വജ്രം. (യെഹെ, 3:9). ഈ ഭാഗങ്ങളിൽ ഒന്നുംതന്നെ ആധുനിക വ്രജം അല്ല വിവക്ഷിതം. ഇത്രയും കഠിനമായ കല്ലിൽ ആലേഖനം ചെയ്യാനുള്ള വിദ്യ എബ്രായർക്കു വശമുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല. 

വെൺകൽ (alabaster)

മത്തായി 26:7; മർക്കൊസ് 14:3; ലൂക്കൊസ് 7:37 ഈ മൂന്നു സൂചനകളും വിലയേറിയ സുഗന്ധതൈലം സൂക്ഷിക്കുന്ന വെൺകൽ ഭരണിയെയാണ് കുറിക്കുന്നത്. വെൺകൽ മാർബിൾ ആണ്. വ്യത്യസ്ത നിറങ്ങളിലുള്ള വെൺകൽ മാർദ്ദവവും മിനുസവും ഭംഗിയും ഉള്ളതാണ്. തീബ്സിനടുത്തുള്ള അലബസ്ട്രോൺ എന്ന പ്രദേശത്തു നിന്നും വെൺകൽ വെട്ടിയെടുത്തിരുന്നു. ചെറിയ ഫ്ളാസ്കുകളും പാത്രങ്ങളും നിർമ്മിക്കുന്നതിനു വെൺകൽ ഉപയോഗിച്ചു വന്നു.

വെള്ളം (water)  

ഹൈഡ്രജൻ ഓക്സൈഡാണ് ജലം. ഘനദ്രവബാഷ്പ രൂപങ്ങളിൽ കാണപ്പെടുന്നു. ഭൂമിയുടെ നാലിൽ മൂന്നുഭാഗവും വെള്ളമാണ്. അസാധാരണമായ ഗുണങ്ങളാണ് വെള്ളത്തിനുള്ളത്. തണുത്തുറയ്ക്കുമ്പോൾ വികസിക്കുന്നതിനാൽ മഞ്ഞുകട്ട വെള്ളത്തിൽ ഒഴുകുന്നു.

മഴക്കാലത്തു പലസ്തീനിൽ വേണ്ടുവോളം വെള്ളം കിട്ടും. പലസ്തീനിലെ മണ്ണ് അധികവും ചുണ്ണാമ്പുകല്ലും ഊഷരവുമാണ്. തന്മൂലം, മഴവെള്ളം മുഴുവൻ വേഗം വാർന്നുപോകും. തോടുകളെല്ലാം ഉണങ്ങിവരളുകയും തടാകങ്ങൾ അഴുക്കുവെള്ളം നിറഞ്ഞ കുളങ്ങളായി മാറുകയും ചെയ്യും. യോർദ്ദാനു പടിഞ്ഞാറുള്ള ചില ആറുകളിൽ മാത്രം വർഷത്തിൽ എല്ലായ്പ്പോഴും വെള്ളം ഒഴുകും. ദാഹം മാറ്റുകയാണ് ഏറ്റവും വലിയ അനുഗ്രഹം. (സങ്കീ, 143:6). യാത്രക്കാർക്ക് തണ്ണിർ കൊടുക്കുന്നതാണ് വലിയ ആതിഥ്യം. (മത്താ, 10:42). ചില സന്ദർഭങ്ങളിൽ ദൗർല്ലഭ്യം കാരണം വെള്ളത്തിന് വിലകൊടുക്കേണ്ടി വന്നിരുന്നു. (സംഖ്യാ, 20:17, 19; വിലാ, 5:4). വെള്ളം മലിനമാകുകയോ, പാന യോഗ്യമല്ലാതാകുകയോ ചെയ്യുന്നത് ജീവനപകടം വരുത്തുന്നതാണ്. മിസ്രയീമിലെ ബാധകളിലൊന്ന് വെള്ളം രക്തമായതാണ്. (പുറ, 7:17). മാറായിലെ വെള്ളം കയ്പ്പുള്ളത് ആയിരുന്നതുകൊണ്ട് യിസ്രായേല്യർക്കു കുടിക്കുവാൻ കഴിഞ്ഞില്ല. (പുറ, 15:23). യെരീഹോവിലെ കിണറ്റിലെ വെള്ളം ചീത്തയായിരുന്നു. (2രാജാ, 2:19-22). എലീശാ പ്രവാചകൻ ഉപ്പിട്ടുവെള്ളത്തെ പഥ്യമാക്കി. യുദ്ധകാലത്ത് ആക്രമണകാരികൾ ജലവിതരണം ചേദിച്ചുകളയാറുണ്ട്. യെഹോശാഫാത്ത് മോവാബിലെ നീരുറവുകളെല്ലാം അടച്ചുകളഞ്ഞു. (2രാജാ, 3:19, 25). ഞെരുക്കത്തിന്റെ വെള്ളം ജലദൗർല്ലഭ്യത്തെയും ശിക്ഷയെയും കാണിക്കുന്നു. (യെശ, 33:20; 1രാജാ, 22:27; 2ദിന, 18:26). 

ദൈവികാനുഗ്രഹത്തിന്റെയും ആത്മീയ ഉത്തേജനത്തിന്റെയും പ്രതീകമാണ് വെള്ളം. (സങ്കീ, 23:2; യെശ, 32:2; 35:6-7; 41:18). ജലത്തിനായുള്ള ദാഹം ആത്മീയാവശ്യത്തെ വ്യഞ്ജിപ്പിക്കുന്നു. (സങ്കീ, 42:1; 63:1; ആമോ, 8:11). സ്വന്ത ജനത്തിന്മേൽ യഹോവയുടെ അനുഗ്രഹം അനിയന്ത്രിതമായി വർഷിക്കുന്നതിനെ കാണിക്കുകയാണ് ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴെനിന്നു പുറപ്പെട്ട വെള്ളം. (യെഹെ, 47:1-11). യഹോവ ജീവജലത്തിന്റെ ഉറവയാണ്. (യിരെ, 2:13; 17:13). യോഹന്നാൻ 7:38-ലെ ജീവജലനദികൾ ഈ പ്രയോഗത്തെ ഓർമ്മിപ്പിക്കുന്നു. 

പ്രധാന ശുദ്ധീകരണോപാധിയാണ് ജലം. ദൈവിക ശുശ്രഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കു അനുഷ്ഠാനപരമായ കഴുകൽ അനിവാര്യമായിരുന്നു. പുരോഹിതന്മാരെ പ്രതിഷ്ഠിക്കുമ്പോൾ അവരെ വെള്ളം കൊണ്ടു കഴുകേണ്ടതാണ്. (പുറ, 29:4). ലേവ്യരെ ശുചീകരിക്കുന്നത് അവരുടെമേൽ പാപപരിഹാരജലം തളിച്ചാണ്. (സംഖ്യാ, 8:7). പാപപരിഹാരദിനത്തിൽ മഹാപുരോഹിതനു പ്രത്യേകം കുളി നിർദ്ദേശിച്ചിട്ടുണ്ട്. (ലേവ്യ, 16:4, 24, 26). ശുദ്ധീകരണ ജലവുമായി ബന്ധപ്പെട്ട പുരോഹിതനും കുളിനിർബന്ധമാണ്. (സംഖ്യാ, 19:1-10). ആചാരപരമായ അശുദ്ധി മാറ്റുന്നതിനു വെള്ളത്തിൽ കുളിക്കണം. (ലേവ്യ, 11:40; 15:5; 17:15; 22:6; ആവ, 23:11). ശുദ്ധീകരണം കൂടാതെ ആർക്കും ദൈവത്തെ സമീപിക്കുവാൻ കഴിയുകയില്ല. ഈ സത്യം വെളിപ്പെടുത്തുകയായിരുന്നു സമാഗമനകൂടാരത്തിലെ താമ്രത്തൊട്ടി. (പുറ, 30:18-21). 

മരുഭൂമികളിൽ മൃഗതൃഷ്ണ ഉണ്ടാകാറുണ്ട്. ഈ പ്രതിഭാസത്തെ എബ്രായർ ഷാറാബ് അഥവാ താപം എന്നു വിളിക്കുന്നു. മരീചിക ഇതിനെക്കുറിക്കുന്നു. (യെശ, 35:7). ഒരു പൊയ്കപോലെ തോന്നിപ്പിക്കുന്ന മരുഭൂമി സാക്ഷാൽ വെള്ളമായിതീരുമെന്നാണ് ഇതിന്റെ ആശയം. കഷ്ടത (സങ്കീ, 69:1; 124:4-5), പീഡനം (സങ്കീ, 38:17), ശത്രുസൈന്യം (യെശ, 8:7; 17:13), മേഘം (സങ്കീ, 104:3), പരിശുദ്ധാത്മാവിന്റെ ശക്തി (യെശ, 12:3; 35;6-7; 55:1; യോഹ, 7:37-38), ദൈവക്രോധം (ഹോശേ, 5:10) എന്നിവയ്ക്ക് ഉപമാനമാണ് വെള്ളം. ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളമാണ്. (സദൃ, 20:5). മരണത്തിന്റെ പ്രതീകമാണ് ഒഴിച്ചുകളഞ്ഞു വെള്ളം. (2ശമൂ, 14:14). വെള്ളംപോലെ തുളുമ്പുക ചാപല്യത്തെ കാണിക്കുന്നു. (ഉല്പ, 49:4). 

