ദൈവജനത്തിൻ്റെ നിത്യശത്രു

ദൈവജനത്തിൻ്റെ നിത്യശത്രു

ദൈവഭയത്തിലും ഭക്തിയിലും പരിശുദ്ധാത്മനിറവിലും മുമ്പോട്ടു പോകുന്നവരുടെമേൽ ആപത്തുകളുടെയും അനർത്ഥങ്ങളുടെയും കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ, അവർ ആരാധിക്കുകയും സാക്ഷികളാകുകയും ചെയ്ത സർവ്വശക്തനായ ദൈവം അവരെ രക്ഷിക്കുവാൻ താമസിക്കുമ്പോൾ, ലോകം ദൈവസന്നിധിയിലുള്ള അവരുടെ പരമാർത്ഥതയെ ചോദ്യംചെയ്യാറുണ്ട്. ലോകത്തിന്റെ വിമർശനങ്ങളുടെയും ആത്മീയ സ്നേഹിതരുടെ നിർദ്ദയമായ പരിഹാസങ്ങളുടെയും മുമ്പിൽ, ഈ ദുർഘടമേടുകൾ ഒരു ദൈവപൈതൽ എങ്ങിനെ തരണം ചെയ്യണമെന്ന് ഇയ്യോബിന്റെ പ്രതികരണം വിശദീകരിക്കുന്നു. നാം ദൈവഭക്തിയിൽ വളരുന്തോറും നമ്മെ തകർക്കുവാൻ സാത്താന്റെ പരിശ്രമങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന് ഇയ്യോബിനെക്കുറിച്ച് സാത്താൻ ദൈവസന്നിധിയിൽ നടത്തിയ ആരോപണം വ്യക്തമാക്കുന്നു. ദൈവം ഇയ്യോബിനും അവന്റെ ഭവനത്തിനും അവനുള്ള സകലത്തിനും നൽകിയിരിക്കുന്ന കാവലും അവന്റെ ബൃഹത്തായ മൃഗസമ്പത്തും കാരണമാണ് ഇയ്യോബ് ദൈവഭക്തിയിൽ ജീവിക്കുന്നതെന്നായിരുന്നു സാത്താന്റെ വാദമുഖം. (ഇയ്യോ, 1:9-11). അപ്പോൾ ദൈവം, ഇയ്യോബിന്റെ ശരീരത്തു മാത്രം കൈ വയ്ക്കരുതെന്ന വ്യവസ്ഥയിൽ ഇയ്യോബിനുള്ള സകലത്തെയും സാത്താൻ ഏല്പിച്ചുകൊടുത്തു. തന്റെ മൃഗസമ്പത്തു നഷ്ടമായിട്ടും മക്കളുടെ മരണവാർത്ത കേട്ടിട്ടും ദൈവത്തെ തള്ളിപ്പറയാതിരുന്ന ഇയ്യോബ് സാത്താന്റെ പ്രതീക്ഷകൾ തകർത്തു. അപ്പോൾ സാത്താൻ, ഇയ്യോബിന്റെ പ്രാണനെ മാത്രം സ്പർശിക്കുകയില്ലെന്ന് ദൈവത്തോടു മറ്റൊരു വ്യവസ്ഥ ചെയ്ത് ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ കഠിനമായ പരുക്കളാൽ പീഡിപ്പിച്ചു. (ഇയ്യോ, 2:7). തന്റെ ഭർത്താവിന്റെ അസഹ്യമായ വേദനയുടെ വേളയിൽ ദൈവത്തെ ശപിച്ചു മരിക്കുവാൻ ഇയ്യോബിനെ അവന്റെ ഭാര്യ ഉപദേശിച്ചു. അപ്പോഴും ഇയ്യോബിന്റെ ദൈവത്തിലുള്ള സുദൃഢമായ വിശ്വാസത്തിനു ഭംഗമുണ്ടായില്ല. കാരണം, ദൈവം തന്റെ ജനത്തെ സംരക്ഷിക്കുമെന്നും അവരുടെ പ്രാണൻ അവന്റെ ഉള്ളങ്കൈയിൽ സുരക്ഷിതമാണെന്നും ഇയ്യോബിനു ബോദ്ധ്യമുണ്ടായിരുന്നു. തന്റെ ഭക്തന്മാരുടെ ഓരോ ചലനത്തെക്കുറിച്ചും നിതാന്ത ശ്രദ്ധയുള്ളവനാണ് ദൈവമെന്ന് നീതിമാനായ ഇയ്യോബിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സാത്താന് ദൈവജനത്തിന്റെ മക്കളെയും സമ്പത്തിനെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുവാൻ കഴിയുമെങ്കിലും സാത്താന്റെ പരീക്ഷകൾ സമ്പൂർണ്ണമായി വിജയിച്ചവനായ കർത്താവ് എന്നും ദൈവജനത്തിന്റെ തുണയും ബലവും കാവലുമാണെന്നുള്ള യാഥാർത്ഥ്യം ഒരു ദൈവപൈതലിന്റെ നിത്യപ്രത്യാശയാണ്.

Leave a Reply

Your email address will not be published. Required fields are marked *