ഘടികാരം

ഘടികാരം (Clock)

സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് ഘടികാരം. അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു. ആഹാസ് രാജാവിൻ്റെ സൂര്യഘടികാരത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (2രാജാ, 20:11; യെശ, 38:8). സമയം അക്കുന്നതിനു ആഹാസ് രാജാവ് നിർമ്മിച്ചതാണ് ഈ ഘടികാരം. ഇതിനെ ആഹാസിന്റെ പടികൾ എന്നു വിളിക്കുന്നു. മഅലാഹ് എന്ന എബ്രായപദത്തിനു പടികൾ എന്നർത്ഥം. സൂര്യന്റെ നിഴൽ മടങ്ങുന്ന അടയാളം നല്കുന്നതിനു ആഹാസിന്റെ ഘടികാരത്തെയാണ് യെശയ്യാ പ്രവാചകൻ ഉപയോഗിച്ചത്. പ്രാചീനകാലത്ത് പല തരത്തിലുള്ള സൂര്യഘടികാരങ്ങൾ ഉപയോഗത്തിൽ ഉണ്ടായിരുന്നു. പന്ത്രണ്ടു മണിക്കുർ തിരിച്ചിട്ടുള്ള ഒരു ഉപകരണം ബാബിലോന്യർ ഉപയോഗിച്ചിരുന്നതായി ഹെരഡോട്ടസ് പ്രസ്താവിച്ചിട്ടുണ്ട്. ആഹാസ് ഉപയോഗിച്ചത് ഏതു തരത്തിലുള്ളതാണെന്നു വ്യക്തമല്ല. തർഗും, വുൾഗാത്ത എന്നീ പാഠങ്ങൾ അനുസരിച്ചു ആഹാസിന്റെ ഘടികാരം ബാബിലോന്യ മാതൃകയിലുള്ള ഉപകരണമാണെന്നും അതിൽ സൂചിയും മണിക്കൂർ വിഭജനവും ഉള്ളതാണെന്നും കരുതപ്പെടുന്നു. സെപ്റ്റജിന്റ്, യെഹൂദപ്പഴമകൾ, സിറിയക്കു ഭാഷാന്തരം എന്നിവയും ആധുനിക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു ഇതൊരു ഗോവണി എന്നാണ്. അടുത്തുള്ള ഒരു വസ്തുവിന്റെ നിഴൽ ഗോവണിയുടെ പടികളിലൂടെ കടന്നു പോകുമ്പോൾ ആ പടികൾ പകലിന്റെ സമയം അളക്കും. ഉച്ചസമയത്തുള്ള നിഴൽ ഉയർന്ന പടികളിലും രാവിലെയും വൈകിട്ടും ഉള്ള നിഴലുകൾ താണപടികളിലും പതിക്കും. ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇരുപതോ അതിൽ അധികമോ പടികളുണ്ടായിരിക്കണം. അവ ഓരോന്നും അരമണിക്കൂർ എന്ന ക്രമത്തിൽ സമയം സൂചിപ്പിക്കും. സൂര്യൻ തിരിഞ്ഞുപോന്നു എന്നതു ആകാശത്തിലെ സൂര്യൻ മടങ്ങിവന്നു എന്നല്ല, ഘടികാരത്തിലെ സൂര്യൻ തിരിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്.

One thought on “ഘടികാരം”

Leave a Reply

Your email address will not be published. Required fields are marked *