വെള്ളി (silver)  

പ്രകാശിക്കുന്നത് (രാജിക്കുന്നത്) എന്ന അർത്ഥത്തിൽ രജതം എന്നും ഗ്രീക്കിൽ ‘അർഗൂറിയൊൻ’ എന്നും വെള്ളി അറിയപ്പെട്ടുവന്നു. വെള്ളി അയിരിൽ നിന്നും ചെമ്പും ഈയവും ശുദ്ധീകരിക്കുമ്പോൾ ഉപോത്പന്നമായും വെള്ളി ലഭിക്കുന്നു. സ്വർണ്ണത്തെക്കാൾ പത്തുമടങ്ങ് സമൃദ്ധിയായി വെള്ളി ഭൂമിയിലുണ്ട്. പുരാതനകാലത്തു ധാരാളം വെള്ളി ഖനനം ചെയ്തിരുന്നു. സ്വർണ്ണവും ചെമ്പും അറിയപ്പെട്ടകാലം മുതൽ തന്നെ വെള്ളിയും അറിയപ്പെട്ടിരുന്നു. പേർഷ്യൻ കാലഘട്ടം വരെ (ഏകദേശം, ബി.സി. 500) മറ്റെല്ലാ ലോഹങ്ങളിലും വിലയേറിയതായിരുന്നു വെള്ളി. പാർസികളുടെ അഭ്യുദയത്തോടുകൂടി വെള്ളി ധാരാളമായി വിപണിയിലെത്തുകയും വെള്ളിയുടെ വില ഇടിയുകയും ചെയ്തു. ഈജിപ്റ്റിൽ വെള്ളി ലഭ്യമായിരുന്നില്ല. അവർക്കു വെള്ളിയാഭരണങ്ങൾ അമുല്യങ്ങളായിരുന്നു. (പുറ, 11:2; 12:35). അബ്രാഹാമിന്റെ കാലം മുതൽ ഏതാണ്ട് ബി.സി. 1000 വരെയും ഏഷ്യാമൈനറിലെ ഹിത്യരും അവരുടെ പിന്തുടർച്ചക്കാരും വെള്ളി വിപണി കൈയടക്കിയിരുന്നു. ഉൽഖനനങ്ങളിൽ നിന്നു ലഭിച്ച രജതനിർമ്മിത വസ്തുക്കളിൽ നിന്നും ബി.സി. 15-ാം നൂറ്റാണ്ടുമുതൽ ശലോമോന്റെ കാലംവരെയും വെള്ളി ദുർല്ലഭമായിരുന്നുവെന്നു കാണാം. ശലോമോന്റെ കാലത്തു വെള്ളിയുടെ ആധിക്യം അതിനെ കല്ലുപോലെ വിലയില്ലാത്തതാക്കി തീർത്തു. (1രാജാ, 10:27; 2ദിന, 9:27). തർശീശിൽ നിന്നാണ് അധികം വെള്ളിയും യെരൂശലേമിൽ ഏത്തിയിരുന്നത്. (യിരെ, 10:9; 1രാജാ, 10:22). വെള്ളിയുടെ ഖനനത്തെക്കുറിച്ചും, വെള്ളി ഉരുക്കി ശുദ്ധിചെയ്യുന്നതിനെ കുറിച്ചും പഴയനിയമത്തിൽ പരാമർശങ്ങളുണ്ട്. (ഇയ്യോ, 28:1). വെള്ളി ഊതിക്കഴിച്ചു നിർമ്മലീകരിക്കുന്നതിനെ കുറിച്ചു തിരുവെഴുത്തുകളിൽ പറയുന്നുണ്ട്. (സെഖ, 13:9; മലാ, 3:3). വെള്ളി ഉലയിലിട്ടു ഊതിഉരുക്കുന്നതിനെ കുറിച്ചും (യെഹെ, 22:20-22), വെള്ളി ശുദ്ധീകരിക്കുന്ന പുടത്തെക്കുറിച്ചും പ്രസ്താവനയുണ്ട്. (സദൃ, 17:3; 27:21). ഉരുക്കി ശുദ്ധിചെയ്തു വെള്ളിയാണ് മേത്തരം. (സങ്കീ, 12:6; സദൃ, 10:20; 17:3; 25:4; യെഹെ, 22:18-22).

