ചരിത്രം തിരുത്തിക്കുറിച്ച ത്രിദിന ഉപവാസം

ചരിത്രം തിരുത്തിക്കുറിച്ച ത്രിദിന ഉപവാസം

അർദ്ധദിന ഉപവാസങ്ങൾമുതൽ നാല്പതുദിന ഉപവാസങ്ങൾവരെ, വിവിധ കാലദൈർഘ്യങ്ങളുള്ള ഉപവാസങ്ങളെക്കുറിച്ച് തിരുവചനം പ്രതിപാദിക്കുന്നുണ്ട്. അവയിൽ യെഹൂദാജനതയെ ഉന്മൂലനാശത്തിൽനിന്നു രക്ഷിച്ച എസ്ഥേർ രാജ്ഞിയുടെയും യെഹൂദന്മാരുയും ത്രിദിന ഉപവാസ പ്രാർത്ഥന നമ്മുടെ സവിശേഷശ്രദ്ധ ക്ഷണിക്കുന്നു. ഇൻഡ്യമുതൽ കൂശ് വരെ 127 സംസ്ഥാനങ്ങളിൽ വാണരുളിയ അഹശ്വേരോശ് രാജാവ് തന്റെ വാഴ്ചയുടെ 12-ാമാണ്ടിൽ നീസാൻ മാസം 13-ാം തീയതി ഹാമാന്റെ ഉപദേശപ്രകാരം, യെഹൂദന്മാരെ ആബാലവൃദ്ധം ആദാർ മാസം 13-ാം തീയതി കൊന്നു നശിപ്പിച്ച് അവരുടെ വസ്തുവകകൾ കൊള്ളയടിക്കണമെന്ന് കല്പ്പന പുറപ്പെടുവിച്ചു. (എസ്ഥേ, 3:13). അഹശ്വേരോശ് രാജാവ്, വസ്ഥിരാജ്ഞിക്കു പകരം എസ്ഥേരിനെ രാജ്ഞിയായി സ്വീകരിച്ചിരുന്നുവെങ്കിലും, അവൾ യെഹൂദാ വംശജയാണെന്ന് രാജാവിന് അറിഞ്ഞുകൂടായിരുന്നു. യെഹൂദന്മാർക്കു നേരിട്ടിരിക്കുന്ന വിപത്തിനെക്കുറിച്ച് തന്റെ ഇളയപ്പന്റെ മകളായ എസ്ഥേരിനെ മൊർദ്ദെഖായി അറിയിച്ചപ്പോൾ, രാജാവ് വിളിക്കാതെ രാജസന്നിധിയിൽ കടന്നു ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് അവൾ അവനെ അറിയിച്ചു. എന്തെന്നാൽ വിളിക്കപ്പെടാതെ രാജസന്നിധിയിൽ ചെല്ലുന്ന അവസരത്തിൽ, രാജാവ് തന്റെ പൊൻചെങ്കോൽ നീട്ടുന്നില്ലെങ്കിൽ കടന്നുചെല്ലുന്ന വ്യക്തി കൊല്ലപ്പെടുമായിരുന്നു. മൊർദ്ദെഖായി ഇതു കേട്ടിട്ട്, എസ്ഥേർ അഹശ്വേരോശ് രാജാവിന്റെ രാജ്ഞി ആയിരിക്കുന്നതിനാൽ യെഹൂദാ ജനതയിൽ അവൾ മാത്രം രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും, അവൾ ഇപ്പോൾ മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥാനത്തുനിന്ന് ആശ്വാസവും വിമോചനവും ഉണ്ടാകുമെന്നും, അവളും അവളുടെ പിതൃഭവനവുമായിരിക്കും നശിച്ചുപോകുന്നതെന്നും, ഇങ്ങനെയുള്ള ഒരു കാലത്തിനുവേണ്ടി ആയിരിക്കാം അവൾ രാജസ്ഥാനത്തു വന്നിരിക്കുന്നതെന്നും മറുപടി നൽകി. അപ്പോൾ എസ്ഥേർ ശൂശനിലുള്ള യെഹൂദന്മാരെല്ലാം മൂന്നു ദിവസം രാവും പകലും ഉപവസിക്കുവാൻ മൊർദ്ദെഖായിയോട് ആവശ്യപ്പെട്ടു. (എസ്ഥ, 4:16). അതേ അവസരത്തിൽ അവളും ഉപവസിക്കുമെന്നും അതിനുശേഷം നിയമപ്രകാരമല്ലെങ്കിലും അവൾ രാജസന്നിധിയിൽ കടന്നുചെല്ലുമെന്നും അറിയിച്ചു. അപ്രകാരം ഉപവസിച്ചശേഷം രാജസന്നിധിയിലേക്കു കടന്നുചെന്ന എസ്ഥേരിനോടു രാജാവിനു കൃപതോന്നി. രാജ്യത്തിന്റെ പകുതി ചോദിച്ചാൽപ്പോലും താൻ അത് അവൾക്കു നൽകാമെന്ന് രാജാവ് വാഗ്ദാനം ചെയ്തു. എന്നാൽ അവൾ തന്റെ ജനത്തിനു നേരിട്ടിരിക്കുന്ന വിപത്തിനെക്കുറിച്ചും അതിനു കാരണക്കാരനായ ഹാമാനെക്കുറിച്ചുമായിരുന്നു രാജാവിനെ ധരിപ്പിച്ചത്. തുടർന്നു രാജകല്പനയാൽ യെഹൂദന്മാർക്ക് സമ്പൂർണ്ണമായ രക്ഷ ലഭിച്ചതുകൂടാതെ, മൊർദ്ദെഖായിക്കു വേണ്ടി ഹാമാനുണ്ടാക്കിയ കഴുമരത്തിൽ ഹാമാനെത്തന്നെ തൂക്കിക്കൊല്ലുകയും ചെയ്തു. മാത്രമല്ല, അവന്റെ പത്തു പുത്രന്മാരെയും കഴുമരത്തിൽ തൂക്കി. ആദാർ മാസം 13-ാം തീയതി യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ കൊന്നുമുടിച്ചു. രാജാവ് ഹാമാന്റെ സ്ഥാനം മൊർദ്ദെഖായിക്കു നൽകി. ഈ ത്രിദിന ഉപവാസ പ്രാർത്ഥനയിലൂടെ തങ്ങൾക്കു ലഭിച്ച വലിയ രക്ഷയുടെ സാക്ഷ്യമായി അവർ ‘പൂരിം പെരുന്നാൾ’ ആചരിച്ചുപോന്നു. എസ്ഥേരിന്റെയും ജനത്തിന്റെയും ത്രദിന ഉപവാസ പ്രാർത്ഥന പ്രതിസന്ധികളെയും പ്രതികൂലങ്ങളെയും നേരിടുന്ന ദൈവജനത്തിന് എല്ലാക്കാലത്തും മാർഗ്ഗദീപമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *