കഷ്ടത

കഷ്ടത (Suffering)

വേദനയും കഷ്ടതയും എല്ലാകാലത്തും ചിന്തകന്മാരെ കുഴക്കുന്ന ഒരു പ്രശ്നമാണ്. എപ്പിക്കൂറസിന്റെ ധർമ്മ സങ്കടം ഇതു വ്യക്തമാക്കുന്നു; “ദോഷം തടയുവാൻ ദൈവിത്തിന് ആഗ്രഹമുണ്ട് എന്നാൽ കഴിയുന്നില്ലെങ്കിൽ ദൈവം അശക്തനാണ്; കഴിയും എന്നാൽ ചെയ്യുകയില്ലെങ്കിൽ ദൈവം ദോഷകാംക്ഷിയാണ്. ദൈവത്തിന് കഴിവും ഇച്ഛയും ഉണ്ടെങ്കിൽ ഈ ദോഷം എവിടെ നിന്ന്?” കഷ്ടതയ്ക്കു കാരണം തിന്മയാണ്. ശാരീരികവും മാനസികവുമായ കഷ്ടതകളെ പഴയനിയമത്തിൽ വിവേചിച്ചിട്ടില്ല. മനുഷ്യനെക്കുറിച്ചുള്ള സാകല്യദർശനമാണ് അതിനു കാരണം. ശാരീരിക വേദനയ്ക്കും മാനസിക വ്യഥയ്ക്കും പിന്നിലുള്ളത് ഒരേ കാരണമാകാം. പാപത്തിന്റെ മേലുള്ള ദൈവത്തിന്റെ ശിക്ഷാവിധിയായി യിസ്രായേല്യർ കഷ്ടതയെ കണ്ടു. ദുഷ്ടൻ ദീർഘകാലം ഐശ്വര്യം അനുഭ വിച്ചാലും (ഇയ്യോ, 21:28-33) ദൈവത്തിന്റെ നീതിയുള്ള ന്യായവിധി അവനെ പിടിക്കുമെന്നുള്ളതു തീർച്ചയാണ്. (സങ്കീ, 7:15, 16; 37:1-3; 52:1, 5; 73:12-20; 92:7). കഷ്ടത ദൈവക്രോധം നിമിത്തമാണ്. (സങ്കീ, 38:3; 42:5, 9). നീതിമാൻ കഷ്ടപ്പെടുന്നതിന് വ്യത്യസ്ത ഉത്തരങ്ങളാണ് തിരുവെഴത്തിലുള്ളത്. അഗ്രാഹ്യവും, ദുർജ്ഞേയവുമായ ദൈവിക ജ്ഞാനത്തിൽ ഇയ്യോബ് ചാരുകയാണ്. (ഇയ്യോ, 42:2,3). ദൈവം ഒടുവിൽ ന്യായം നടത്തിക്കൊടുക്കും എന്ന വിശ്വാസത്തിൽ പലരും സംതൃപ്തിയടയുന്നു. (സങ്കീ, 22:19,20; 31:9,21; 34:6, 17, 19; 37:1-3; 43:1; 46:10). നീതിമാന്റെ ശത്രുക്കൾക്കും പീഡകന്മാർക്കും ദൈവം ശരിയായ ശിക്ഷ നല്കും. (സങ്കീ, 35:8-10; 37:1,2). കഷ്ടതയുടെ നേർക്കുള്ള മറ്റൊരു മനോഭാവം ദൈവികശിക്ഷണം അഥവാ ബാലശിക്ഷ എന്നതാണ്. ഭയങ്കരമായ പീഡകളും കഷ്ടതകളും അനുഭവിച്ചിട്ടും ജീവിതത്തെക്കുറിച്ചുള്ള ഒരു ദോഷാനുദർശനം യിസ്രായേല്യരുടെ ഇടയിൽ വളർന്നില്ല.

കഷ്ടതയുടെ കാരണവും ഉത്പത്തിയും വ്യക്തമാക്കുവാൻ ക്രിസ്തു ശ്രമിച്ചില്ല. കഷ്ടതയിൽ വിജയം പ്രാപിക്കുവാനുള്ള മാർഗ്ഗമാണ് ക്രിസ്തു ചൂണ്ടിക്കാണിച്ചത്. ദൈവഹിതത്തിന് പരിപൂർണ്ണമായി വിധേയപ്പെടുന്നതിലാണ് കഷ്ടതയുടെ മേലുള്ള വിജയം. നൈതികമായ തിന്മയിൽ നിന്നും വേദനയുടെ പ്രശ്നം വേർപെടുത്തുവാൻ സാദ്ധ്യമല്ല. ലോകത്തു സംഭവിക്കുന്ന ഭൗതികമായ ദോഷങ്ങൾ അമ്പരപ്പിക്കുന്നതാണ്. പാപം എന്ന അടിസ്ഥാന പ്രശ്നത്തിൽ നിന്നാണ് അവയുടെ ഉത്പത്തി. മനുഷ്യൻ ദൈവവുമായി നിരപ്പു പ്രാപിച്ചു കഴിയുമ്പോൾ ഈ പ്രശ്നം ഇല്ലാതായിത്തീരും. ഒടുവിൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു എല്ലാം നന്മയ്ക്കായി കൂടി വ്യാപരിക്കുന്നുവെന്ന ദൈവിക നിർണ്ണയത്തിൽ നാം എത്തിച്ചേരും. (റോമ, 8:28). ക്രിസ്തുവിന്റെ കഷ്ടതയെക്കുറിച്ചുള്ള ശരിയായ ധാരണയും അതിനോടുള്ള താദാത്മ്യവുമാണു് കഷ്ടതയ്ക്കുള്ള മറുപടി. “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” (എബ്രാ, 12:2). ദൈവത്തോടു നിരപ്പു പ്രാപിക്കുമ്പോൾ ഒരു വ്യക്തി കഷ്ടം അനുഭവിച്ച് കർത്താവിനോടു ഏകീഭവിക്കുകയാണ്. (റോമ, 8:1-17).