വിലയേറിയ മനോഹരവസ്തുക്കൾ വെള്ളികൊണ്ട് നിർമ്മിച്ചിരുന്നു. പ്രഭുക്കന്മാർ വെള്ളികൊണ്ടുള്ള പാനപാത്രം ഉപയോഗിച്ചിരുന്നു. (ഉല്പ, 44:2). കിരീടം നിർമ്മിക്കുന്നതിനും വെള്ളി പ്രയോജനപ്പെടുത്തിയിരുന്നു. (സെഖ, 6:11). വെള്ളിയാഭരണങ്ങൾ ഉപയോഗിച്ചുവന്നു. (ഉല്പ, 24:53; പുറ, 3:22; 11:2; 12:35; ഉത്ത, 1:11). വെള്ളികൊണ്ടുള്ള വിഗ്രഹ നിർമ്മാണത്തെക്കുറിച്ച് പഴയനിയമത്തിലും പുതിയനിയമത്തിലും സ്പഷ്ടമായ സൂചനകളുണ്ട്. (പുറ, 20:23; ആവ, 29:17; ന്യായാ, 17:4; സങ്കീ,115:4; 135:15; യെശ, 2:20; 30:22; 31:7; 40:19; യിരെ, 10:4; ദാനീ, 2:32-33; 5:2,3; 11:8,9; ഹോശേ, 13:2). വെള്ളികൊണ്ടു ക്ഷേത്രരൂപങ്ങൾ നിർമ്മിക്കുന്ന തട്ടാൻ ആയിരുന്നു ദെമേത്രിയൊസ്. (പ്രവൃ, 19:24). കൊട്ടാരത്തിലെ പാത്രങ്ങളുടെയും സമാഗമന കൂടാരത്തിലെയും ദൈവാലയത്തിലെയും ഉപകരണങ്ങളുടെയും നിർമ്മാണത്തിനു വെള്ളി ഉപയോഗിച്ചിരുന്നു. (പുറ, 26:19-25; 1ദിന, 18:10; 28:14-17; 29:2,4; 2ദിന, 24:14; എസ്രാ, 1:6, 11; 5:14; 8:26; ദാനീ, 5:2). വെള്ളി സമ്പത്തിന്റെ മാനദണ്ഡമായി കരുതപ്പെട്ടിരുന്നു. (ഉല്പ, 13:2; 24:35; പുറ, 25:3; സംഖ്യാ, 22:18; ആവ, 7:25; സെഫ, 1:18; ഹഗ്ഗാ, 2:8; സെഖ, 6:11). വെള്ളി കൊള്ളവസ്തുവാണ്. (യോശു, 6:19; 7:21). വെള്ളിയുടെ ഉപയോഗങ്ങളിൽ പ്രധാനമായ ഒന്നാണ് നാണയ നിർമ്മാണം. വെള്ളിശേക്കെലും, വെള്ളിതാലന്തും ഉപയോഗിച്ചു വന്നു. ആദികാലങ്ങളിൽ വെള്ളിക്കഷണങ്ങൾ തൂക്കി കൊടുക്കുമായിരുന്നു. “തങ്കം കൊടുത്താൽ അതുകിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.” (ഇയ്യോ, 28:15). നാണയം എന്നനിലയിൽ വെള്ളിയുടെ ഉപയോഗത്തെക്കുറിച്ചു വളരെയധികം പരാമർശങ്ങൾ ബൈബിളിലുണ്ട്. (ഉല്പ, 23:15-16; ലേവ്യ, 27; ആവ, 22:19, 29; ന്യായാ, 17:2, 4, 10; 2ശമൂ, 18:11-12; 1രാജാ, 20:39; 2രാജാ, 5:22-23; 15:20; യിരെ, 32:9; ആമോ, 2:6; 8:6). ദീനാരിയോൻ എന്നറിയപ്പെട്ടിരുന്ന വെള്ളിനാണയം പുതിയ നിയമകാലത്തു പ്രചാരത്തിലിരുന്നു. ഈ റോമൻ നാണയത്തിനു ദ്രഹ്മ എന്ന ഗ്രീക്കു നാണയത്തിന്റേതിൽ നിന്നും വില അല്പം കുറവായിരുന്നു. മലയാളത്തിൽ അധികം സ്ഥാനങ്ങളിലും വെള്ളിക്കാശ് എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (മത്താ, 18:28; 20:2; 22:19; മർക്കൊ, 6:37; 12:15; 14:5; ലൂക്കൊ, 7:41; 10:35; യോഹ, 12:5). ഭാരം തുക്കുന്നതിനുള്ള കോലിനെ വെള്ളിക്കോൽ എന്നു വിളിക്കുന്നു. (സദൃ, 16:11; യെശ, 40:12). ഏകദേശം 10 കിലോഗ്രാം വരെ വെള്ളിക്കോൽ കൊണ്ടു തൂക്കാവുന്നതാണ്. 

