ഉപദേശം

ഉപദേശം, ഉപദേഷ്ടാവ്

‘ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ’ (റോമ, 12:7), ‘മൂന്നാമതു ഉപദേഷ്ടാക്കന്മാർ’ (1കൊരി, 12:28), ‘നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു ഉപദേശം ഉണ്ട്’ (1കൊരി, 14:26), ‘ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു’ (എഫെ, 4:11) എന്നിങ്ങനെയാണ് കാണുന്നത്. സഭയിൽ സത്യോപദേശം പഠിപ്പിക്കാനുള്ള ദൈവദത്തമായ കൃപയാണ് ഉപദേഷ്ടാവ് അഥവാ, ഉപദേശവരം എന്നത്. പ്രബോധനം നൽകുന്നവർ എന്നർത്ഥമുള്ള ഡിഡസ്ക്കലൊസ് എന്ന ഗ്രീക്കു പദത്തെയാണ് ഉപദേഷ്ടാവെന്ന് തർജമ ചെയ്തിരിക്കുന്നത്. യഹൂദാ മതനിയമങ്ങൾ പഠിപ്പിക്കുന്നവരാണ് ലൂക്കൊസ് 2:46-ലും, റോമർ 2:20-ലും ഉപദേഷ്ടാക്കന്മാർ. യോഹന്നാൻ 3:2-ൽ ക്രിസ്തുവിനെയും, 3:10-ൽ നിക്കോദേമൊസിനെയും ഉപദേഷ്ടാവെന്നു വിളിച്ചിരിക്കുന്നു. സഭയിൽ ഉപദേശം പഠിപ്പിക്കുന്നവരും ഉപദേഷ്ടാക്കന്മാരാണ്. (പ്രവൃ,, 13:1; 1കൊരി, 12:28, 29; എഫെ, 4:11; 2തിമൊ, 1:11; എബ്രാ, 5:12; യാക്കൊ, 3:1). പത്ഥ്യാപദേശം പഠിപ്പിക്കാതെ ചെവിക്കു ഇമ്പമായ രീതിയിൽ സത്യം വളച്ചൊടിച്ചു പഠിപ്പിക്കുന്നവരെക്കുറിച്ചാണ് ഉപദേഷ്ടാക്കന്മാരെന്ന് 2തിമോഥെയൊസ് 4:3-ൽ പറഞ്ഞിരിക്കുന്നത്. പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലായി മൂന്ന് പ്രാവശ്യം മാത്രമേ ഉപദേഷ്ടാവ് എന്ന പദമുള്ളു. (സദൃ, 5:13; യെശ, 30:20).

“ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.” (കൊരി, 1 14:26). യേശുക്രിസ്തു ജനത്തെ ഉപദേശിച്ചതായി അസംഖ്യം സ്ഥാനങ്ങളിൽ പറഞ്ഞിട്ടുണ്ട്. (മത്താ, 4:23; 5:2; 7:29; 9:35; 13:53). യെഹൂദന്മാരുടെ ശാസ്ത്രിമാരെപ്പോലെയല്ല അധികാരത്തോടുകൂടിയാണു ക്രിസ്തു ഉപദേശിച്ചത്. (മത്താ, 7:29). യേശുക്രിസ്തു ശിഷ്യന്മാരെ വിളിച്ചാക്കിയത് ഉപദേശിപ്പാനും പ്രസംഗിപ്പാനുമായിരുന്നു. (മത്താ, 11:1). സ്വർഗ്ഗാരോഹണത്തിനു മുമ്പു അപ്പൊസ്തലന്മാർക്കു നല്കിയ മഹാനിയോഗത്തിൽ ജനത്തെ ഉപദേശിക്കുവാൻ ക്രിസ്തു കല്പിച്ചു. (മത്താ, 28:20). ഉപദേശത്തിലൂടെ സകലജാതികളെയും ശിഷ്യരാക്കുവാനാണ് കർത്താവ് ആവശ്യപ്പെട്ടത്. പഴയനിയമത്തിലെ പ്രധാന വാഗ്ദത്തങ്ങളിലൊന്നാണ് യഹോവയാൽ ഉപദേശിക്കപ്പെട്ടവർ ആകുക. (യെശ, 54:13). ഈ വാക്യം യോഹന്നാൻ 6:45-ൽ ക്രിസ്തു ഉദ്ധരിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായത്തോടുകൂടി സഭയെ പത്ഥ്യാപദേശത്തിൽ നടത്തേണ്ട ചുമതല ഉപദേഷ്ടാക്കന്മാർക്കാണ്. അദ്ധ്യക്ഷൻ ഉപദേശിക്കാൻ സമർത്ഥൻ ആയിരിക്കണം. (1തിമൊ, 3:2; 2തിമൊ, 2:2). കർത്താവിന്റെ ദാസൻ ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കണം. (2തിമൊ, 2:24). വരം ലഭിച്ച ഉപദേഷ്ടാക്കന്മാരിലൂടെ (എഫെ, 4:11) പരിശുദ്ധാത്മാവാണ് വിശ്വാസികൾക്കു സകലവും ഉപദേശിച്ചുതരുന്നത്. (1യോഹ, 2:27).

Leave a Reply

Your email address will not be published. Required fields are marked *