സുഖവും ദുഃഖവും സന്തോഷവും സന്താപവും മനുഷ്യാനുഭവങ്ങളുടെ രണ്ടുഘടകങ്ങളാണ്. സന്തോഷം ദൈവികദാനമാണ്. കഷ്ടതയും ദു:ഖവും പാപത്തിന്റെ ഫലമാണ്. സ്ത്രീയോടു കല്പിച്ചത്: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏററവും വർദ്ധിപ്പിക്കും; “നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” (ഉല്പ, 3:16). വിരോധാഭാസമെന്നു പറയട്ടെ വർത്തമാന ജീവിതത്തിൽ വിശ്വാസിയുടെ സമ്മിശ്രാനുഭവമാണ് ദു:ഖവും സന്തോഷവും. (റോമ, 5:2,3; 9:2). സാധാരണ ദു:ഖങ്ങൾ വേർപാട്, മരണം (ഉല്പ, 42:38; ഫിലി, 2:27; 1തെസ്സ, 4:13), പീഡനം (എസ്ഥ, 9:22; സങ്കീ, 13:2), ജീവിതത്തിലെ കഷ്ടതകൾ (സങ്കീ, 116:3), പ്രിയപ്പെട്ടവരുടെ മത്സരം (റോമ, 9:2), ദൈവത്തിന്റെ ന്യായവിധി (വിലാ, 1:12; 2കൊരി, 2:7) എന്നിവയാണ്. മരണകാരണമായ ലോകത്തിന്റെ ദു:ഖത്തെയും മാനസാന്തരത്തിലേക്കു നയിക്കുന്ന ദൈവിക ദു:ഖത്തെയും പൌലൊസ് വിവേചിച്ചു പറയുന്നുണ്ട്. (2കൊരി, 7:10).

വിശ്വാസികളുടെ കഷ്ടതയെക്കുറിച്ച് തിരുവെഴുത്തുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “അവർ എന്നെ ഉപദവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും” (യോഹ, 15:20) എന്നും, “ലോകത്തിൽ നിങ്ങൾക്കു് കഷ്ടം ഉണ്ട്” എന്നും ക്രിസ്തു തെളിവായി പറഞ്ഞു. (യോഹ, 16:33). അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു (അപ്പൊ, 14:22) എന്നു പൌലൊസും ബർന്നബാസും വിശ്വാസികളെ പ്രബോധിപ്പിച്ചു. വിശ്വാസികൾ കഷ്ടം അനുഭവിപ്പാൻ നിയമിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അനുവേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.” (ഫിലി, 1:29). ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ട് കഷ്ടം അനുഭവിക്കേണ്ടി വരുന്നതു ഭാഗ്യമാണ്. (അപ്പൊ, 5:41; 1പത്രൊ, 4:14). നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുകയും (1പത്രൊ, 2:20), നീതി നിമിത്തം ഉപദ്രവിക്കപ്പെടുകയും (മത്താ, 5:10), ദൈവേഷ്ട്രപകാരം കഷ്ടം സഹിക്കുകയും (1പത്രൊ, 4:19) ചെയ്യുന്നതു നല്ലതാണ്. നൊടിനേരത്തേക്കുള്ള ഈ ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘനം നേടുവാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നു. (2കൊരി, 4:17). നീയും എന്നോടുകൂടെ കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തി ചെയ്ക (2തിമൊ, 1:8; 2:3; 4:5) എന്നാണ് പൌലൊസ് തിമൊഥയൊസിനെ ഉപദേശിക്കുന്നത്.

വിശ്വാസിയുടെ കഷ്ടതയ്ക്ക് മൂന്നുദ്ദേശ്യങ്ങളുണ്ട്. 1. അതാ ലോകത്തിന്റെ കഷ്ടതയെ പ്രതിഫലിപ്പിക്കുന്നു. (റോമ, 8:19-22). 2. ലോകസ്നേഹത്തിന്റെയും സ്വാർത്ഥതയുടെയും എല്ലാ മാലിന്യങ്ങളിൽ നിന്നും അത് വിശ്വാസത്തെ വിമലീകരിക്കുന്നു. (2തിമൊ, 1:8 12; റോമ, 5:3). 3. കഷ്ടത്തിൽ ദൈവം നല്കുന്ന ആശ്വാസം കഷ്ടത അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിന് വിശ്വാസിയെ ശക്തനാക്കുന്നു. (1കൊരി, 1:4-7). വിശ്വാസിക്കു കഷ്ടം പ്രശംസാ വിഷയമാണ്; കാരണം കഷ്ടത സഹിഷ്ണതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. (റോമ, 5:3). കഷ്ടം അനുഭവിക്കുന്നതിനു നമുക്കു മാതൃക ക്രിസ്തുവാണ്. “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1പത്രൊ, 2:21). പ്രവാചകന്മാർ ക്രിസ്തുവിനു വരേണ്ടിയിരുന്ന കഷ്ടങ്ങളെ മുൻകൂട്ടി വെളിപ്പെടുത്തി. (1പത്രൊ, 1:11). ക്രിസ്തു പരീക്ഷിതനായി കഷ്ടം അനുഭവിച്ചു (എബ്രാ, 2:18); താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. (എബാ, 5:8).

One thought on “കഷ്ടത”

Leave a Reply

Your email address will not be published. Required fields are marked *