ആലങ്കാരികമായി ദൈവവചനത്തിനും (സങ്കീ, 12:6), നീതിമാന്റെ നാവിനും (സദൃ, 10:20), നല്ല ഭരണാധിപന്മാർക്കും (യെശ, 1:22), കഷ്ടതയിലൂടെയുള്ള വിശുദ്ധന്മാരുടെ പരിശോധനയ്ക്കും (സങ്കീ, 66:10; സെഖ, 13:9) ഉമ്മാനമാണ് വെള്ളി. കളങ്കം ചേർന്ന വെള്ളി അഥവാ കറക്കൻ വെള്ളി ദുഷ്ടന്മാർക്കു (യെശ, 1:22; യിരെ, 6:30; യെഹെ, 22:18) ഉപമാനമാണ്. ജ്ഞാനം വെള്ളിയെക്കാൾ വിലയേറിയതത്രേ. (ഇയ്യോ, 28:15; സദൃ, 3:14; 8:10, 19; 16:16).

വെള്ളീയം (tin)  

വെള്ളീയം സമൃദ്ധിയായ ലോഹധാതു അല്ല. അതിന്റെ പ്രധാന അയിര് കാസിറ്ററൈറ്റ് ആണ്. ഈ ലോഹത്തിനു വെളുത്തീയം (White lead) എന്ന പേരു നല്കിയതു പ്ലിനി ദി എൽഡറാണ്. വളരെ പ്രാചീനകാലം മുതൽതന്നെ വെള്ളീയം കണ്ടുപിടിക്കുകയും ഉരുക്കിയെടുക്കയും ചെയ്തിരുന്നു. കലയിലും വാണിജ്യത്തിലും വെള്ളീയം ഒരു പ്രധാന ചരക്കായിരുന്നു. വെള്ളീയവും ചെമ്പും ചേർന്ന കുട്ടു ലോഹമാണു ഓട്. വെള്ളീയത്തെ കുറിച്ചുള്ള പഴയനിയമ പ്രസ്താവനകൾ ഇതാണ്. (സംഖ്യാ, 31:22; യെഹെ, 27:12; യെശ, 1:25). യെഹെസ്ക്കേൽ 22:18-ലും 20-ലും വെളുത്തീയം എന്നു കാണുന്നു. യെശയ്യാവ് 1:25-ൽ കറുത്തീയം എന്നു തർജ്ജമ ചെയ്യേണ്ടതാണ്. 

വൈഡൂര്യം (agate)  

സിസിലിയിലെ ഒരു നദിയുടെ പേരിൽ നിന്നാണു് അഖാറ്റീസ് എന്ന ഗ്രീക്കുപേർ വൈഡൂര്യത്തിനു ലഭിച്ചത്. അർദ്ധതാര്യമായ സ്പടിക കല്ലുകൾക്കാണ് ഈ പേർ. വ്യത്യസ്ത നിറങ്ങളിൽ വൈഡൂര്യം ഉണ്ട്. വിവിധ വർണ്ണങ്ങൾ കൊണ്ടുള്ള നാടകൾ പോലെയുള്ള രേഖകൾ ഇവയിലുണ്ട്. അവയുടെ പാളികൾ നിരപ്പും കറുപ്പും വെളുപ്പും ഉള്ളവയാണെങ്കിൽ അവയെ ഗോമേദകം എന്നും (Onyx), ചുവപ്പും വെളുപ്പും ആണങ്കിൽ നഖവർണ്ണി എന്നും (Sardonyx) വിളിക്കും. ഇവ പലപ്പോഴും പരസ്പരം മാറ്റി പ്രയോഗിക്കാറുണ്ട്. മലയാളം ബൈബിളിലും പി.ഒ.സി. ബൈബിളിലും ഗോമേദകത്തിനും നഖവർണ്ണിക്കും ഗോമേദകം എന്നു തന്നെയാണ് പരിഭാഷ. മഹാപുരോഹിതന്റെ മാർപ്പതക്കത്തിലെ എട്ടാമത്തെ രത്നം വൈഡൂര്യം (ഹിബ്രു – ഷെവോ) ആണ്. സെപ്റ്റ്വജിന്റ് അഖാറ്റീസ് എന്നു വിവർത്തനം ചെയ്യുന്നു.  

ശുക്ലസ്വർണ്ണം (amber)  

ഹഷ്മ എന്ന എബായപദം അഗ്നിപ്രഭയെ കുറിക്കുന്നു. ഏകധാതുവായി പറയുവാൻ നിവൃത്തിയില്ലാത്ത മിശ്രമാണിത്. നല്ല മിനുസമുള്ള ഈ രത്നം ആഭരണങ്ങൾക്കു ഉപയോഗിക്കും. ദൈവതേജസ്സിനെ കുറിക്കുവാൻ പ്രയോഗിച്ചിരിക്കുന്ന പദമാണിത്. (യെഹ, 1:4, 27; 8:2). ഇവിടെ പ്രയോഗിച്ചിരിക്കുന്ന ഗ്രീക്കുവാക്കിനു (എലക്ട്രോൻ) രണ്ടു അർത്ഥങ്ങൾ ഉണ്ട്. 1. അശ്മകങ്ങളിലെ കറ. 2. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കൂട്ടുലോഹം. സാക്ഷാൽ ശുക്ലസ്വർണ്ണം എബ്രായർക്ക് അറിയാമായിരുന്നുവോ എന്നതു സംശയമാണ്. 

സുഗന്ധിരത്നം (amethyst)  

ലഹരിയെ തടയുന്നു എന്ന ധാരണയാണ് അമെഥുസ്റ്റൊസ് എന്ന ഗ്രീക്കു പേരിനു പിന്നിലുള്ളത്. പുറപ്പാട് 28:19; 39:12; വെളിപ്പാട് 21:20 എന്നീ മൂന്നിടങ്ങളിലാണ് സുഗന്ധിരത്നത്തെ കുറിച്ചു പറഞ്ഞിട്ടുള്ളത്. ഇന്നു നാം അറിയുന്ന സുഗന്ധിരത്നത്തിന് ബൈബിളിലെ സുഗന്ധിരത്നവുമായി യാതൊരു വ്യത്യാസവും ഇല്ല. ധൂമവർണ്ണമോ പാടലവർണ്ണമോ ആയ സ്ഫടികക്കല്ലാണിത്. രത്നാഭരണങ്ങൾ നിർമ്മിക്കുവാൻ സുഗന്ധിക്കല്ല് ഉപയോഗിച്ചിരുന്നു. മഹാപുരോഹിതന്റെ മാർപ്പതക്കത്തിലെ ഒൻപതാമത്തെ രത്നവും പുതിയ യെരുശലേമിന്റെ പന്ത്രണ്ടാമത്തെ അടിസ്ഥാനവും സുഗന്ധിരത്നമാണ്. മദ്യാസക്തിയുടെ പ്രത്യൗഷധമായി ഗ്രീക്കുകാർ സുഗന്ധിത്തനത്തെ കണ്ടു. എബ്രായവാക്കിന്റെ (അഘ്ലാമ) അർത്ഥം സ്വപ്നശില എന്നത്രേ. സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയോ സ്വപ്നം വ്യാഖ്യാനിക്കുവാൻ സഹായിക്കുകയോ ചെയ്യുന്നു എന്നാകാം ഇതിന്റെ പിന്നിലെ ധ്വനി. 

സുര്യകാന്തം (jasper)  

മഹാപുരോഹിതന്റെ മാർപ്പതക്കത്തിലെ പന്ത്രണ്ടാമത്തെ രത്നവും പുതിയ യെരുശലേമിന്റെ ഒന്നാമത്തെ അടിസ്ഥാനവും സൂര്യകാന്തമാണ്. (പുറ, 28:20; 39:13; യെഹെ, 28:13; വെളി, 4:3; 21:11, 18-19). വളരെ കടുപ്പമുള്ളതും

സുതാര്യവും മൃദുവും ആണ് സൂര്യകാന്തം. പ്രധാന നിറങ്ങൾ ചുവപ്പ്, മഞ്ഞ, തവിട്ടുനിറം, പച്ച എന്നിവയാണ്. അയൺ ഓക്സൈഡിന്റെ സാന്നിധ്യമാണ് നിറഭേഭത്തിനു കാരണം. 

സ്ഫടികം (crystal)  

സുതാര്യവും പ്രത്യേക നിറം ഇല്ലാത്തതുമായ കടുപ്പമുള്ള ഏതുവസ്തുവിനെയും സൂചിപ്പിക്കുവാൻ ഈ വാക്കു ഉപയോഗിക്കുന്നു. അതുകൊണ്ട് കണ്ണാടിക്ക് ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പ്രാചീനർ സ്ഫടികക്കല്ലിനെ വെള്ളം ഖരമായി തീർന്നതായി മനസ്സിലാക്കിയിരുന്നു. ആഭരണങ്ങൾക്കു അധികമായി ഉപയോഗിച്ചുവന്നു. സ്ഫടികത്തക്കാൾ വിലയേറിയതാണ് ജ്ഞാനം. (ഇയ്യോ, 28:17). സ്വർഗ്ഗീയ യെരൂശലേമിന്റെ ജ്യോതിസ്സ് സ്ഫടിക സ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആണ്. നഗരവും നഗരത്തിന്റെ വീഥിയും സ്വച്ഛസ്ഫടികത്തിനൊത്ത തങ്കം ആണ്. (വെളി, 21:11, 18, 21). 

സ്വർണ്ണം (gold)

പൗരാണിക കാലംമുതൽ തന്നെ മനസ്സിലാക്കുകയും ഉപയോഗിക്കയും ചെയ്തുവന്ന വിലയേറിയ ലോഹമാണ് സ്വർണ്ണം. കാഴ്ചബംഗ്ലാവുകളിൽ സൂക്ഷിച്ചിരിക്കുന്ന തിളക്കം മാറാത്ത പഴയ ആഭരണങ്ങൾ ഇതിനു തെളിവാണ്. പഴയനിയമത്തിൽ ഹവില (ഉല്പ, 2:11), ശേബ (1രാജാ, 10:22), ഓഫീർ (1രാജാ, 9:28) എന്നിവിടങ്ങളിൽ നിന്നും സ്വർണ്ണം കിട്ടിയിരുന്നതായി പറയുന്നു. സ്വർണ്ണത്തെക്കുറിച്ചുള്ള പൗരാണികമായ തെളിവു ഈജിപ്റ്റിൽ നിന്നാണ് നമുക്കു ലഭിച്ചിട്ടുള്ളത്. കുറഞ്ഞതു 2500 വർഷങ്ങൾക്കു മുമ്പു ഈജിപ്റ്റിൽ സ്വർണ്ണം ശുദ്ധീകരിച്ച് എടുത്തിരുന്നതായി പാറയിലെ കൊത്തുപണികൾ വെളിപ്പെടുത്തുന്നു. സ്വർണ്ണമണൽ കഴുകി ചെറിയ ചുളയിൽ വെച്ചു ഉരുക്കിയെടുക്കുന്ന ചിത്രം ഈ പാറയിൽ കാണാം. സ്പെയിനിൽ സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ സമൃദ്ധിയായിരുന്നെന്നു സ്ട്രാബോ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണത്തിന്റെ മേന്മയ്ക്കു പല കാരണങ്ങൾ ഉണ്ട്. പ്രധാനമായും സ്വർണ്ണം മനോഹരവും ഈടുറ്റതുമാണ്. തുരുമ്പും ദ്രവത്വവും അതിനെ ബാധിക്കയില്ല. എല്ലായ്പ്പോഴും അത് സൗന്ദര്യം നിലനിർത്തുന്നു. അക്വാറെജിയ എന്നറിയപ്പെടുന്ന രാജദ്രാവകത്തിൽ മാത്രമേ അത് ലയിക്കുന്നുള്ളൂ. അഗ്നിയിൽ ദോഷം തട്ടാത്ത ഏകലോഹമാണ് സ്വർണ്ണമെന്നു പ്ലിനി പറഞ്ഞിട്ടുണ്ട്. ഓരോ പ്രാവശ്യവും അഗ്നിയിലൂടെ കടന്നു പോകുമ്പോൾ സ്വർണ്ണത്തിന്റെ തിളക്കം കൂടുകയേ ഉള്ളൂ. സ്വർണ്ണത്തിന്റെ മേന്മയ്ക്കുള്ള മറ്റൊരു കാരണം അത് ഏതു വിധത്തിലും രൂപപ്പെടുത്താം എന്നതാണ്. ഒരു ദോഷവും കൂടാതെ സ്വർണ്ണത്തെ ഉരുക്കാം. ചെറിയ ചെറിയ ദലങ്ങളായി അതിനെ അടിച്ചു പരത്തിയെടുക്കാം. വലിയ വസ്തുക്കളുടെ മുകളിൽ സ്വർണ്ണം പൊതിഞ്ഞ് അവയ്ക്കു സൗന്ദര്യവും ആവരണവും നൽകാം. സ്വർണ്ണത്തിന്റെ ദൗർലഭ്യം അതിന്റെ മാറ്റു കൂട്ടുന്നു.

ബൈബിളിലെ ഒന്നാമത്തെ പുസ്തകത്തിലും ഒടുവിലത്തെ പുസ്തകത്തിലും (ഉല്പ, 2:11,12; വെളി, 21:15, 21, 28) സ്വർണ്ണത്തെ പരാമർശിക്കുന്നു. പുതിയ യെരൂശലേമിന്റെ അടിസ്ഥാനങ്ങളും മതിലുകളും എല്ലാം വിലയേറിയ മുത്തുകളാണ്. പട്ടണത്തെ അളക്കാനുപയോഗിക്കുന്ന ദണ്ഡ് സ്വർണ്ണദണ്ഡാണ്. സ്വർണ്ണത്തെക്കുറിച്ചു അനേകം പരാമർശങ്ങൽ ബൈബിളിലുണ്ട്. സാക്ഷ്യപ്പെട്ടകം, കൃപാസനം, വിളക്കുതണ്ട്, കെരൂബുകൾ, മേശ, വിളക്കുകൾ, പാത്രങ്ങൾ, കരണ്ടികൾ, കിണ്ണങ്ങൾ, യാഗപീഠം എന്നിവ സ്വർണ്ണനിർമ്മിതമോ സ്വർണ്ണം പൊതിഞ്ഞതോ ആണ്. പുറപ്പാട് 37-ാം അദ്ധ്യായത്തിൽ 20 പ്രാവശ്യം സ്വർണ്ണത്തെ പരാമർശിച്ചിട്ടുണ്ട്. യെഹൂദാ ഗോത്രത്തിലെ ബസലേലാണ് സ്വർണ്ണപ്പണിയിൽ വിദഗ്ദ്ധൻ. ജ്ഞാനത്തിന്റെ അമൂല്യതയെക്കുറിച്ചു പറയുമ്പോൾ ഇയ്യോബ് സ്വർണ്ണം മൂന്നുപേരുകളിൽ അഞ്ചുപ്രാവശ്യം പറയുന്നു. സ്വർണ്ണത്തെ കുറിക്കുന്നതിനു അനേകം പേരുകൾ ഗ്രീക്കിലും എബായയിലും കാണാം.

×<×>×<×>×

രത്നങ്ങൾ (precious stones)

വർണ്ണം, സുതാര്യത, തിളക്കം, പ്രഭ എന്നീ ഗുണങ്ങളാൽ സുന്ദരവും ഈടു നിൽക്കുന്നവയുമായ കല്ലുകളാണ് രത്നങ്ങൾ. ബൈബിളിലെ നാലു ഭാഗങ്ങളിൽ രത്നങ്ങളുടെ പേരുകൾ പട്ടികയായി കാണുന്നുണ്ട്. അവ:

1. യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ടു അഹരോൻ മാർപ്പതക്കത്തിൽ ധരിച്ചിരുന്ന പന്ത്രണ്ട് രത്നങ്ങൾ: താമ്രമണി, പീതരത്നം, മരതകം, മാണിക്യം, നീലക്കല്ല്, വജ്രം, പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം: (പുറ, 28:17-20; 39:10-13).  

2. ഇയ്യോബിന്റെ പുസ്തകത്തിൽ ജ്ഞാനത്തെക്കുറിച്ചുള്ള വിവരണത്തിൽ പരാമർശിക്കപ്പെട്ട രത്നങ്ങൾ: ഗോമേദകം, നീലരത്നം, സ്ഫടികം, പവിഴം, പളുങ്ക്, മുത്ത്, പുഷ്പരാഗം: (28:16-19).

3. സോർ രാജാവിന്റെ അലങ്കാരരത്നങ്ങൾ: താമ്രമണി, പീതരത്നം, വ്രജം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം: (യെഹെ, 28:13). സെപ്റ്റ്വജിന്റ് ബൈബിളിൽ (ഗ്രീക്കു സപ്തതി) സോർ രാജാവിനെ പന്ത്രണ്ടുരത്നങ്ങളും സ്വർണ്ണവും വെള്ളിയും മൂടിയിരുന്നതായി പറയുന്നു. 

4. പുതിയ യെരുശലേമിന്റെ അടിസ്ഥാനത്തിലെ പന്ത്രണ്ടു രത്നങ്ങൾ : സൂര്യകാന്തം, നീലരത്നം, മാണിക്യം, മരതകം, നഖവർണ്ണി, ചുവപ്പുകല്ല്, പീതരത്നം, ഗോമേദകം, പുഷ്യരാഗം, വൈഡൂര്യം, പത്മരാഗം, സുഗന്ധിരത്നം: (വെളി, 21:19-20).